കൊച്ചിമെട്രോ റെയില്‍ എന്നത് ഒരു സ്വപ്നമായി അവശേഷിക്കില്ലെങ്കിലും അത് കഴിയുന്നത്ര നീട്ടാനും അതുവഴി കോടികള്‍ കമ്മീഷന് വകയില്‍ അടിച്ചെടുക്കാനും ഒരുമ്പെട്ടിറങ്ങിയവര്‍ക്ക് സന്തോഷമുണ്ടാകുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. വിവാദങ്ങളുടെ പടുകുഴിയില്‍ വീണുപോയ കൊച്ചി മെട്രോയെകൈപിടിച്ചുകയറ്റുന്നതിനു പകരം ഒരുചവിട്ടുകൂടി കൊടുക്കാനുള്ള ശ്രമങ്ങളാണ് എങ്ങും. അതിന്റെ ഏറ്റവും പുതിയ വിവരമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ദല്‍ഹി മെട്രോ പിന്വാങ്ങുകയാണെന്നത്. കൊച്ചി മെട്രോയെന്നത് കൊച്ചിക്കാരുടെ മാത്രം സ്വത്തല്ല, കേരളത്തിന്റെ മുഴുവന്‍ കരുത്തും പ്രതീക്ഷയുമാണ്.
അത്തരം പ്രതീക്ഷകളുടെ മുകുളത്തില്‍ തിളച്ചവെള്ളമൊഴിക്കാനുള്ള ശ്രമങ്ങളാണ് നാലുപാടും നടക്കുന്നത്. കൊച്ചിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ഡിഎംആര്‍സിക്ക് പരിമിതിയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതായത് ഡി.എം.ആര്‍സിയെ ഇക്കാര്യത്തില്‍ പച്ചതൊടീക്കില്ലെന്ന് ദൃഢപ്രതിജ്ഞയെടുത്തവര്‍ വിജയത്തോടടുക്കുന്നുവെന്ന്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നഗരവികസനവകുപ്പു മന്ത്രി കമല്നാഥുമായിനടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ചകാര്യങ്ങള്‍ പുറത്തുവന്നത്. ദല്ഹിമെട്രോറെയില് കോര്പറേഷന് ഇപ്പോള്‍ത്തന്നെ പിടിപ്പത് പണിയുണ്ടത്രേ. അങ്ങനെയുള്ളപ്പോള്‍ ഇത്തരമൊരു ബഹുകോടിചെലവുവരുന്ന കൊച്ചി മെട്രോ റെയില്‍ പദ്ധതി ഏറ്റെടുക്കാന്‍ വിഷമമാണെന്നാണ് കേന്ദ്രമന്ത്രിയുടെ നിലപാട്.
നേരത്തെ ടോംജോസ് എന്ന ഐ.എഎസ്സുകാരന് ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ അധികാരാവകാശങ്ങളെ ചോദ്യംചെയ്തുകൊണ്ട് കേന്ദ്രനഗരവികസന മന്ത്രാലയ സെക്രട്ടറിക്ക് കത്തയച്ചത് വിവാദമായിരുന്നു. ആസൂത്രിതമായ ഒരു നീക്കമായിരുന്നു അത്. ഇ. ശ്രീധരന്റെ ഉപദേശ- കൈകാര്യകര്‍തൃത്വത്തില്‍ നിന്ന് കൊച്ചി മെട്രോയെ വിമുക്തമാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. അത് ടോം ജോസ് ഒറ്റയ്ക്ക് ചെയ്തതാണെന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളല്ല മലയാളികള്‍. ശ്രീധരന് രംഗത്തുവന്നാല്‍ കോടികള്‍ വകമാറ്റാനും നേട്ടമുണ്ടാക്കാനും കഴിയില്ലെന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ഉപോല്‍പ്പന്നമാണത്. നേരെ ചൊവ്വേ ഈ ശക്തികള്‍ക്ക് രംഗത്തുവരാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വളഞ്ഞ വഴിസ്വീകരിക്കുകയായിരുന്നു. അത് വിജയം കാണുന്ന അന്തരീക്ഷമാണുള്ളത്.
പത്തുവര്‍ഷം മുമ്പെങ്കിലും നടപ്പായി മലയാളി ആഘോഷിക്കേണ്ടതായിരുന്നു കൊച്ചി മെട്രോ. അത്രമാത്രം ഗതാഗതം ദുഷ്കരവും രൂക്ഷവുമാണ് കൊച്ചിയില്‍. അങ്ങനെയുള്ളപ്പോള്‍ ഇതിനെക്കുറിച്ച് ചിന്തിക്കുകയും അത് വിവാദത്തില്‍ പെടുത്തികഴിയുന്നത്ര തടസ്സപ്പെടുത്തി നീട്ടിക്കൊണ്ടുപോവുകയാണ്. അങ്ങനെ വരുമ്പോള്‍ ചെലവ് റോക്കറ്റ് കണക്കെകുതിച്ചുയരുന്നു. അതിന് ബലിയാടാവുന്നതോ സാധാരണക്കാരും. ഒരു പ്രദേശത്തിന്റെ, അതു വഴി സംസ്ഥാനത്തിന്റെ, രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് നേരെ ബോംബെറിയുകയാണ് തല്പരകക്ഷികള്. അത്തരക്കാര്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല. നേട്ടമാണെങ്കില്‍ പറയുകയും വേണ്ട. ചെലവ് വര്‍ധിക്കുന്തോറും ഇത്തരം ഇരുട്ടിന്റെ ശക്തികള്‍ക്കും കൈമടക്ക് കൂടിക്കൊണ്ടിരിക്കും. ഇത് മനസ്സിലാക്കി ഇച്ഛാശക്തിയോടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നില്ല എന്നതാണ് ദു:ഖകരം.
കേന്ദ്രസര്‍ക്കാറിന്റെ മനസ്സു മാറ്റിച്ച് ഡിഎം ആര്സിയെക്കൊണ്ടുതന്നെ കൊച്ചി മെട്രോയുടെ പണി നടത്തിക്കലാണ് വേണ്ടത്. അതിന് ഉപയുക്തമാവുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സംയുക്തമായി നടത്തേണ്ടിവരും. രാഷ്ട്രീയതലത്തിലും ഉദ്യോഗസ്ഥതലത്തിലുമുള്ള നീക്കങ്ങള്‍ക്കൊപ്പം ജനകീയ മുന്നേറ്റം ഉണ്ടാവണം.ഡി.എം. ആര്.സിക്ക് ജോലിഭാരമുണ്ടെന്ന നിലപാടില്‍ അത്ര വലിയ കാര്യമൊന്നുമില്ല. ജയ്പൂര്‍ മെട്രോ ഉള്‍പ്പെടെയുള്ളവ ഇപ്പോള്‍ത്തന്നെ അവര്‍ നടത്തുന്നുണ്ട്. ഒരു പണി മുഴുവന്‍ തീര്‍ന്നശേഷമേ മറ്റൊരു പണി ഏറ്റെടുക്കുകയുള്ളൂ എന്നൊന്നുമില്ല. അല്ലെങ്കിലും എല്ലാപണിയും ഡിഎംആര്‍ സി യല്ല ചെയ്യുന്നത്. പണിയുടെ സാങ്കേതിക വശവും ഉപദേശവും നേതൃത്വവും മാത്രമേ അവരുടെപരിധിയില്പെടുന്നുള്ളൂ. ജോലിക്കാരെ കൊടുക്കുന്നതുള്‍പ്പെടെ അതാത് സംസ്ഥാന സര്‍ക്കാറുകളുടെ ചുമതലയാണ്. കുറച്ചു പേരെ മാത്രമെ പുറത്തുള്ള പണിക്ക് ഡിഎംആര്‍സി നിയമിക്കേണ്ടതുള്ളൂ.
ദല്‍ഹിയില്‍ ഒന്നും രണ്ടും മെട്രോഘട്ടങ്ങളുടെ പണിനടക്കുമ്പോഴാണ് ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ മെട്രോ പദ്ധതികളുടെ കണ്‍സള്‍ട്ടന്‍സിയായി ഡിഎംആര്‍സി പ്രവര്‍ത്തിച്ചത്. മാത്രമല്ല, കൊച്ചി മെട്രോയ്ക്കായി വിശദമായ പദ്ധതി റിപ്പോര്‍ട്ടും തയ്യാറാക്കി നല്കി. ഇതൊന്നും നിസ്സാരമായ പണിയല്ലെന്ന് ആര്‍ക്കും അറിയാം. കൊച്ചി മെട്രോയുടെ അനുബന്ധപ്രവര്‍ത്തനങ്ങളും തുടങ്ങി. അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നുണ്ട്. ഇതിലൊന്നും കണ്ടുവരാത്ത എന്ത് സാങ്കേതികബുദ്ധിമുട്ടാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമല്ല. പക്ഷേ, നിക്ഷിപ്ത താല്പര്യക്കാര്ക്ക് ബോധ്യമുണ്ട്. അതവര്വേണ്ട രീതിയില്‍തന്നെ വ്യക്തമാക്കിക്കൊടുത്തുകഴിഞ്ഞു. അതാണിപ്പോള്‍ കേന്ദ്രസര്ക്കാറിലൂടെ പുറത്തുവന്നിരിക്കുന്നത്.
ദൈവത്തിന്റെ സ്വന്തം നാടാണെന്ന ഭംഗിവാക്കിനപ്പുറം ഒട്ടേറെ ചെകുത്താന്മാരുടെ വിളയാട്ടപ്രദേശം കൂടിയാണ് നമ്മുടെ പ്രിയപ്പെട്ട കേരളം എന്നു വെളിപ്പെട്ടുപോകുന്ന സംഭവവികാസങ്ങള്‍ അനവധിയാണ്. അതില്‍ അവസാനത്തേതായി എഴുതിച്ചേര്‍ത്തിരിക്കുകയാണ് കൊച്ചി മെട്രോ റെയില്‍ നിര്‍മാണ തടസ്സം. ജനലക്ഷങ്ങള്‍ കൊച്ചി മെട്രോയ്ക്കായി ആവേശത്തോടെ രംഗത്തിറങ്ങുമ്പോള്‍ കൈവിരലിലെണ്ണാന്‍ പോലുമില്ലാത്തവര്‍ അതിനെതിരെ നില്ക്കുന്നു എന്നുമാത്രമല്ല എല്ലാ ശകുനിയന്‍ തന്ത്രങ്ങളും പയറ്റുന്നു. വാസ്തവത്തില്‍ ഇവര്‍ കേരളത്തിന്റെ മാത്രമല്ല, മൊത്തം രാജ്യത്തിന്റെ ശത്രുക്കളാണ്. ഓരോ നിര്‍മ്മാണ പ്രവര്‍ത്തനവും വിവാദക്കുരുക്കില്‍ പെടുത്തുകയും കഴിയാവുന്നത്ര നീട്ടിക്കൊണ്ടുപോവാന്‍ ഊരാക്കുടുക്കുണ്ടാക്കുകയും ചെയ്യുന്നു അവര്‍. ഇത്തരം ജനദ്രോഹികളെ പുകമറയ്ക്കുള്ളില്‍ നിന്ന് പുറത്തുകൊണ്ടുവരികയും അവരുടെ ചെയ്തികള്‍ വെളിപ്പെടുത്തുകയും ചെയ്യുകയെന്നതാവണം ദേശസ്നേഹമുള്ളവരുടെ കര്‍ത്തവ്യം. അതിന് ഗാന്ധിജിയന്‍ സമരമാര്‍ഗങ്ങള്‍ കരുത്താക്കി മുന്നേറണം.കൊച്ചി മെട്രോ ഉള്‍പ്പെടെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകുന്ന ഓരോ ദിവസത്തിനും നഷ്ടം വരുന്ന ലക്ഷങ്ങള്‍ അത്തരക്കാരില്‍ നിന്ന് വസൂല്‍ ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കണം. എങ്കില്‍ മാത്രമേ നാടുനന്നാവൂ. കോര്‍പറേറ്റ് തമ്പുരാക്കന്മാരുടെ വിടുപണിയെടുക്കുന്ന ഏതു ശക്തികളെയും വരച്ചവരയില്‍ നിര്‍ത്താന്‍ കെല്‍പ്പുള്ള മഹാശക്തിയായി പൊതുജനവികാരം ഉയരണം. അതിന് ത്യാഗത്തിന്റെ ഏതറ്റംവരെയും പോകാന്‍ സാധിക്കണം. എങ്കിലെ മെട്രോ റെയില്‍വെ യാഥാര്‍ത്ഥ്യമാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: