കൊച്ചി: ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിനായി തയാറാക്കിയ സീറോ ലാന്‍ഡ്ലെസ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് അപ്പീലിന് അവസരം നല്‍കണമെന്ന് ജില്ല വികസന സമിതി യോഗം. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ അര്‍ഹരായ പലരും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന പരാതി സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് ബി. രാമചന്ദ്രന് അറിയിച്ചു. സീറോ ലാന്‍ഡ്ലെസ് പദ്ധതിയില്‍ ജില്ലയില്‍ 34000 അര്‍ഹരായ അപേക്ഷകരാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) ഫോറം എല്ലാ എല്‍പിജി ഉപഭോക്താക്കളും പൂരിപ്പിച്ചു നല്‍കേണ്ടതില്ലെന്ന് ജില്ല കളക്ടര്‍ വ്യക്തമാക്കിയിട്ടും ഇക്കാര്യത്തില്‍ ചില ഗ്യാസ് ഏജന്‍സികള്‍ കടുംപിടുത്തം തുടരുകയാണെന്ന് ഐ.എം. അബ്ദുള്‍ റഹ്മാന് പറഞ്ഞു. സബ്സിഡി നിരക്കില്‍ ഒമ്പത് സിലിണ്ടര്‍ നല്‍കുമെന്ന തീരുമാനവും പ്രാവര്‍ത്തികമായിട്ടില്ല. ഇതിനകം ആറ് സിലിണ്ടറുകള്‍ ഉപയോഗിച്ചവര്‍ക്ക് സബ്സിഡി നിരക്കില്‍ സിലിണ്ടര്‍ നല്‍കില്ലെന്ന നിലപാടിലാണ് ഏജന്‍സികള്‍. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
താലൂക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും രൂപീകരിച്ചിട്ടുള്ള ഭക്ഷ്യോപദേശകസമിതികള് യോഗം ചേരുന്നില്ലെന്ന പരാതി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. തേവരയില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട റേഷന്‍ കടയുടെ ഉടമയ്ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന് നടപടികള്‍ തുടങ്ങിയതിനാലാണ് ലൈസന്‍സ് പുനഃസ്ഥാപിക്കാത്തതെന്നും ഡിഎസ്ഒ പറഞ്ഞു.
ഫുഡ് സപ്ലൈസ് കോര്‍പ്പറേഷന്റെ അങ്കമാലി ഗോഡൗണില്‍ നിന്നും സബ് ഏജന്റുമാര്‍ മുഖേന റേഷന്‍ കടകളിലെത്തുന്ന അരിയും ഗോതമ്പും ഗുണനിലവാരമില്ലാത്തതാകുന്നതിന് പിന്നിലെ ഗൂഢസംഘത്തെ കണ്ടെത്തണമെന്ന് എം.പി. ശിവദത്തന്‍ ആവശ്യപ്പെട്ടു. അങ്കമാലി ഗോഡൗണിലെത്തുന്ന നല്ല അരിയും ഗോതമ്പും കടകളിലേക്കുള്ള യാത്രക്കിടയില്‍ മാറ്റിമറിക്കപ്പെടുകയാണ്. റേഷന്‍ കടകളിലെത്തുന്ന അന്വേഷണ സംഘങ്ങള്‍ക്ക് മോശം അരിയും ഗോതമ്പും കണ്ടെത്താനാകാത്തതിനെ പറ്റിയും വിജിലന്‍സ് അന്വേഷണം നടത്തണം.
പുതിയകാവ് ഗവ. ആയുര്‍വേദ കോളേജില്‍ നിന്നുള്ള മലിനജലം പൊതുതോടിലേക്ക് ഒഴുക്കുന്നത് തടയണമെന്നും മാലിന്യം കോളേജ് വളപ്പിനുള്ളില്‍ തന്നെ സംസ്കരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ബാബു ജോസഫ് ആവശ്യപ്പെട്ടു. തോടിനിരുവശവുമുള്ളവരുടെ ജീവിതം മാലിന്യം മൂലം ദുസഹമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ റോഡിനായി വിട്ടുകിട്ടിയ സ്ഥലം തിരിച്ചുപിടിക്കാനുള്ള ചിലരുടെ ശ്രമം അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ലയ്ക്ക് അനുവദിച്ച പുതിയ ബസുകള്‍ എത്തിയിട്ടില്ലെന്ന് ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. ശബരിമല സീസണ് പ്രമാണിച്ച് പിന്‍വലിച്ച ബസുകള്‍ തിരികെ ലഭിച്ചിരുന്നു. ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും പുലര്‍ച്ചെയും രാത്രിയും സര്‍വീസ് നടത്തുന്നതിനുള്ള ഷെഡ്യൂള്‍ തയാറാക്കിയിട്ടുണ്ട്. രാവിലെ 4.50നും അഞ്ചിനും 5.15നും എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലേക്കാണ് സര്‍വീസ്. ബസ് സ്റ്റേഷനായി അനുവദിച്ച കെട്ടിടത്തില്‍ വൈദ്യുതിയും വെള്ളവും ലഭ്യമാകുന്ന മുറയ്ക്ക് സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാത്രി 9.15നു ശേഷം ചിറ്റൂര്‍, വടുതല ഭാഗത്തേക്ക് സ്വകാര്യ ബസുകള്‍ ട്രിപ്പ് മുടക്കുകയാണെന്ന് ലൂഡി ലൂയിസ് എംഎല്‍എ പറഞ്ഞു. ട്രിപ്പ് മുടക്കുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ ബി.ജെ. ആന്റണി അറിയിച്ചു.
അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് അക്ഷയ സംരംഭകരുടെ സംഘടന സമര്‍പ്പിച്ച നിവേദനത്തില്‍ നടപടി ശുപാര്‍ശ ചെയ്യാന്‍ ജില്ല കോ ഓര്‍ഡിനേറ്ററെ വികസനസമിതി ചുമതലപ്പെടുത്തി. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം സംഘടനകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങളെ ഏല്‍പ്പിച്ചത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് എം.പി. ശിവദത്തന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പറഞ്ഞു.
തൃക്കാക്കര, കൊച്ചി നഗരസഭ പ്രദേശങ്ങളില്‍ ദുര്‍ഗന്ധം പരക്കാന്‍ കാരണം ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ ചവര്‍ ഇളക്കുന്നതാണെന്ന് കണ്ടെത്തിയതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. വൈകുന്നേരം ചവര്‍ ഇളക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ കൊച്ചി മേയര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളമശ്ശേരി വ്യവസായ മേഖലയില്‍ പുക പടര്‍ന്നതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. ജില്ലയില്‍ നിന്നുള്ള 36 നെല്‍വയല്‍ ഡാറ്റബാങ്കുകളുടെ കരട് ഗസറ്റില്‍ പ്രസിദ്ധീകരിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. മൂന്ന് ഡാറ്റബാങ്കുകളുടെ കരട് കൂടി തയാറാക്കാനുണ്ട്. നിരവധി പരാതികളുള്ളതിനാല്‍ അന്തിമ ഡാറ്റബാങ്ക് തയാറാക്കുന്നത് വൈകുകയാണെന്നും കൃഷി ഓഫീസര്‍ അറിയിച്ചു. ജില്ലാ വികസന സമിതി പാസാക്കുന്ന പ്രമേയങ്ങളിലെ സ്വീകരിക്കുന്ന തുടര്‍ നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
എന്‍.പി. സജീന്ദ്രന് എം.എല്‍.എ, മന്ത്രി അനൂപ് ജേക്കബിന്റെ പ്രതിനിധി ഏലിയാസ് മങ്കിടി, ജില്ല അസിസ്റ്റന്റ് പ്ലാനിങ് ഓഫീസര്‍ കെ.കെ. ഷീല തുടങ്ങിയവരും വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: