തിരുവനന്തപുരം: വിവാദങ്ങള്‍ക്കും പോരായ്മകള്‍ക്കും നടുവില്‍ വിശ്വമലയാള സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കേരള സംസ്കാരത്തെ ലോകപൈതൃകനിരയില് പ്രതിഷ്ഠിക്കുന്നതിനും മലയാള ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി നേടിയെടുക്കുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ ചെലവില്‍ വിശ്വമലയാള മഹോത്സവം സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 10.30ന് തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിശ്വമലയാള മഹോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
സംസ്ഥാന സാംസ്കാരിക വകുപ്പും കേരള സാഹിത്യ അക്കാദമിയും സംയുക്തമായാണ് വിശ്വമലയാള മഹോത്സവം ഒരുക്കുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. തുടക്കത്തില്‍ തന്നെയുണ്ടായ പാളിച്ചകളും ആസൂത്രണപ്പിഴവും വിശ്വമലയാള സമ്മേളനത്തെ വിവാദച്ചുഴിയിലാക്കി. സാഹിത്യ അക്കാദമിയെന്ന വിശാലമായ സംവിധാനത്തെ നോക്കുകുത്തിയാക്കി ചിലര്‍ വിശ്വമലയാള സമ്മേളനത്തെ ‘ഹൈജാക്ക്’ ചെയ്തു എന്ന ആരോപണമാണ് പ്രധാനമായും ഉയര്‍ന്നത്.
സാഹിത്യ അക്കാദമിയുമായോ സാംസ്കാരിക വകുപ്പുമായോ പ്രത്യക്ഷമായി യാതൊരു ബന്ധവുമില്ലാത്തയാളെ പരിപാടിയുടെ ജനറല്‍ കണ്‍വീനറായി നിശ്ചയിച്ചതും വിവാദങ്ങള്‍ക്ക് കൂടുതല്‍ ബലം നല്കി. പരിപാടിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം വരെ ഉയര്‍ന്നിട്ടുണ്ട്. സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം തിരുവനന്തപുരം നഗരത്തില്‍ മലയാള സാഹിത്യ ഭാഷാപണ്ഡിതന്മാരുടെ പ്രതിമകള്‍ സ്ഥാപിച്ചതു നാണക്കേടാകുകയും ചെയ്തു. സി.വി.രാമന്‍പിള്ളയുടെ പ്രതിമയ്ക്ക് പകരം സി.വി.രാമന്റെ പ്രതിമ സ്ഥാപിച്ചതാണ് വിവാദമായത്. ചങ്ങമ്പുഴയുടെ പ്രതിമ വികലമാക്കി സ്ഥാപിച്ചും സംഘാടകര്‍ മലയാള ഭാഷയോട് അനാദരവു കാട്ടി. മലയാള ഭാഷയും സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഈവന്റ്മാനേജ്മെന്റുകാരെക്കൊണ്ട് പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചതാണ് വിനയായത്.
വിശ്വമലയാള സമ്മേളനത്തിനുവേണ്ടി സാഹിത്യഅക്കാദമി രൂപവത്കരിച്ച സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളും അക്കാദമി അംഗങ്ങളുമായ ചിലര്‍ അക്കാദമിക്കെതിരെ പരസ്യമായി രംഗത്തു വരികയും സ്റ്റിയറിംഗ് കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ സമ്മേളനം വിജയിപ്പിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന് പ്രസ്താവന നടത്തിയെങ്കിലും അത് ചെവിക്കൊള്ളാന്‍ അവര്‍ തയ്യാറായില്ല. സമ്മേളന നടത്തിപ്പിന് സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ഫണ്ട് വൈകിയതാണ് തയ്യാറെടുപ്പുകള്‍ വൈകാന്‍ കാരണമായതെന്നാണ് പെരുമ്പടവത്തിന്റെ വാദം.
ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണ്ണര്‍ എച്ച.് ആര് ഭരദ്വാജ് അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, ഷെല്‍ജ, മന്ത്രിമാരായ പി.കെ അബ്ദുറബ്ബ്, കെ.എം മാണി എന്നിവര്‍ ആശംസയര്‍പ്പിക്കും. സാംസ്കാരിക മന്ത്രി കെ.സി ജോസഫ് സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ശശിതരൂര്‍, സംസ്ഥാനമന്ത്രി വി.എസ് ശിവകുമാര്‍, മേയര്‍ കെ. ചന്ദ്രിക, എം.ടി വാസുദേവന്‍നായര്‍, ഒ.എന്‍.വി കുറുപ്പ്, കെ.മുരളീധരന് എംഎല്‍എ, പെരുമ്പടവം ശ്രീധരന് എന്നിവര്‍ പങ്കെടുക്കും.
വിദേശ എഴുത്തുകാരെയും ഇന്ത്യയിലെ മറ്റുഭാഷകളില്നിന്നുമുള്ള പ്രശസ്ത സാഹിത്യകാരന്മാരെയും ഉള്‍പ്പെടുത്തി ചര്‍ച്ചകളും സംവാദങ്ങളും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട.് മലയാള സാഹിത്യത്തിലെ മഹാപ്രതിഭകളെ ആചാര്യപൂജയിലൂടെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്. മലയാള ഭാഷക്ക് അമൂല്യസംഭാവനകള്‍ നല്കിയ എം.ടി.വാസുദേവന്‍നായര്‍, ഒ.എന്‍.വി. കുറുപ്പ്, അടൂര്‍ ഗോപാലകൃഷ്ണന്, ടി.പത്മനാഭന്, സുഗതകുമാരി, കാവാലം നാരായണപ്പണിക്കര്‍, ഡോ.പുതുശ്ശേരി രാമചന്ദ്രന് എന്നിവരരെയാണ് ആദരിക്കുന്നത്. ഒന്നിന് രാവിലെ 10 ന് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ ‘നാളത്തെ കേരളം: വികസന കാഴ്ചപ്പാട്’ എന്ന വിഷയത്തില്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംവദിക്കും.
കോയമ്പത്തൂരില്‍ ലോക തമിഴ് സമ്മേളനം സംഘടിപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍ കാട്ടിയ മാതൃക പിന്തുടര്ന്നാണ് ഇവിടെയും അതിനു തയ്യാറായത്. ലോക തമിഴ് സമ്മേളനം തമിഴ്ഭാഷാ സ്നേഹികളുടെ സമര്‍പ്പണ മനോഭാവത്തിന്റെയും ഭാഷാ പ്രേമത്തിന്റെയും ദൃഷ്ടാന്തമായിരുന്നു. പരിപാടികള്‍ നിരവധിയുണ്ടെങ്കിലും ലോക മലയാള സമ്മേളനത്തിന് ആ നിലവാരത്തിലേക്ക് ഉയരാനാവുമെന്ന് കരുതുന്നില്ല.
അതിനിടെ അന്തരിച്ച സാഹിത്യകാരനെ ഒരു സമ്മേളനത്തില്‍ മുഖ്യപ്രഭാഷകനാക്കിയതായി ആക്ഷേപമുണ്ട്. കഴിഞ്ഞ മെയ് മാസം മരിച്ചുപോയ ദളിത് പ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന സണ്ണി കവിക്കാടിന്റെ പേരാണ് ദളിത് സാഹിത്യസമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി സമ്മേളനപരിപാടിയുടെ നോട്ടീസില്‍ ചേര്‍ത്തിട്ടുള്ളത്. സമ്മേളനത്തില്‍ സംബന്ധിക്കുന്ന കവികളെയും സാഹിത്യകാരന്മാരെയും യാത്രാബത്ത നല്‍കുന്നതിനായി ഗ്രേഡ് തിരിച്ച് വിവേചനം കാട്ടിയതായും ആരോപണമുണ്ട്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: