വിശ്വമലയാള മഹോത്സവം ഇന്ന് തിരുവനന്തപുരത്ത് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ഉദ്ഘാടനം ചെയ്യുകയാണ്. മലയാളികളാകമാനം അഭിമാനത്തോടെയും ആഹ്ലാദത്തോടെയും സ്വീകരിക്കുകയും സഹകരിക്കുകയും ചെയ്യേണ്ടതായിരുന്ന ഈ മഹോത്സവത്തെ. നിര്‍ഭാഗ്യവശാല്‍ മഹോത്സവത്തിന്റെ മാഹാത്മ്യത്തെക്കാള് മുഴച്ചുനിന്നത് അതിനെക്കുറിച്ചുള്ള വിവാദങ്ങളാണ്. മൂന്ന് ദിവസത്തെ മലയാള മഹോത്സവം കേരള സാഹിത്യ അക്കാദമിയാണ് വിഭാവനം ചെയ്തത്. സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെയും സാഹയത്തോടെയുമാണ് മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെയാവാം രാഷ്ട്രീയ മഹോത്സവ നടത്തിപ്പിനായി രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റി, അക്കാദമി അംഗങ്ങളില്‍ ചിലര്‍ മഹോത്സവവുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. മഹോത്സവ നടത്തിപ്പിന്റെ മുഖ്യസംഘാടകര്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരാണെന്ന ആക്ഷേപവും ശക്തിപ്രാപിച്ചിട്ടുണ്ട്. മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് അക്കാദമിയുടെ മുഖ്യ സംഘാടകര്‍ തങ്ങളുടെ വര്‍ഗ്ഗീയ താല്പര്യങ്ങള് സംരക്ഷിക്കാന്‍ പ്രയത്നിക്കുകയാണെന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു. കൊട്ടിഘോഷിച്ച ഈ മഹോത്സവം മൂവര്‍സംഘ സമിതിയാണ് നിയന്ത്രിക്കുതെന്നാണ് ആരോപണം. പ്രസിഡന്റും സെക്രട്ടറിയും ജനറല്‍ കണ്‍വീനറുമാണ് കൂടിയാലോചനകള്‍ പോലുമില്ലാതെ കാര്യങ്ങള്‍ നീക്കുന്നതെന്നാണ് മുഖ്യ വിമര്‍ശനം. ജനറല്‍ കണ്‍വീനറെ നിശ്ചയിച്ചത് സാഹിത്യ അക്കാദമി വേണ്ടത്ര ആലോചന നടത്താതെയാണെന്നും ആരോപണമുണ്ട്.
ഭാഷയും സാഹിത്യവും എന്തെന്നറിയാത്തവരെ വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ് ഏല്‍പ്പിച്ചതാണ് പ്രശ്നത്തിന്റെ മുഖ്യ കാരണം. മണ്മറഞ്ഞ സാഹിത്യനായകരുടെ പ്രതിമകള്‍ തെറ്റായി സ്ഥാപിച്ചും വികൃതമാക്കിയും അപമാനിച്ചതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. മാര്‍ത്താണ്ഡവര്‍മയും ധര്‍മരാജായും എഴുതിയ സി വി രാമന്‍പിള്ളയ്ക്കുപകരം ഭൗതികശാസ്ത്രജ്ഞന്‍ സി വി രാമന്റെ പ്രതിമ ഭരണസിരാകേന്ദ്രത്തിന് മുമ്പില്‍ സ്ഥാപിച്ചത് വിവാദമായപ്പോള്‍ ഇരുട്ടിന്റെ മറവില്‍ മാറ്റിവയ്ക്കുകയാണുണ്ടായത്. ഇത് വെറും സാങ്കേതിക പിശകായി കണ്ട സാംസ്കാരികമന്ത്രിക്ക് ഖേദം പ്രകടിപ്പിക്കേണ്ടിവന്നു. നഗരത്തില്‍ പലഭാഗങ്ങളിലും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് വിശ്വമലയാള മഹോത്സവത്തിന്റെ പ്രചാരണാര്‍ഥം സ്ഥാപിച്ച പ്രതിമകളും വിവരണങ്ങളും ആക്ഷേപത്തിന് വഴിവച്ചു. ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് ശില്‍പ്പത്തില്‍ വൃദ്ധപരിവേഷം നല്കി സാംസ്കാരികവകുപ്പും സാഹിത്യ അക്കാദമിയും അപമാനിച്ചതും ചര്‍ച്ചാവിഷയമായി. പോരായ്മ ചൂണ്ടിക്കാട്ടിയിട്ടും വികലരൂപം എടുത്തുമാറ്റിയില്ല. ലോകം ശ്രദ്ധിക്കേണ്ട ഭാഷാസമ്മേളന നടത്തിപ്പിന് മന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളെ മാത്രം കുത്തിനിറച്ചാണ് സംഘാടക സമിതിയുണ്ടാക്കിയതെന്നാണ് വിമര്‍ശകരുടെ ആക്ഷേപം.
സാഹിത്യ അക്കാദമി അംഗങ്ങളെപ്പോലും സഹകരിപ്പിക്കാതെ വിശ്വമലയാള മഹോത്സവം നടത്തുന്നതിനെ മന്ത്രി ന്യായീകരിച്ചത് കടുത്ത പ്രതിഷേധമാണുണ്ടാക്കിയത്. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ബാലചന്ദ്രന് വടക്കേടത്ത് ഉള്‍പ്പെടെ അക്കാദമിയിലെ ഭൂരിപക്ഷം അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നത് നിസ്സാരമായി കാണാവുന്നതല്ല. സാഹിത്യ അക്കാദമിയുടെ അധ്യക്ഷന്‍ പേരെടുത്ത സാഹിത്യകാരന് പെരുമ്പടവം ശ്രീധരനായിട്ടും മികവുള്ള സംഘാടക സമിതിയെ കണ്ടെത്താന്‍ കഴിയാത്തത് പോരായ്മ തന്നെയാണ്. സാഹിത്യ അക്കാദമിയുടെ ഇക്കഴിഞ്ഞ ഏപ്രില്‍ 3ന് ചേര്‍ന്ന ആദ്യ ജനറല്‍ കൗണ്‍സില്‍ യോഗമാണ് വിശ്വമലയാള മഹോത്സവം സംബന്ധിച്ച് തീരുമാനമെടുത്തത്. ജൂണ്‍ 11ന് ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ പ്രസിഡന്റിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് ജനറല്‍ കണ്‍വീനറെ നിശ്ചയിച്ചതെന്നാണ് ഒരാരോപണം. അതിന് പിന്നില്‍ ചില നിഷിപ്ത താല്പര്യങ്ങള് വിമര്‍ശകര്‍ കാണുന്നുണ്ട്. ആരോപണമില്ലാതെ ജനറല്‍ കണ്‍വീനര്‍ പോലുള്ള സ്ഥാനം നിശ്ചിയിക്കേണ്ടിയിരുന്നതാണ്. അതുമുതല്‍ തുടങ്ങിയ പൊരുത്തക്കേടുകള്‍ വളര്‍ന്ന് വലുതായതാണ് നിലവിലുള്ള വിവാദങ്ങളെല്ലാം. സ്റ്റിയറിംഗ് കമ്മിറ്റിയിലെ അഭിപ്രായം പറയുന്നുവരെ ഒതുക്കുകയോ ഒഴിവാക്കുകയോ ചെയ്തശേഷം ചില തല്‍പ്പര കക്ഷികള്‍ കാര്യങ്ങളൊക്കെ തീരുമാനിക്കുന്ന സ്ഥിതിയിലെത്തി. ചരിത്രത്തില്‍ ഇടം നേടേണ്ടിയിരുന്ന സുപ്രധാനമായ ഈ മഹോത്സവം അക്കാദമിക് ജനറല്‍ കൗണ്‍സില്‍ പോലും ചര്‍ച്ച ചെയ്യാതെ പരിപാടികള്‍ ആസൂത്രണം ചെയ്തു എന്നുള്ളത് അവഗണിച്ച് തള്ളേണ്ടതല്ല. കുറെക്കൂടി സുതാര്യമായി കമ്മിറ്റി അംഗങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോയിരുന്നെങ്കില്‍ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു.
വിശ്വമലയാള മഹോത്സവത്തിന്റെ പ്രചരണ സംവിധാനങ്ങള്‍ തീര്‍ത്തും ദുര്‍ബലമായി എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഏതാണ്ട് മൂന്ന് കോടിയോളം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടും അത് വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ അത് നടത്തിപ്പുകാരുടെ പോരായ്മയാണെന്ന് തുറന്ന് പറയാന്‍ മടിക്കേണ്ടതില്ല. വലിയ തോതില്‍ സാമ്പത്തിക ക്രമക്കേടുകളും സ്വജനപക്ഷപാതവും മഹോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന വിമര്‍ശനങ്ങളാണ്. വൈകിയ വേളയിലെങ്കിലും പൊതു പണം യഥാവിധി ഉപയോഗപ്പെടുത്താനും അന്യാധീനപ്പെട്ടുപോകാതിരിക്കാനും ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിച്ചേ മതിയാകൂ. തെറ്റുപറ്റിയെങ്കില്‍ ആത്മ പരിശോധന നടത്താനും ആവശ്യമായ തിരുത്തല്‍ വരുത്താനും തയ്യാറാകേണ്ടതാണ്. അതല്ല ബോധപൂര്‍വ്വമാണ് വിമര്‍ശനവിധേയമായ കാര്യങ്ങള്‍ നടക്കുന്നതെങ്കില്‍ അതിന്റെ ഭവിഷ്യത്ത് ബന്ധപ്പെട്ടവര്‍ അനുഭവിക്കുക തന്നെ വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: