ന്യൂദല്‍ഹി: ഒരു പതിറ്റാണ്ടായി ഗുജറാത്ത് ഭരിക്കുന്ന ആധുനിക ഇന്ത്യയുടെ ഉരുക്കുമനുഷ്യനാണ് മുഖ്യമന്ത്രി നരേന്ദ്രമോഡിയെന്ന് സിഎന്‍എന്‍-ഐബിഎന്‍ സര്‍വെ. ഇക്കുറിയും തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അദ്ദേഹം ഹാട്രിക് വിജയം നേടുമെന്നാണ് സിഎന്‍എന്‍-ഐബിഎന്‍ നടത്തിയ സര്‍വെയില്‍ വെളിപ്പെട്ടിരിക്കുന്നത്. സിഎന്എന്നു വേണ്ടി സര്‍വെ നടത്തിയത് സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസാണ്. ഗുജറാത്തിലെ 3,658 സമ്മതിദായകരെ നേരിട്ടു കണ്ട് നടത്തിയ സര്‍വെ അമ്പതുശതമാനത്തിലധികം പേര് ബിജെപിയെ ശക്തമായി അനുകൂലിക്കുമ്പോള്‍ കോണ്‍ഗ്രസിന് 36 ശതമാനത്തിന്റെ പിന്തുണ മാത്രമെ ഉള്ളൂവെന്നും വ്യക്തമാക്കുന്നു.
2007ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 182ല്‍ 117 സീറ്റുകളാണ് ബിജെപി നേടിയത്. വോട്ടിംഗ് ശതമാനമാകട്ടെ 49 ശതമാനവും. 2012ല്‍ ഇത് ഒരു ശതമാനം വര്‍ധിച്ച് അമ്പതിലെത്തുമെന്നാണ് സര്‍വെ റിപ്പോര്‍ട്ട്. അപ്പുറത്ത് കോണ്‍ഗ്രസിനാകട്ടെ 2007ലെ 36 ശതമാനമെന്നത് നേരിയ വര്‍ധനയുണ്ടായി 38ലെത്തുമത്രെ. കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി മൂന്നു ശതമാനം വോട്ട് നേടുമെന്നാണ് പറയുന്നത്. മറ്റു ചെറിയ പാര്‍ട്ടികള്‍ ചേര്‍ന്ന് ബാക്കി പതിനൊന്നു ശതമാനം വോട്ട് നേടും. അഞ്ചുവര്‍ഷം മുമ്പ് ഇവരുടെ നേട്ടം 13 ശതമാനമായിരുന്നെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു.
നരേന്ദ്രമോഡിക്ക് വെല്ലുവിളിയല്ലെന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്. ഭരണാനുകൂല തരംഗം അഞ്ചുവര്‍ഷം മുമ്പുള്ളതിനെക്കാള്‍ ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണെന്ന് സര്‍വെ അടിവരയിടുന്നു. മോഡിയുടെ വ്യക്തിപ്രഭാവവും ഇതിന് കൂടുതല്‍ കരുത്തു പകരുന്നുണ്ട്. ബിജെപി അനുകൂല നിലപാടു സ്വീകരിച്ച 52 ശതമാനം പേര് മോഡി വീണ്ടും മുഖ്യമന്ത്രിയാകണമെന്ന ഉറച്ച അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരെതിരാളിക്കു പോലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്ടക്ക ശതമാനം പിന്തുണ ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍വെ വെളിപ്പെടുത്തുന്നു.
കലാപാനന്തരം 2002ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 37 ശതമാനം പേര് മോഡിയെ മുഖ്യമന്ത്രിയാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇടയ്ക്ക് 2004ല്‍ ഇത് 31 ശതമാനമായി കുറഞ്ഞിരുന്നെങ്കിലും മോഡി തന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി നില വീണ്ടും ഭദ്രമാക്കി. 2012ലാകട്ടെ മോഡിക്ക് എതിരാളികളില്ലാത്ത അവസ്ഥയാണ്.
മോഡിയുടെ നേതൃത്വത്തില്‍ സംസ്ഥാനം കൈവരിച്ച അഭൂതപൂര്‍വമായ സാമ്പത്തികവളര്‍ച്ചയാണ് അദ്ദേഹത്തിന്റെ ജനപിന്തുണ വര്‍ധിക്കുന്നതിനു കാരണമായി സര്‍വെ ചൂണ്ടിക്കാട്ടുന്നത്. ഗുജറാത്തിന്റെ വികസനം ബിജെപിയിലൂടെയാണെന്ന് ഭൂരിപക്ഷം സമ്മതിദായകരും അംഗീകരിക്കുമ്പോള്‍ ബിജെപി-കോണ്‍ഗ്രസ് ഇതര വോട്ടര്‍മാര്‍ മോഡിയുടെഭരണം വികസനം ലാക്കാക്കിയുള്ളതാണെന്ന് പൂര്‍ണമായും വിശ്വസിക്കുന്നു. അതേസമയം വിലക്കയറ്റം പോലുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎ സര്‍ക്കാരിനെ നിശിതമായി കുറ്റപ്പെടുത്തുന്ന വോട്ടര്‍മാര്‍ മോഡിക്ക് ക്ലീന്‍ചിറ്റാണ് നല്‍കുന്നത്. അഴിമതിക്കാര്യത്തിലും യുപിഎ സര്‍ക്കാരിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന നിഷ്പക്ഷ വോട്ടര്‍മാര്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെക്കാള്‍ മികച്ച ഭരണമാണ് കാഴ്ചവയ്ക്കുന്നതെന്നും അഭിപ്രായപ്പെടുന്നു.
മോഡിയുടെ സംസാരശൈലി, പ്രചരണതന്ത്രങ്ങള്‍ എന്നിവയ്ക്ക് 43 ശതമാനം പേര് അനുകൂലമാണ്. 67 ശതമാനം പേരും വിശ്വസിക്കുന്നത് സംസ്ഥാനത്തിന്റെ അന്തസ്സും അഭിമാനവും മോഡിയിലൂടെ കൂടുതല്‍ ഉയരങ്ങളിലെത്തിയെന്നാണ്. മോഡിക്കെതിരെ 2002ലെ കലാപം എതിരാളികള്‍ എല്ലായ്പ്പോഴും ഉയര്‍ത്താറുണ്ടെങ്കിലും ഇതുവരെ നടന്ന ഒരു തെരഞ്ഞെടുപ്പിലും അത് ജനസ്വാധീനം കുറയ്ക്കാന്‍ പര്യാപ്തമായിട്ടില്ല. ഹിന്ദുക്കളിലെയും മുസ്ലീങ്ങളിലെയും ഭൂരിപക്ഷത്തിന് 2002ലെ കലാപം മറക്കാനാണിഷ്ടമെന്ന് സര്‍വെ വ്യക്തമാക്കുന്നു. 2002ലെ പോലെയുള്ള കലാപം ഇനി ഗുജറാത്തിലുണ്ടാകില്ലെന്ന് 55 ശതമാനം ജനങ്ങളും വിശ്വസിക്കുന്നു.
കോണ്‍ഗ്രസിനെക്കാള്‍ ഏറെ മുന്നിലാണ് ബിജെപി. കോണ്‍ഗ്രസിന് ചില മേഖലകളില്‍ പ്രതീക്ഷയുണ്ടെങ്കിലും കേശുഭായിയുടെ പാര്‍ട്ടി വിരലിലെണ്ണാവുന്ന സീറ്റുകളിലൊതുങ്ങുമെന്ന് സര്‍വെ വിലയിരുത്തുന്നു. ഗുജറാത്തിന്റെ ഉത്തരദക്ഷിണ പ്രദേശങ്ങളിലായി 88 സീറ്റുകള്‍ ബിജെപി തൂത്തുവാരുമെന്ന് വെളിപ്പെടുത്തുന്ന സര്‍വെ മധ്യഗുജറാത്തിലെ 40 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ചെറിയ പോരാട്ടമെങ്കിലും നടത്താന്‍ സാധിക്കുകയെന്നും വ്യക്തമാക്കുന്നു. ഗുജറാത്തില്‍ നിലനില്‍പ്പിനായി കോണ്‍ഗ്രസ് പോരാടുമ്പോള്‍ ബിജെപിയാകട്ടെ മോഡിയുടെ നേതൃത്വത്തില്‍ വമ്പിച്ച വിജയം ഉറപ്പിച്ചിരിക്കുകയാണെന്ന് സര്‍വെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: