ന്യൂദല്‍ഹി: മുന്‍ ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രപതിയായി ചുമതലയേറ്റശേഷം യുപിഎ മന്ത്രിസഭയിലെ രണ്ടാമനാരെന്ന തര്‍ക്കങ്ങള്‍ക്ക് ഉത്തരമെന്നപോലെ കേന്ദ്രമന്ത്രിമാരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കി. കേന്ദ്രമന്ത്രിസഭയിലെ പുതിയ അഴിച്ചുപണിക്ക് ശേഷം പുറത്തിറക്കിയ പട്ടികയില്‍ എ.കെ ആന്റണിയാണ് രണ്ടാമന്. പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രപതിയായശേഷം നടന്ന കേന്ദ്രമന്ത്രിസഭാ സമ്മേളനങ്ങളില്‍ പ്രധാനമന്ത്രിയുടെ അടുത്ത സ്ഥാനം ആന്റണിക്കായിരുന്നു.
രണ്ടാം സ്ഥാനത്തിനായുള്ള എന്‍സിപി നേതാവും മന്ത്രിസഭയിലെ മുതിര്‍ന്ന അംഗവുമായ ശരത് പവാര്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ട്. നേരത്തെ ഈ വിഷയത്തില്‍ എന്‍സിപിയുടെ താത്പര്യം ശരത് പവാര്‍ പ്രധാനമന്ത്രിയെയും യുപിഎ ചെയര്‍പേഴ്സണ്‍ സോണിയാ ഗാന്ധിയെയും അറിയിച്ചിരുന്നു.
കേന്ദ്രമന്ത്രിസഭാ അംഗങ്ങളുടെ പുതിയ പട്ടികയിലൂടെ കോണ്‍ഗ്രസ് ഈ വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. പുതിയ പട്ടികയില്‍ ആന്റണിക്ക് ശേഷം മൂന്നാമനായാണ് കേന്ദ്ര കൃഷിവകുപ്പ് മന്ത്രിയായ പവാറിന്റെ സ്ഥാനം. ഇത് മന്ത്രിസഭയ്ക്കുള്ളില്‍ പുതിയ വിലപേശലുകള്ക്കിടയാക്കും എന്ന് കരുതുന്നു. അടുത്തിടെ ആന്റണിയുടെ അസാന്നിധ്യത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പവാര്‍ രണ്ടാമനായി ഇരുന്നതും രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചാവിഷയമായിരുന്നു.
പ്രണബ് മന്ത്രിസഭയിലുണ്ടായിരുന്നപ്പോള്‍ പ്രണബിനുശേഷം മൂന്നാമനായിരുന്നു പവാര്‍. ആന്റണിയും ചിദംബരവുമായിരുന്നു യഥാക്രമം അടുത്ത സ്ഥാനക്കാര്‍. ആന്റണിയുടെ സ്ഥാനത്തെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി തന്റെ ഇറാന് സന്ദര്‍ശനവേളയില്‍ മന്ത്രിസഭായോഗത്തില്‍ ആന്റണി അദ്ധ്യക്ഷത വഹിക്കുമെന്നും അറിയിച്ചു. പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആന്റണിയുടെകീഴില് പ്രധാന സഖ്യകക്ഷിയായ എന്‍സിപിയുടെ പ്രതികരണമാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. മന്ത്രിസഭയില്‍ എല്ലാവരും തുല്യരാണെന്നാണ് ആന്റണിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: