കൊച്ചി: കൊച്ചിയെ ലോകവിനോദ വ്യാപാരത്തിന്റെ കവാടമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഡിസംബറില്‍ രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്. രാജ്യാന്തര ചലച്ചിത്രോത്സവത്തെക്കുറിച്ച് ആലോചിക്കുന്നതിനായി എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയറ്ററില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി അധ്യക്ഷനായി എന്റര്ടെയ്ന്മെന്റ് സൊസൈറ്റിക്കു രൂപം നല്‍കും. ചലച്ചിത്രമേളയുടെ ഭാഗമായി വിദ്യാര്‍ഥി-യുവജനങ്ങള്‍ക്കായി വിവിധ പഠനക്യാമ്പുകളും സംഘടിപ്പിക്കും. സിനിമമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ മേളയ്ക്കു പിന്തുണ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
കൊച്ചി ചലച്ചിത്രമേളയില്‍ മത്സരവിഭാഗമുണ്ടാകില്ല. ക്ലാസിക് സിനിമകള്‍ക്കൊപ്പം രാജ്യാന്തര സിനിമയിലെ യുവതലമുറയുടെ സിനിമകളെ മലയാളത്തിനു പരിചയപ്പെടുത്തുകയാണ് പ്രധാനലക്ഷ്യം. രാജ്യത്തെ വിവിധ ഭാഷ ചിത്രങ്ങളെയും കേരളത്തിനു പരിചയപ്പെടുത്തും. ഇതോടൊപ്പം മലയാള സിനിമയുടെ വിപണി സാധ്യത ഉയര്‍ത്തുന്നതിനുളള നടപടിയും ഉണ്ടാകുമെന്ന് കളക്ടര്‍ വ്യക്തമാക്കി.
യോഗത്തില്‍ കൊച്ചിയിലെ വിവിധ സംസ്ഥാന സമൂഹങ്ങളുടെ പ്രതിനിധികള്‍ ആവേശത്തോടെയാണ് പ്രതികരിച്ചത്. തമിഴ്, രാജസ്ഥാന്, ഗുജറാത്ത്, ബംഗാളി സിനിമകളെ കൊച്ചിയിലെത്തിക്കാന്‍ അവര്‍ തങ്ങളുടെ നാടുമായുളള ബന്ധം വിനിയോഗിക്കുമെന്നും വ്യക്തമാക്കി. ഹൈക്കോടതി അഭിഭാഷകരുടെ കലാസംഘടനകളായ ലീഫ്, ലാര്‍ക്ക് എന്നിവയും സഹകരണമറിയിച്ചു. വിപുലമായ സ്വാഗതസംഘം താമസിയാതെ വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ കളക്ടര്‍ ഷെയ്ക്ക് പരീത് അറിയിച്ചു.
ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേറ്റര്‍ രവീന്ദ്രന്, കേരള ഫിലിം ചേമ്പര്‍ പ്രതിനിധി മുദ്രശശി, അസീസ്, കെ.ആര്.വിശ്വംഭരന്, അഡ്വ.തമ്പി, ആര്.കെ.ദാമോദരന്‍, അഡ്വ.സമീര്‍, മധു ഇറവങ്കര, ഫിലിം സൊസൈറ്റി പ്രതിനിധി, അഡ്വ.വി.ജയദീപ്, സി.ജി.രാജഗോപാല്‍, കെ.എസ്.പ്രസാദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, അഡ്വ.സാജന് മണ്ണാളി, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: