ഒട്ടാവ: കാനഡയുടെ പടിഞ്ഞാറന്‍ തീരത്ത് വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
പടിഞ്ഞാറന്‍ തീരത്തുള്ള ക്യൂന്‍ ഷാര്‍ലറ്റ് ദ്വീപുകളില്‍ റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ കനത്ത ഭൂകമ്പത്തിനു പിന്നാലെയാണ് തീവ്രത കൂടിയ തുടര്‍ചലനം അനുഭവപ്പെട്ടത്. ക്യൂന്‍ ഷാര്‍ലറ്റ് ദ്വീപിലെ വാന്‍കോവര്‍ മേഖലയില്‍ നിന്നു 8.2 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഞായറാഴ്ചയുണ്ടായ കനത്ത ഭൂകമ്പത്തേത്തുടര്‍ന്ന് ആയിരക്കണക്കിനു മൈലുകള്‍ അകലെയുള്ള ഹവായ് ദ്വീപസമൂഹത്തില്‍ ചെറിയതോതില്‍ സുനാമി ഉണ്ടായിരുന്നു. രണ്ടര അടിവരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടായി. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കനേഡിയന്‍ നഗരമായ പ്രിന്‍സ് റുപ്പര്ട്ടില്നിന്ന് 200 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി ഭൂനിരപ്പില്‍നിന്ന് 18 കിലോമീറ്റര്‍ ആഴത്തിലായിരുന്നു.
ആദ്യത്തെ ഭൂകമ്പത്തെത്തുടര്‍ന്ന് 5.8 തീവ്രതയുള്ള തുടര്‍ചലനവുമുണ്ടായി. തീരമേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും തീവ്രത കൂടിയ ഭൂകമ്പങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: