ന്യൂദല്‍ഹി: പെട്രോളിയം മന്ത്രിസ്ഥാനത്തു നിന്നു ജയ്പാല് റെഡ്ഡിയെ ശാസ്ത്ര സാങ്കേതിക വകുപ്പിലേക്കു മാറ്റിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അരവിന്ദ് കെജ് രിവാള്‍ ആവശ്യപ്പെട്ടു. അഴിമതിരഹിതമായി പ്രവര്‍ത്തിക്കുന്ന ജയ് പാല് റെഡ്ഡിയെ മാറ്റുകയാണു ചെയ്തത്. എന്നാല്‍ അഴിമതിക്കാരനായ സല്മാന് ഖുര്‍ഷിദിനു സ്ഥാനക്കയറ്റം നല്കി വിദേശകാര്യ മന്ത്രിയാക്കി. അഴിമതിക്കു വേണ്ടി പ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാരാണിതെന്നു പുതിയ നടപടികളിലൂടെ വ്യക്തമായെന്നും കെജ് രിവാള്‍ പറഞ്ഞു.
ജയ്പാല് റെഡ്ഡിയുടെ വകുപ്പു മാറ്റാന്‍ വ്യവസായികളില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായിരുന്നോ എന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. മുകേഷ് അംബാനിയുടെ റിലയന്‍സിന് വഴങ്ങതിരുന്നതിനാലാണ് ജയ്പാല് റെഡ്ഡിയെ പെട്രോളിയം വകുപ്പില്‍ നിന്നും ശാസ്ത്രസാങ്കേതിക വകുപ്പിലേക്ക് മാറ്റിയത്.
അതേസമയം തന്റെ വകുപ്പ് മാറ്റത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധിക്കാനാണ് ജയ്പാല് റെഡ്ഡിയുടെ തീരുമാനം. ജയ്പാല് റെഡ്ഡി ചുമതലയേറ്റ 2012 മുതല്‍ പ്രകൃതി വാതകത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ റിലയന്‍സ് സമ്മര്‍ദം ചെലുത്തുകയായിരുന്നു. ജയ്പാല് റെഡ്ഡി ഈ ആവശ്യം തള്ളിയതോടെ റിലയന്‍സ് പ്രകൃതി വാതക ഉത്പാദനം കുറയ്ക്കുകയായിരുന്നു. തുടര്‍ന്ന് രാജ്യത്തിനുണ്ടായ നഷ്ടത്തെക്കുറിച്ച് മന്ത്രാലയം അന്വേഷണം നടത്തുകയും ഓഡിറ്റ് റിപ്പോര്‍ട്ട് സി.എ.ജിയെ ഏല്‍പ്പിക്കുകയും ചെയ്തു. ഇത് റിലയന്‍സിനെ ചൊടിപ്പിച്ചിരുന്നു.
ഒന്നാം യു.പി.എ സര്‍ക്കാരില്‍ റിലയന്‍സിന് വഴങ്ങാതിരുന്ന മണിശങ്കര്‍ അയ്യര്‍ക്കും മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: