ന്യൂദല്‍ഹി: കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ദല്‍ഹി പോലീസ് മുന്‍നിരയിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പരാതികള്‍ ദല്‍ഹി പോലീസിന്റെ പേരിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശ് പോലീസാണ് രണ്ടാം സ്ഥാനത്ത്.
ഇന്ത്യയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ 61,765 കേസുകളാണ് കഴിഞ്ഞകൊല്ലം രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 22 ശതമാനം കേസുകള്‍ ദല്‍ഹി പോലീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയുമാണ്. 12,805 കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയാണ് കണക്കുകള്‍ പുറത്തുവിട്ടത്.
ഉത്തര്‍പ്രദേശ് പോലീസ് രണ്ടാം സ്ഥാനതതും മധ്യപ്രദേശത്ത് മൂന്നാംസ്ഥാനത്തുമാണ്. 11,971 കേസുകളാണ് ഉത്തര്‍പ്രദേശ് പോലീസിനെതിരെ രജിസ്റ്റര്‍ ചെയ്തത്. മധ്യപ്രദേശില്‍ 10,683 കേസുകളും കഴിഞ്ഞകൊല്ലം രജിസ്റ്റര്‍ ചെയ്തു. 61.765 പരാതികള്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും 47 കേസുകള്‍ മാത്രമേ ഇതുവരെ പരിഹരിച്ചിട്ടുള്ളൂ. കുറ്റക്കാരെന്ന് കണ്ടെത്തിയവരെ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രഭരണ പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും ഉള്‍പ്പെടെ 21,672 കേസുകള്‍ അന്വേഷിച്ചിട്ടുണ്ട്.
വകുപ്പ് തലത്തില്‍ 21,144 കേസുകളും അന്വേഷിച്ചുവരികയാണ്. മജിസ്ട്രേറ്റ് തലത്തില്‍ 282 കേസുകളും ജുഡീഷ്യല്‍ അന്വേഷണമെന്ന നിലയില്‍ 246 കേസുകളും ഇതുവരെ നടത്തിയിട്ടുണ്ട്. 35.1 ശതമാനം പരാതികളാണ് കഴിഞ്ഞകൊല്ലം അന്വേഷിച്ചത്. 2010 നെ അപേക്ഷിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതിയില്‍ 5.7 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2010ല്‍ 58,438 കേസുകളാണ് രാജ്യത്ത് മുഴുവന്‍ രജിസ്റ്റര്‍ ചെയ്തത്. 475 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസുകള്‍ കഴിഞ്ഞകൊല്ലംതന്നെ പിന്‍വലിച്ചിരുന്നു. 392ഓളം പോലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ 47 പേര്‍ക്കാണ് ശിക്ഷ വിധിച്ചത്.
21,144 കേസുകളിലായി 26,736 ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടിയുമെടുത്തിരുന്നു. 15,004 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചെറിയതോതില്‍ ശിക്ഷ നല്‍കിയിരുന്നു. 4,482 ഉദ്യോഗസ്ഥര്‍ക്ക് വലിയ ശിക്ഷകളും കഴിഞ്ഞവര്‍ഷം നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: