ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ മരണസംഖ്യ 70 കവിഞ്ഞതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി സംസ്ഥാനങ്ങളിലാണ് സാന്‍ഡി ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ന്യൂയോര്‍ക്ക് നഗരത്തില്‍ 24 പേരും ന്യൂജേഴ്സിയില്‍ എട്ടും, കണക്ടിക്കട്ടില്‍ നാല് പേരുമാണ് കൊല്ലപ്പെട്ടത്. 8.75 ദശലക്ഷം പേര്‍ക്ക് ഇപ്പോഴും വൈദ്യുതി ലഭിക്കുന്നില്ല. കുറഞ്ഞത് 4,000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് കണക്ക്. ന്യൂഹാംഷയറില്‍ മണിക്കൂറില്‍ 224 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിച്ചത്. മേരിലാന്‍ഡില്‍ 31.88 സെന്റീമീറ്റര്‍ മഴ പെയ്തു. ന്യൂയോര്‍ക്കില്‍ മാത്രം 7,000 മരങ്ങള്‍ നിലം പതിച്ചു. 29 ആശുപത്രികളില്‍ വൈദ്യുതി മുടങ്ങി. ഇതേത്തുടര്‍ന്ന് മിക്ക ആശുപത്രികളില്‍നിന്നും രോഗികള്‍ വീട്ടിലേക്ക് മടങ്ങി. അതേസമയം, നാശം വിതച്ച സാന്‍ഡി അമേരിക്കയുടെ കിഴക്കന്‍ തീരത്ത് നിന്ന് നീങ്ങിയതായി അധികൃതര്‍ അറിയിച്ചു. കാറ്റിന്റെ തീവ്രത കുറഞ്ഞതായും കാനഡയിലേക്ക് നീങ്ങുന്നതായും യുഎസ് ജിയോളജിക്കല്‍ വകുപ്പ് അറിയിച്ചു.
അതേസമയം, ചുഴലിക്കാറ്റുമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായം എത്തിക്കുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ അറിയിച്ചു. ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് എല്ലാ സഹായവും സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും ഒബാമ പറഞ്ഞു. ന്യൂജേഴ്സിയില്‍ എത്തിയ ഒബാമ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തി. ന്യൂജേഴ്സി ഗവര്‍ണര്‍ തലവന്‍ ക്രെയ്ഗ് ഫ്യൂഗേറ്റ് എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരേയും അദ്ദേഹം സന്ദര്‍ശിച്ചു.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോമ്മ്നി ഒരാഴ്ചമുന്പ് പ്രചാരണ പരിപാടികള്‍ നിര്‍ത്തിവെച്ചിരുന്നു. ചുഴലിക്കാറ്റില്‍ ബന്ധുക്കളെ നഷ്ടപ്പെട്ടവരെ റോമ്മ്നി സന്ദര്‍ശിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച വ്യോമ, റോഡ്, റെയില്‍ ഗതാഗതം ഇന്ന് ഭാഗീകമായി പുനഃസ്ഥാപിക്കുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കോംബോ പറഞ്ഞു. മെട്രോ നോര്‍ത്ത് റെയില്‍ റോഡ്, ലോംഗ് ഐലന്റ് റെയില്‍ റോഡ് എന്നിവയിലെ സര്‍വീസുകളാവും ഭാഗീകമായി പുനരാരംഭിക്കുക. നഗരത്തിലെ റോഡ് ഗതാഗതം സാധാരണ നിലയിലാകാന്‍ ഇനിയും സമയമെടുക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. നവംബര്‍ ആറിനാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: