കൊച്ചി: കോണ്‍ഗ്രസിലെ കമ്മീഷന് ദാഹികളും മുസ്ലീംലീഗിലെ കച്ചവട താല്പര്യക്കാരും ചേര്‍ന്ന് നിര്‍ദ്ദിഷ്ട കൊച്ചി മെട്രോ പദ്ധതി അട്ടിമറിയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് ഓ.രാജഗോപാല്‍ ആരോപിച്ചു. മെട്രോ റയില്‍ അട്ടിമറി നീക്കത്തിനെതിരെയും, കരാര്‍ ഡിഎംആര്‍സിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മറ്റി വൈറ്റിലയില്‍ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര നഗരവികസന വകുപ്പുമന്ത്രിയും, സെക്രട്ടറിയും കേരളത്തിലെ ചില മന്ത്രിമാരു ഉദ്യോഗസ്ഥരും ഈ അട്ടിമറിയ്ക്കു പിന്നിലുണ്ട്. കരാര്‍ ഡിഎംആര്സിയ്ക്കു നല്‍കും എന്നു പറയുന്നതിനപ്പുറം തന്റെ പ്രസ്താവനയുടെ ആത്മാര്‍ത്ഥത തെളിയിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞില്ല. പ്രധാനമന്ത്രി തന്നെ ശിലാസ്ഥാപനം നടത്തിയ ഈ പദ്ധതിയുടെ നടത്തിപ്പിന് അനുകൂലമായ നിലപാടെടുക്കാത്ത കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നീക്കം ദുരൂഹമാണ്. ഇപ്പോഴത്തെ നഗര വികസന മന്ത്രിയെ കുറിച്ച് റാഡിയ ടേപ്പിലും മറ്റും വിശേഷിപ്പിച്ചത് മിസ്റ്റര്‍ ടെന്‍ പെര്‍സന്റ് എന്നാണ്. മെട്രോമാന് എന്നു വിശേഷിപ്പിക്കപ്പെടുന്ന സത്യസന്ധനായ ഇ.ശ്രീധരനെ ഒഴിവാക്കേണ്ടത് കമ്മീഷന് ലോബിയുടെ ആവശ്യമായി മാറിയിരിക്കുന്നു. മെട്രോറെയിലിനു വേണ്ടിയുള്ള സമരം ധര്‍മ്മ സമരമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.എം.ജോയി, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ് ശ്യാമള എസ്.പ്രഭു, ജില്ലാ നേതാക്കളായ എന്‍.പി.ശങ്കരന്‍കുട്ടി, എം.എന്‍.മധു, കെ.പി.രാജന്, എം.രവി, സരളാ പൗലോസ്, സജിനി രവികുമാര്‍, അഡ്വ.കെ.എസ്.ഷൈജു, സന്ധ്യ ജയപ്രകാശ്, കെ.കെ.തിലകന്, പി.ബി.സുജിത്, ഇ.എന്‍.വാസുദേവന്‍, അഡ്വ.പി.കൃഷ്ണദാസ്, ബാബു രാജ് തച്ചേത്ത്, പി.വി.അതികായന്, സി.ജി.രാജഗോപാല്‍, ഡോ.ജലജ ആചാര്യ, ഗിരിജ ബാബു, ചന്ദ്രിക രാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: