വാഷിംഗ്ടണ്‍: ഒരാഴ്ചയ്ക്കകം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബരാക് ഒബാമ തന്നെ വീണ്ടും പ്രസിഡന്റാകുമെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും വിശ്വസിക്കുന്നതായി അഭിപ്രായ സര്‍വെ ഫലം. തന്റെ എതിരാളി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിയെ 34 നെതിരെ 54 ശതമാനം വോട്ടുകള്‍ക്ക് ബരാക് ഒബാമ പരാജയപ്പെടുത്തുമെന്നാണ് ഒക്ടോബര്‍ 27നും 28നുമായി നടന്ന സര്‍വെ ഫലം വ്യക്തമാക്കുന്നത്. ഇത് കഴിഞ്ഞ മെയ്, ആഗസ്ത് മാസങ്ങളില്‍ നടന്ന അഭിപ്രായ സര്വെകളോട് സാമ്യമുള്ളതാണെന്നും അമേരിക്കക്കാരുടെ കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടില്ലെന്നും സൂചിപ്പിക്കുന്നു.
ഈ അഭിപ്രായസര്‍വെ സാന്‍ഡി ചുഴലിക്കാറ്റടിക്കുന്നതിനു മുമ്പു നടത്തിയതാണ്. സാന്‍ഡി അമേരിക്കക്കാരുടെ വോട്ടിംഗ് നിരയില്‍ എന്തു മാറ്റം വരുത്തുമെന്ന് അറിയില്ലെന്നും സര്‍വെ നടത്തിയവര്‍ വിശദീകരിക്കുന്നു. നവംബര്‍ 6ന് ഒബാമ മുന്നിലെത്തുമെന്നാണ് ഭൂരിപക്ഷം അമേരിക്കക്കാരും പറയുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള മത്സരം കൂടുതല്‍ കടുത്തതായും വിജയിയെ പ്രവചിക്കുന്നതില്‍ കൂടുതല്‍ സംശയമുളവാക്കുന്നതായും ഇക്കുറി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദേശീയവോട്ടെടുപ്പ് കടുത്തതാകുക പതിവാണ്. എന്നാല്‍ അഭിപ്രായസര്‍വെ റോംനിക്ക് നേരിയസാധ്യത കല്‍പ്പിക്കുന്നുണ്ട്. സ്റ്റേറ്റ് തലത്തിലെ വോട്ടെടുപ്പില്‍ ഒബാമ ലേശം മുന്നിലാണെങ്കിലും പ്രധാനസ്ഥലങ്ങളിലെ മത്സരമായിരിക്കും ഇലക്ടറല്‍ കോളേജ് വിജയിയെ നിശ്ചയിക്കുക. പുതിയ ടേമിലേക്ക് ഭരണാനുകൂല തരംഗമുണ്ടാകുമെന്നാണ് കൂടുതലും അമേരിക്കക്കാര്‍ വിശ്വസിക്കുന്നത്. 2004ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി നടന്ന മൂന്നുഘട്ട വോട്ടെടുപ്പുകളിലും ജോര്‍ജ് ഡബ്ല്യു ബുഷിന് വിജയസാധ്യത കല്പ്പിക്കപ്പെട്ടിരുന്നു.
അവസാനറൗണ്ട് അഭിപ്രായ സര്‍വെകളില്‍ പോലും അദ്ദേഹത്തിന് 56 ശതമാനം പേരുടെ പിന്തുണ രേഖപ്പെടുത്തിയിരുന്നു. 1996ലാകട്ടെ ബില്‍ ക്ലിന്റന് അനുകൂലമായി 69 ശതമാനം പേര് രംഗത്തെത്തിയപ്പോള്‍ എതിരാളി റോബര്‍ട്ട് ഡോലയ്ക്ക് 24 ശതമാനത്തിന്റെ അംഗീകാരം മാത്രമാണ് കിട്ടിയത്.
ബുധനാഴ്ച വൈകിട്ടോടെ പ്രചാരണരംഗത്ത് ഒബാമയെ നേരിയ മാര്‍ജിനില്‍ പുറകിലാക്കിയിരുന്ന റോംനിക്ക് അവസാനവട്ട റൗണ്ടുകളില്‍ അത് നിലനിര്‍ത്താനായില്ല. ഇരുവരും 47.4 പോയിന്റുകള്‍ നേടി ഒപ്പത്തിനൊപ്പമാണിപ്പോള്. ക്യുനിപിയാക് സര്‍വകലാശാല, സിബിഎസ് ന്യൂസ്, ന്യൂയോര്‍ക്ക് ടൈംസ് എന്നിവരുടെ സംയുക്ത വോട്ടിംഗ് സര്‍വെയാണ് ഒബാമ അഞ്ചു പോയിന്റുകള്‍ക്ക് ലീഡ് ചെയ്യുന്നുവെന്ന ഫലം പുറത്തുവിട്ടത്. സ്റ്റേറ്റ് ഓഫ് ഓഹിയോവിലും ഫ്ലോറിഡ, വിര്‍ജീനിയ എന്നിവിടങ്ങളിലുമാണ് ഒബാമ മുന്നേറുകയെന്നും വ്യക്തമാക്കുന്നു. ഓഹിയോയില്‍ ഒബാമ 50ശതമാനം വോട്ടുകള്‍ നേടുമെന്നും റോംനി 45 ശതമാനത്തിലെത്തുമെന്നും ഒക്ടോബര്‍ 22ന് നടത്തിയ സര്‍വെയില്‍ വെളിപ്പെട്ടതായും അവര്‍ പറയുന്നു.
ഫ്ലോറിഡയില്‍ അദ്ദേഹത്തിന്റെ ലീഡ് സപ്തംബറിലുണ്ടായിരുന്നതിനെക്കാള് ഒമ്പതു പോയിന്റ് കുറഞ്ഞെങ്കിലും പുതിയ സര്‍വെയില്‍ റോംനിയുടെ 47നെക്കാള്‍ ഒരു പോയിന്റ് വര്‍ധിച്ച് 48ലെത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. വിര്ജീനിയയിലാകട്ടെ ഒക്ടോബറിലെക്കാള്‍ അഞ്ചു പോയിന്റ് പിന്നിലാണെങ്കിലും റോംനിയെക്കാള് രണ്ടു പോയിന്റ് മുന്നിലാണ്. ഇവിടെ റോംനിക്ക് 47ഉം ഒബാമയ്ക്ക് 49 ശതമാനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: