മരട്: സിപിഎം തൃപ്പൂണിത്തുറ ഏരിയാകമ്മറ്റിക്കു കീഴില്‍ വരുന്ന പനങ്ങാട് ലോക്കല്‍ കമ്മറ്റിയിലും ചേരിപ്പോര് രൂക്ഷമായി. ഭൂമിനികത്തലുമായി ബന്ധപ്പെട്ടും, സിഐടിയു മാടവന യൂണിറ്റ് പ്രസിഡണ്ടിനെതിരെ ഉയര്‍ന്നുവന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അക്ഷേപങ്ങളുമാണ് പനങ്ങാട് ലോക്കല്‍ കമ്മറ്റിയില്‍ പൊട്ടിത്തെറികള്‍ക്ക് വഴിവെച്ചിരിക്കുന്നത്. വിമത പക്ഷം പാര്‍ട്ടിയുടെ നിയന്ത്രണം കയ്യടക്കിയതോടെ ഔദ്യോഗിക വിഭാഗം പൂര്‍ണമായും തഴയപ്പെട്ട അവസ്ഥയിലാണെന്നാണ് ലഭ്യമാകുന്ന വിവരം.
റവന്യൂവകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ കേരളത്തില്‍ ഏറ്റവും അധികം തണ്ണീര്‍തടങ്ങളും, വയലുകളും അനധികൃതമായി നികത്തിയിരിക്കുന്നത് പനങ്ങാട് പ്രദേശം ഉള്‍പ്പെടുന്ന കുമ്പളം പഞ്ചായത്തിലാണ്. പുതിയ കോണ്‍ഗ്രസ് ഭരണസമിതി അധികാരത്തില്‍ വരുന്നതുവരെ കഴിഞ്ഞ 15 വര്‍ഷം തുടര്‍ച്ചയായി പഞ്ചായത്ത് ഭരിച്ചതും സിപിഎം ആയിരുന്നു. പാര്‍ട്ടിയുടെയും സിഐടിയു വിഭാഗത്തിന്റെയും പല ചുമതലക്കാരും അനധികൃത ഭൂമി നികത്തലിന്റെ കരാറുകാരായി പ്രവര്‍ത്തിച്ചുവന്നവരാണ്. പനങ്ങാട് കാമോത്ത് നടുത്തുരുത്തിഭാഗത്ത് തൊഴിലുറപ്പുകാരെ ഉപയോഗിച്ച് കണ്ടലുകള്‍ വെട്ടിമാറ്റി ഒരേക്കര്‍ ഭൂമി നികത്തുന്നതിനുപിന്നിലും സിപിഎമ്മിലെ ചിലരാണെന്നും പറയപ്പെടുന്നുണ്ട്. ഇതിനെല്ലാം പ്രതിഫലമായി ലഭിക്കുന്ന ലക്ഷങ്ങള്‍ പാര്ട്ടിക്കുനല്കാതെ പലരും സ്വന്തം കീശയിലാക്കുന്നതും വിഭാഗീയത പൊട്ടിപ്പുറപ്പെടാന്‍ കാരണമായിട്ടുണ്ട്.
ലോക്കല്‍ കമ്മറ്റി അംഗം സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കണമെന്ന് പാര്‍ട്ടിനിര്‍ദ്ദേശം പനങ്ങാട് ലോക്കല്‍ കമ്മറ്റി തെരഞ്ഞെടുപ്പില്‍ പാലിക്കപ്പെട്ടില്ല. എട്ടുപേര്‍ മത്സരത്തിനായി രംഗത്തുവന്നത് ചേരിപ്പോരിന്റെ വ്യക്തമായ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതിനുപുറമെ പ്രദേശത്തെ ആകെയുള്ള 11 ബ്രാഞ്ച് കമ്മറ്റികളില്‍ ഏഴെണ്ണത്തിന്റെ നിയന്ത്രണം വിമതവിഭാഗത്തിന്റെ കൈപ്പിടിയിലുമായി. 25 വര്‍ഷത്തോളം സിഐടിയു പനങ്ങാട് യൂണിറ്റ് പ്രസിഡന്റായിരുന്ന സി.എസ്.പീതാംബരന് സ്ഥാനം ഒഴിയേണ്ടിവന്നതും വിഭാഗീയതയുടെ ഭാഗമായാണ്. ലോക്കല്‍ കമ്മറ്റി മെമ്പര്‍ കെ.ജി.മനോഹരന് ഈസ്ഥാനത്തേക്ക് മത്സരിക്കാനായി രംഗത്തുവന്നിരുന്നു. എന്നാല്‍ വിമത വിഭാഗത്തിലെ കെ.ആര്.പ്രസാദ് ഒടുവില്‍ സിഐടിയുവിന്റേയും നിയന്ത്രണം കൈപ്പിടിയിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: