കൊളംബോ: രാജ്യത്തെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ ശ്രീലങ്കന്‍ പാര്‍ലമെന്റ് ഒരുങ്ങുന്നു. ഭരണകൂടവും നീതിന്യായ വ്യവസ്ഥയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് ചീഫ് ജസ്റ്റിസ് ഷിരാനി ബന്ദാരനായകയെ ഇംപീച്ച് ചെയ്യുന്ന തീരുമാനത്തിലെത്തിച്ചത്. ഇംപീച്ച് ചെയ്യണമെന്ന ആവശ്യം ഇന്ന് പാര്‍ലമെന്റ് സ്പീക്കര്‍ക്ക് കൈമാറുമെന്ന് സിംഹള ദിനപത്രമായ ‘ലങ്കദീപ’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭരണകക്ഷിയുടെ യോഗത്തിലാണ് ഇംപീച്ച്മെന്റ് തീരുമാനം എടുത്തത്.
പ്രധാനപ്പെട്ട സാമ്പത്തിക ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നതിനെതിരെ സുപ്രീംകോടതി നടത്തിയ റൂളിങ് ആണ് ഷിരാനി ബന്ദാരനായകക്കെതിരെ നടപടിയെടുക്കാന്‍ ശ്രീലങ്കന്‍ ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. ബില്‍ ദേശീയ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് പ്രവിശ്യ കൗണ്‍സിലില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയെടുക്കണമെന്നായിരുന്നു റൂളിംഗ്. ഇക്കഴിഞ്ഞ സപ്തംബറില്‍ ഭരണകൂടം നീതിന്യായ വ്യവസ്ഥയില്‍ ഇടപെടുന്നതിനെതിരെ ജുഡീഷ്യല്‍ സര്‍വീസ് കമ്മീഷന് പരസ്യപ്രസ്താവനയും ഇറക്കിയിരുന്നു. സുപ്രീംകോടതിയില്‍ നിയമിക്കപ്പെടുന്ന ആദ്യ വനിതാ ജഡ്ജിയായിരുന്നു ഷിരാനി ബന്ദാരനായകെ. ഷിരാനിയുടെ ഭര്‍ത്താവ് പ്രദീപ് ഹരിയവാസത്തിനെതിരെ അഴിമതി വിരുദ്ധ കമ്മീഷന് കേസെടുത്തിരുന്നു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയതിനെതിരെയാണ് കഴിഞ്ഞയാഴ്ച കേസ് എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: