മുംബൈ: തനിക്കെതിരായ അഴിമതി ആരോപണങ്ങളില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. തന്റെ യശസ്സ് തകര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ഗൂഢനീക്കമാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. ഇതില്‍ താന്‍ ഭയപ്പെടുന്നില്ലെന്നും ഗഡ്കരി പറഞ്ഞു.
മുംബൈയില്‍ പാര്‍ട്ടി അനുയായികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ താന്‍ തയ്യാറാണ്. ഇതേ സമീപനം കോണ്‍ഗ്രസ് റോബര്‍ട്ട് വധേരയുടെ കാര്യത്തിലും സ്വീകരിക്കണം. രാജ്യസഭാ എംപി അജയ് സാഞ്ചെതിയുമായി തനിക്ക് യാതൊരു കച്ചവട ബന്ധവുമില്ല. ശരത് പവാറുമായി ഒരു ബന്ധവുമില്ലെന്നും ഗഡ്കരി പറഞ്ഞു.
താന്‍ മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയായിരിക്കെ ചെയ്തുവെന്ന് പറഞ്ഞ അഴിമതി ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. താന്‍ തട്ടിയെടുത്തു എന്ന് പറയപ്പെടുന്ന ഭൂമി ഇപ്പോഴും മഹാരാഷ്ട്ര സര്‍ക്കാരിന്റെ കൈവശമാണ് ഉള്ളത്. ആദര്‍ശ്, ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതാണെന്നും ഗഡ്കരി പറഞ്ഞു. തന്നെ അപകീര്‍ത്തിപ്പെടുത്തുവാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. മാധ്യമങ്ങളെ കൂട്ടുപിടിച്ച് കോണ്‍ഗ്രസും ഇത് തന്നെയാണ് ചെയ്യുന്നതെന്നും ഗഡ്കരി ആരോപിച്ചു. ബിജെപിക്കോ തനിക്കെതിരെയോ യാതൊന്നും അന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയിട്ടില്ല. ആദര്‍ശ് അഴിമതിയില്‍ തന്റെ പേര് വലിച്ചിഴക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ബിജെപി അധ്യക്ഷനായതുകൊണ്ടു മാത്രമാണ് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കുന്നത്. തെറ്റായ രീതിയില്‍ താന്‍ ഒന്നും ചെയ്യില്ലെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ ഉയര്‍ന്ന എല്ലാ അഴിമതി ആരോപണങ്ങളിലും അന്വേഷണം നേരിടാന്‍ താന്‍ തയ്യാറാണ്. വധേര ഇതിന് തയ്യാറാണോയെന്നും, തന്നെപ്പോലെ അന്വേഷണം നേരിടാന്‍ വധേര എന്തുകൊണ്ടാണ് തയ്യാറാകാത്തതെന്നും ഗഡ്കരി ചോദിച്ചു. റോബര്‍ട്ട് വധേരക്കെതിരായ അഴിമതി ആരോപണങ്ങള്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് അന്വേഷിക്കുന്നില്ലെന്നും അഴിമതി ആരോപണങ്ങളെ താന്‍ നിയമപരമായി നേരിടുമെന്നും ഗഡ്കരി പറഞ്ഞു. ഇന്നലെ മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഗഡ്കരിക്ക് വന്‍ വരവേല്‍പ്പാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയത്. വിവരാവകാശ പ്രവര്ത്തകന് അരവിന്ദ് കേജ്രിവാള് തനിക്കെതിരെ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. വിദര്‍ഭയിലെ കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും ഗഡ്കരി പാര്‍ട്ടി അനുയായികളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: