ലക്നൗ: സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ ഉത്തര്‍പ്രദേശിലെ ക്രമസമാധാനനില തകര്‍ക്കുകയാണെന്ന് മുഖ്യപ്രതിപക്ഷമായ ബിഎസ്പി നേതാവ് മായാവതി. ജനങ്ങള്‍ക്കിടയില്‍ ഭീതിയും അരക്ഷിതാവസ്ഥയും നിറയ്ക്കുകയാണ് സര്‍ക്കാരെന്നും അവര്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സാമുദായിക സംഘര്‍ഷങ്ങള്‍ ജീവനും സ്വത്തിനും ഭീഷണിയാകുന്നതിനൊപ്പം സൗഹാര്‍ദ്ദവും സാഹോദര്യവും നശിപ്പിക്കുകയാണെന്നും മായാവതി പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. ഇത് തികച്ചും നിര്‍ഭാഗ്യകരവും കടുത്ത ആശങ്കയ്ക്ക് ഇടവരുത്തുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ മാഫിയ സംഘങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. മഥുര, ഫെയ്സാബാദ് തുടങ്ങിയ പ്രദേശങ്ങള്‍ സംഘര്ഷസാധ്യതയുള്ളവയാണെന്ന് അറിഞ്ഞിട്ടും ശക്തമായ സുരക്ഷാസംവിധാനങ്ങളൊരുക്കുന്നതില് സര്‍ക്കാര്‍ ശ്രദ്ധിച്ചില്ല. സര്‍ക്കാരിന്റെ നിലപാട് സുരക്ഷാഉദ്യോഗസ്ഥരെയും അധികൃതരെയും നിഷ്ക്രിയരാക്കുന്നതാണെന്നും മായാവതി പറഞ്ഞു. തന്റെ ഭരണത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണവിധേയമാക്കി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്ന് മുന്‍മുഖ്യമന്ത്രി കൂടിയായ മായാവതി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: