പ്രണബ് കുമാര്‍ മുഖര്‍ജി തിരുവനന്തപുരത്ത് വന്ന് പോയി. ഒരു ദിവസം തന്നെ അദ്ദേഹം അഞ്ച് പൊതു പരിപാടികളില്‍ സംബന്ധിച്ച് സംസാരിച്ചു. രാഷ്ട്രപതിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദര്‍ശനം ആയിരുന്നു ഇത്. അനേകം തവണ ഇതിന് മുമ്പ് പ്രണബ് മുഖര്‍ജി കേരളത്തില്‍ വന്നുപോയിട്ടുണ്ട്, കേന്ദ്രമന്തിയെന്ന നിലയില്‍. ആസൂത്രണ കമ്മീഷന് ഉപാദ്ധ്യക്ഷനായി തിരുവനന്തപുരത്ത് ഏതാനും ദിവസം ചെലവഴിച്ചപ്പോഴാണ് പ്രണബ്ദായുമായി അഭിമുഖ സംഭാഷണം നടത്താന്‍ എനിക്ക് അവസരമുണ്ടായത്. ശക്തമായ നിലപാടും വ്യക്തമായ കാഴ്ചപ്പാടും ഉള്ള വ്യക്തിയാണദ്ദേഹം എന്ന് എനിക്ക് അന്ന് അനുഭവപ്പെട്ടു. ആ അഭിമുഖത്തിനുശേഷമാണ് അദ്ദേഹത്തോട് എനിക്ക് ആദരവ് തോന്നിത്തുടങ്ങിയത്. അതുവരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇന്ദിരാഗാന്ധിയുടെ കാലത്ത് കടന്നുകൂടിയ പ്രച്ഛന്ന ഇടതുപക്ഷക്കാരില്‍ ഒരാള്‍ എന്നു മാത്രമേ ബംഗാളി ശൈലിയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന, അക്കാലത്ത് നിരന്തരം പൈപ്പ് വലിച്ചിരുന്ന, പൊക്കം കുറഞ്ഞ പ്രണബിനെ കുറിച്ച് എനിക്ക് തോന്നിയിരുന്നുള്ളൂ. ഇടതുപക്ഷാഭിമുഖ്യം പ്രകടിപ്പിക്കുമ്പോഴും, അന്നും ഇന്നും നവരാത്രി കാലത്ത് കുടുംബക്ഷേത്രത്തില്‍ ദുര്‍ഗ്ഗാദേവിയെ ഉപാസിക്കാനായി അദ്ദേഹം എല്ലാവര്‍ഷവും ബംഗാളിലെ സ്വന്തം ഗ്രാമത്തിലെത്തും. പൊക്കം കുറഞ്ഞ ആ വ്യക്തിയുടെ വ്യക്തിത്വത്തിന്റെ ഔന്നത്യം വളരെ വൈകിയാണ് എനിക്ക് ബോധ്യമായത്. അതുകൊണ്ട് തന്നെ അദ്ദേഹം രാഷ്ട്രപതി ആയപ്പോള്‍ ഞാന്‍ സന്തോഷിച്ചു. അതിലേറെ സന്തോഷം തോന്നിയത് മാധ്യമപ്രവര്‍ത്തനം ആരംഭിച്ച നാളുകളില്‍ എന്റെ വളരെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ആര്.വേണു രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയായി നിയോഗിക്കപ്പെട്ടപ്പോളാണ്.
ഇന്ത്യയുടെ പ്രസിഡന്റാവുന്നതിനൊക്കെ വളരെ മുമ്പേ പ്രധാനമന്ത്രിയാവേണ്ട വ്യക്തിയാണ് പ്രണബ് മുഖര്‍ജി. മന്മോഹന് സിംഗിനും നരസിംഹറാവുവിനും രാജീവ് ഗാന്ധിക്കും മുമ്പേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി പദവി അലങ്കരിക്കാന്‍ എന്തുകൊണ്ടും അര്‍ഹതയും യോഗ്യതയും പ്രണബിന് ആയിരുന്നു. പല തവണ കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തിനത് മനഃപൂര്‍വം നിഷേധിക്കുകയായിരുന്നു. കാരണം അദ്ദേഹത്തിന് കഴിവുണ്ടെന്നത് തന്നെ ആയിരുന്നു. എന്നുമാത്രമല്ല ഇന്ദിരാഗാന്ധിയുടെ മരണശേഷം പ്രധാനമന്ത്രി പദവി വഹിക്കാനുള്ള തന്റെ അര്ഹതയെപ്പററി അവരുടെ മകനോട് അറിയാതെ ഒന്ന് സൂചിപ്പിച്ചു പോയി എന്ന കാരണത്താല്‍ അനേകവര്‍ഷത്തേക്ക് അധികാരസ്ഥാനങ്ങളില്‍നിന്ന് പ്രണബിനെ മാറ്റി നിര്‍ത്തിയിരുന്നു. പണ്ട് ലോകബാങ്കില്‍ നിന്ന് തിരിച്ചെത്തിയ മന്മോഹന്സിംഗിന് ഇന്ത്യയില്‍ ഒരുദ്യോഗം നല്‍കിയത് അന്നും ധനമന്ത്രിയായിരുന്ന പ്രണബ്ദ ആയിരുന്നു- റിസര്‍വ് ബാങ്ക് ഗവര്‍ണറായി. പക്ഷെ പിന്നീട് മന്‍മോഹന്‍സിംഗിന്റെ കീഴില്‍ പ്രണബിന് വീണ്ടും ധനമന്ത്രിയാവേണ്ടി വന്നു. അതൊക്കെ വിധിവൈപരീത്യം. പ്രതിസന്ധികളില്‍ കോണ്‍ഗ്രസിനെ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിരോധിച്ചിരുന്ന പ്രണബിനെ എന്തുകൊണ്ട് രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചു എന്ന ചോദ്യത്തിന് പക്ഷെ ഇനിയും ഉത്തരം കണ്ടെത്തിയിട്ടില്ല.
കാര്യമാത്ര പ്രസക്തമായി സംസാരിക്കുക എന്നതാണ് പ്രണബിന്റെ മുഖമുദ്ര. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അതുകൊണ്ട് ഞാന്‍ പതിവായി ശ്രദ്ധിക്കാറുണ്ട്. രാഷ്ട്രപതിയായി കേരളത്തിലെത്തി നടത്തിയ പ്രസംഗങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായി എനിക്ക് തോന്നിയത് നിയസഭാംഗങ്ങളെ അഭിസംബോധന ചെയ്തതാണ്. ആ പ്രസംഗത്തില്‍ തന്നെ ഏറ്റവും പ്രസക്തമായി തോന്നിയത് “കേരള മാതൃകയുടെ രണ്ടാം പതിപ്പിന് സമയമായി” എന്ന അദ്ദേഹത്തിന്റെ ആഹ്വാനമാണ്.
കേരളത്തിന്റേയും കേരള നിയമസഭയുടേയും നേട്ടങ്ങള്‍ പരാമര്‍ശിക്കവേയാണ് രാഷ്ട്രപതി കേരളമാതൃകയുടെ രണ്ടാം പതിപ്പിന് സമയമായി എന്ന് പറഞ്ഞത്. ഒറ്റ വാചകത്തിലുള്ള, അതേയവസരത്തില്‍ അസന്നിഗ്ധമായ ഒരാഹ്വാനമോ അഭിപ്രായപ്രകടനമോ ആയിരുന്നു അത്. കേരള മാതൃകയെപ്പറ്റി മറ്റൊരു വാചകവും അദ്ദേഹം കൂട്ടിച്ചേര്‍ത്തില്ല. ലോകമാസകലം വാഴ്ത്തിയിരുന്ന കേരളത്തിന്റെ വികസന മാതൃകയെ കാലഹരണപ്പെട്ടതായി കേരളം എഴുതിത്തള്ളിയിരിക്കവെയാണ് കേരള മാതൃകയുടെ രണ്ടാം പതിപ്പിന്റെ അനിവാര്യതയെപ്പറ്റി രാഷ്ട്രപതി ഓര്‍മിപ്പിക്കുന്നത്. ആസൂത്രണ കമ്മീഷന് ഉപാദ്ധ്യക്ഷന്‍ എന്ന നിലയിലും ധനമന്ത്രി എന്ന നിലയിലുമൊക്കെ ഇന്ത്യയുടേയും ഇന്ത്യയിലെ സംസ്ഥാനങ്ങളുടേയും വികസന പ്രശ്നങ്ങളും പ്രതിസന്ധികളും നേരിട്ടനുഭവിച്ച ഒരു പരിണിതപ്രജ്ഞന്റെ പ്രഖ്യാപനമാണ് കേരളമാതൃകയുടെ രണ്ടാം പതിപ്പിന് സമയമായി എന്നത്. കേരള വികസന മാതൃകയ്ക്കെതിരെയുള്ള ‘കോറസി’ല്‍ അദ്ദേഹം പങ്കാളിയാവുന്നില്ലെന്നത് ഇവിടെ വ്യക്തം. ഒപ്പം കേരള മാതൃക പരിഷ്ക്കരിച്ച് മുന്നോട്ട് കൊണ്ടുപോവണമെന്ന അഭിപ്രായം അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ശക്തം. പക്ഷെ കേള്‍ക്കേണ്ടവര്‍ അത് കേള്‍ക്കേണ്ട രീതിയില്‍ കേട്ടോ, കേട്ടെങ്കില്‍ തന്നെ ഉള്‍ക്കൊണ്ടൊ എന്നതാണ് പ്രശ്നം.
സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞുപോയി എന്ന കാരണം പറഞ്ഞ്, കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ പുരോഗതി പ്രാപിച്ചില്ലെന്നതിനാല്, വികസിത രാഷ്ട്രങ്ങള്‍ വരെ അസൂയയോടെ വീക്ഷിച്ചിരുന്ന, സാമൂഹ്യക്ഷേമ രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ചിരുന്ന കേരളത്തിന്റെ വികസന മാതൃകയെ അറബിക്കടലിന്റെ അഗാധതയിലേക്ക് കേരളം വലിച്ചെറിഞ്ഞിട്ട് നാളേറെയായി. ആഗോളീകരണത്തിന്റെ ആവിര്‍ഭാവം കൂടി ആയപ്പോള്‍ കേരളത്തിന്റെ വികസനാനുഭവങ്ങളെ വാഴ്ത്തുന്നത് പഴഞ്ചനും പിന്തിരിപ്പനുമായി. ഒരുകാലത്ത് അവയെ പാടിപ്പുകഴ്ത്തിയിരുന്ന ‘പുരോഗമനവാദികള്‍’ പോലും കേരള മാതൃകയെപ്പറ്റി സംസാരിക്കാന്‍ മടിച്ചു. ആദ്യത്തെ കല്ല് കേരളമാതൃകയ്ക്കെതിരെ എറിഞ്ഞത് സാക്ഷാല്‍ ഇഎംഎസ് നമ്പൂതിരിപ്പാട് തന്നെ-അദ്ദേഹത്തിന്റെ പാര്‍ട്ടി സംഘടിപ്പിച്ച ആദ്യ കേരളപഠന കോണ്‍ഗ്രസിന് മുന്നോടിയായി. ഇഎംഎസ് രാഷ്ട്രീയം പറയാത്ത ഏക പത്രസമ്മേളനമായിരുന്നു അത്. കേരള പഠന കോണ്‍ഗ്രസിന്റെ പ്രധാന ‘അജണ്ട’ തന്നെ ഒരു ബദല്‍ വികസന മാതൃകയ്ക്ക് രൂപം നല്കുകയെന്നതായിരുന്നു. കേരള പഠന കോണ്‍ഗ്രസുകള്‍ പലത് കഴിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ സംഘടിപ്പിച്ച ‘ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് മീറ്റും’ ‘എമെര്‍ജിംഗ്’ കേരളയുമൊക്കെ ബദല്‍ മാതൃകയ്ക്കായുള്ള അന്വേഷണം തുടര്‍ന്നു. ഇനിയും ബദല്‍ മാതൃക കണ്ടെത്തിയില്ലെന്ന് മാത്രം. അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇരുട്ടത്ത് കറുത്ത പൂച്ചയെ തിരയുന്നത് പോലെ.
അതിനിടെ കേരള മാതൃകയില്‍ കൈവരിച്ച നേട്ടങ്ങളും കേരളത്തിന് കൈമോശം വന്നു. അനാരോഗ്യത്തിന്റെ ആസ്ഥാനമായി മാറി ആരോഗ്യപരിപാലനത്തില്‍ മുന്‍പന്തിയില്‍ നിന്ന നമ്മുടെ സംസ്ഥാനം. ഡെങ്കിപ്പനിയുടെ ഇന്ത്യന്‍ തലസ്ഥാനമാണത്രെ ഇന്ന് കേരള തലസ്ഥാനം. കോടതി അന്ത്യശാസനങ്ങള്‍ അനവധിയായിട്ടും മാലിന്യ കൂമ്പാരങ്ങള്‍ കുമിഞ്ഞു കൂടി നമ്മുടെ നഗരങ്ങള്‍ ചീഞ്ഞുനാറുന്നു. എന്തിനേറെ തിരുവനന്തപുരത്ത് രാജ്ഭവനില്‍ രാഷ്ട്രപതിക്ക് എത്തിച്ചുകൊടുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പോലും പഴകിയതും ചീഞ്ഞതും ഉണ്ടായിരുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നു. പനികള്‍ പലതും പടര്‍ന്നു പിടിക്കവേ പ്രതിരോധിക്കാനാവാതെ പകച്ചു നില്‍ക്കുകയാണ് കേരളം. വിവാദങ്ങള്‍ ഉയര്‍ത്തി വികസന പദ്ധതികള്‍ ഒന്നിന് പിറകേ ഒന്നായി അട്ടിമറിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമസഭാ സാമാജികരെ കേരളത്തിന്റെ നേട്ടങ്ങളെ കുറിച്ച് ഓര്മ്മപ്പെടുത്തുന്നതിനിടയില് ആദരണീയനായ രാഷ്ട്രപതി വികസനത്തിനായുള്ള കേരള മാതൃകയുടെ പുതുക്കിയ പതിപ്പിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടിയത്.
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: