അഹമ്മദാബാദ്: നവംബര്‍ 13ന് ദീപാവലി ആഘോഷിക്കുന്ന ഗുജറാത്ത് ഡിസംബര്‍ 20ന് വീണ്ടും ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡി. സംസ്ഥാന തെരഞ്ഞെടുപ്പു ഫലം പുറത്തു വരുന്ന 20ന് അതാണ് സംഭവിക്കുകയെന്ന് മന്‍മോഹന്‍സിംഗ് സര്‍ക്കാരിനെതിരെ രൂക്ഷമായ ആക്രമണത്തിന്റെ രണ്ടാംഘട്ടം അഴിച്ചുവിട്ടു കൊണ്ട് മോഡി വ്യക്തമാക്കി.
ഗുജറാത്തിലെ ജനങ്ങള്‍ ഈ വര്‍ഷം രണ്ടു ദീപാവലി ആഘോഷിക്കും. ഒന്ന് നവംബറിലും അടുത്തത് തെരഞ്ഞെടുപ്പില്‍ ബിജെപി ഗംഭീരവിജയം കൊയ്യുന്ന ഡിസംബര്‍ 20നും. ഭാരതീയ ജനതാപാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ റാലിയില്‍ സംസാരിക്കുകയായിരുന്നു മോഡി. തന്നെക്കുറിച്ച് നുണകള്‍ മാത്രമാണ് ഗുജറാത്തിലെ പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് ആക്ഷേപിച്ച മോഡി കോണ്‍ഗ്രസ് പാര്‍ട്ടി കഠിനപ്രയത്നത്തിലൂടെ തങ്ങള്‍ സമ്പാദിച്ച പണം നഷ്ടപ്പെടുത്തുകയാണെന്നും ആരോപിച്ചു. എന്നാലിതൊന്നും ഏശുകയില്ലെന്നും തെരഞ്ഞെടുപ്പു കഴിഞ്ഞ് അഞ്ചുവര്‍ഷം പൂര്‍ത്തിയായിട്ടും ഗുജറാത്തിലെ ജനങ്ങള്‍ ബിജെപിയെ അതിയായി സ്നേഹിക്കുന്നതായും മോഡി ചൂണ്ടിക്കാട്ടി.
അധികാരത്തില്‍ എട്ടുവര്‍ഷം പൂര്‍ത്തിയാക്കിയ മന്മോഹന്സിംഗിന് ജനങ്ങളെ നേര്‍ക്കുനേര്‍ അഭിമുഖീകരിക്കാനുള്ള ധൈര്യമില്ലെന്ന് മോഡി ആക്ഷേപമുന്നയിച്ചു. ബിജെപിയുടെ യുവജനവിഭാഗത്തോട് ഗുജറാത്തിലെ ഗ്രാമങ്ങളിലേക്ക് വ്യാപിക്കാനും പാര്‍ട്ടി അവരോടൊപ്പമാണെന്ന ഉറപ്പുനല്‍കാനും മോഡി ആഹ്വാനം ചെയ്തു.
ഗ്രാമങ്ങളുടെ വികസനം തങ്ങളുടെ കര്‍ത്തവ്യമാണെന്നും അതാണ് തന്റെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഗുജറാത്തിലെ ഗ്രാമീണരോട് വിശദീകരിക്കാനും മോഡി ആവശ്യപ്പെട്ടു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അത് പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ആ പ്രക്രിയ തുടരുമെന്നും മോഡി ഉറപ്പു നല്കി. ഡിസംബര്‍ 13നും 17നുമാണ് ഗുജറാത്തില്‍ വോട്ടെടുപ്പു നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 20നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: