ചീഫ് വിപ്പിന്റെ ‘കൊലവെറി’യും പുതുതലമുറ സാമാജികരുടെ വെല്ലുവിളികളും രോദനങ്ങളും ഉയര്‍ത്തിയ പൊടിപടലങ്ങള്‍ കെട്ടടങ്ങിയിരിക്കുന്നു, താല്ക്കാലികമായിട്ടെങ്കിലും നമ്പര്‍ 10 ജനപഥിലെ യുവരാജാവിന്റെ കല്പ്പനയില് തട്ടി തണുത്തതാവാം ഹരിത രാഷ്ട്രീയത്തിന്റെ ചൂടന്‍ വെല്ലുവിളികള്‍! ‘കര്‍ഷക രാഷ്ട്രീയ’വും ഹരിത രാഷ്ട്രീയവും ഉയര്‍ത്തിവിട്ട പൊടിപടലത്തിന് പിന്നില്‍, കാണാമറയത്ത് മുഖ്യമന്ത്രി ഊഹിച്ചിരിച്ചിട്ടുണ്ടാവും.
അഞ്ചാം മന്ത്രി വിവാദം പ്രീണന രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങള്‍ സാമാന്യ ജനങ്ങള്‍ക്ക് മുന്നില്‍ മലര്‍ക്കെ തുറന്നിട്ടപ്പോള്‍, ഭൂരിപക്ഷ ജനതയുടെ ഉണര്‍ത്തുപാട്ടിനെ മറി കടക്കുവാന്‍ ടി.പി.ചന്ദ്രശേഖരന്റെ രക്തത്തെ എത്ര വിദഗ്ദ്ധമായാണ് ഭരണപക്ഷം ഉപയോഗപ്പെടുത്തിയത്! സാമാന്യ ജനതയെ ‘എക്സ്ക്ലുസിവുകള്’ക്ക് പിന്നാലെ നയിച്ച് ഏത് ആത്മഹത്യാ മുനമ്പിലേക്കും നയിക്കാം എന്നു നേതാക്കള്‍ക്ക് നന്നായറിയാം.
ജയകൃഷ്ണന് മാസ്റ്ററുടെ ദാരുണവധം നടന്നപ്പോഴും മാറാട് കൂട്ടക്കൊല നടന്നപ്പോഴും നമ്മുടെ ജനാധിപത്യ വാദികളുടെ മാനവികബോധം ഇതുപോലെ ഉണര്‍ന്നു കണ്ടില്ല. പുതുതലമുറ സാമാജികരുടെ ‘ഹരിതരാഷ്ട്രീയബോധ’ത്തിന് ദീര്ഘായുസുണ്ടായാല് നല്ലതു തന്നെ. പക്ഷെ യുവരാജാവിന് മുന്നില്‍ തണുത്തുറയുന്ന ഈ ‘ഹരിതരാഷ്ട്രീയം’ ഭരണത്തിന്റെ പിന്നാമ്പുറങ്ങള്‍ അടക്കി വാഴുന്ന ‘ഹരിത’ രാഷ്ട്രീയത്തിന്റെ കുത്തൊഴുക്കില്‍ കാല്ക്കീഴില് നിന്നൊലിച്ചു പോകുന്ന മണ്ണ് സംരക്ഷിക്കാന്‍ വേണ്ടി നടത്തുന്ന പച്ചപിടിപ്പിക്കല് മാത്രമല്ല എന്നുണ്ടോ? പ്രീണന രാഷ്ട്രീയത്തെ മറച്ചുപിടിക്കാനുള്ള പുകമറയാണിതെന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയുമോ?
തോട്ടഭൂമിയുടെ 5 ശതമാനം ടൂറിസത്തിനായി ഉപയോഗിക്കുവാനുള്ള ‘വിപ്ലവകരമായ’ തീരുമാനം കര്‍ഷകരെ സഹായിക്കാനാണെന്ന് പറയുമ്പോള്‍ അതേപടി വിഴുങ്ങാന്‍ കഴിയുമോ? ഭൂപരിഷ്ക്കരണ നിയമം പ്രാബല്യത്തില്‍ വന്ന കാലത്ത് തോട്ടഭൂമിയെ പ്രസ്തുത നിയമത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. തോട്ടഭൂമി വിഭജിക്കപ്പെട്ടാല്‍ കൃഷി നടക്കില്ല എന്നതായിരുന്നു ന്യായം. നെല്ല്-തെങ്ങ് മേഖലയ്ക്ക് ഈ പരിഗണന കിട്ടിയതുമില്ല. സംഘടിത സാമുദായിക ശക്തികള്‍ തന്നെയായിരുന്നു അന്നും തോട്ടഭൂമിയെ ഭൂപരിഷ്ക്കരണ നിയമത്തില്‍നിന്നും ഒഴിവാക്കിയതിനു പിന്നില്‍ എന്നതിലെ സത്യം? കേരള രാഷ്ട്രീയം അവരുടെ കാല്ക്കീഴില് അമര്‍ന്നിരിക്കുന്നു എന്ന തത്വം ആരും പറയാനിഷ്ടപ്പെടാത്ത സത്യം. തോട്ടം മേഖലയില്‍ കുടികിടപ്പുകാര്‍ക്ക് അവകാശം നിഷേധിക്കപ്പെട്ടു. ജന്മിമാര് ഭൂസ്വാമിമാരായി തുടരുകയും ചെയ്യുന്നു.
തോട്ടഭൂമിയുടെ നിശ്ചിത ശതമാനം റിസോര്‍ട്ടും മറ്റും നിര്‍മിക്കാനായി ഉപയോഗിക്കാം എന്നുവരുമ്പോള്‍ ഭൂപരിഷ്ക്കരണ നിയമത്തില്‍ നിന്നൊഴിവാകുവാന്‍ പറഞ്ഞ ന്യായം അപ്രസക്തമായി എന്ന് അംഗീകരിക്കേണ്ടി വരുന്നു. അങ്ങനെയെങ്കില്‍ തോട്ട മേഖലകളിലും ഭാഗികമായെങ്കിലും ഭൂപരിഷ്ക്കരണം നടപ്പിലാകേണ്ടതല്ലെ? ഒരു രണ്ടാം ഭൂപരിഷ്ക്കരണത്തിലൂടെ മിച്ചം വരുന്ന ഭൂമി ഭൂരഹിതര്‍ക്കും നല്‍കുകയും ചെയ്യാം. ശേഷം പോരേ റിസോര്‍ട്ട് നിര്‍മാണവും റിയല്‍ എസ്റ്റേറ്റ് കച്ചവടവും?
‘കര്‍ഷക-ഹരിത’ കോലാഹലങ്ങള്‍ക്കിടയില്‍ തോട്ടഭൂമി റിസോര്ട്ടാക്കാനും മലബാറിലെ സ്പെഷ്യല്‍ സ്കൂളുകള്‍ എയ്ഡഡ് സ്കൂളുകളാക്കി മാറ്റാനുമുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവം! പരീക്ഷാ ടൈംടേബിള്‍ പോലും പ്രീണനത്തിനുപാധിയാകുന്ന കാഴ്ച!! ഭരണരംഗം നിശ്ചലമാണെന്ന് പ്രതിപക്ഷം പറഞ്ഞാലും ചില മന്ത്രിമാര്‍ ‘ശരിക്കും’ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയാതെ വയ്യ.
നമ്മുടെ ‘ഹരിത രാഷ്ട്രീയക്കാര്‍’ ഇക്കാര്യങ്ങളൊന്നും അറിയുന്നില്ല എന്നുണ്ടൊ? അവരുടെ ശ്രമങ്ങള്‍ കാല്‍ക്കീഴിലെ മണ്ണൊലിച്ചു പോകാതിരിക്കാനുള്ള പുറംപൂച്ചുകള്‍ മാത്രമോ? ഇമേജ് സൃഷ്ടിക്കുവാനുള്ള തന്ത്രങ്ങളില്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് സ്ഥാനമില്ല എന്നുണ്ടോ?
തോട്ടം മേഖലയില്‍ കുടികിടപ്പവകാശം നിഷേധിക്കപ്പെട്ടവരില്‍ ആദിവാസി-പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ജനങ്ങളുമുണ്ട്. ആദിവാസി മുതല്‍ നമ്പൂതിരി വരെയുള്ള അവഗണിക്കപ്പെട്ടവരെ സംഘടിപ്പിക്കാനൊരുങ്ങുന്ന എസ്എന്‍ഡിപിക്കും എന്‍എസ്എസിനും ഈ മേഖലയിലെ ഭൂപരിഷ്ക്കരണത്തിനായി ശബ്ദമുയര്‍ത്താം. അതിന് കര്‍ഷക പുത്രന്റെ അനുവാദമൊന്നും ആവശ്യമില്ല. ഭൂപരിഷ്ക്കരണ നിയമത്തിന്റെ പേറ്റന്റ് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് തങ്ങള്‍ക്ക് സംഭവിച്ച പിഴവ് തിരുത്താനും ഭാഗികമായി മാത്രം നടപ്പിലാക്കപ്പെട്ട ഭൂപരിഷ്ക്കരണം പൂര്‍ണമായി നടപ്പിലാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഇതൊരവസരമാണ്. പക്ഷെ ഒരു പ്രശ്നമുണ്ട്. സംഘടിത സമുദായ ശക്തികളുടെ വോട്ട് ബാങ്കില്‍ കണ്ണുനട്ടിരിക്കുന്ന നമ്മുടെ മതേതര കക്ഷികള്‍ക്ക് അതിനാവുമോ? ഭൂരിപക്ഷത്തിനുവേണ്ടി വാദിക്കുന്ന ‘ദേശീയ പാര്‍ട്ടി’യും ഇതില്‍ നിന്നൊഴിഞ്ഞുനില്ക്കേണ്ട കാര്യമില്ല. തോട്ടം മേഖലയില്‍ ഒരു ഭൂസമരം ഉയരുമോ എന്ന് കാത്തിരുന്ന് കാണാം. “ആദ്യം കിടപ്പാടം…..പിന്നീടാവാം റിസോര്‍ട്ട്” എന്നാവേണ്ടതല്ലേ തോട്ടം മേഖലയുടെ സമര കാഹളം?
എന്‍.കൃഷ്ണപൈ
പ്രതികരിക്കാൻ ഇവിടെ എഴുതുക: