സിംല: പ്രധാനമന്ത്രി മന്മോഹന്സിംഗിന് ബിജെപിയുടെ രൂക്ഷവിമര്‍ശനം. അഴിമതിയില്‍ മുങ്ങിക്കുളിച്ചതും ഉത്തരവാദിത്തമില്ലാത്തതുമായ സര്‍ക്കാരിനെയാണ് മന്മോഹന് സിംഗ് നയിക്കുന്നതെന്ന് ബിജെപി നേതാവ് സുഷമ സ്വരാജ് കുറ്റപ്പെടുത്തി. പാലാമ്പൂരിലും പച്ഛാദിലും നടന്ന തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ മറുപടി പറയാതെ പ്രധാനമന്ത്രി ഒളിച്ചുകളിക്കുകയാണ്. മന്ത്രിസഭയുടെ തലവനെന്ന നിലയില്‍ ഉത്തരവാദിത്തങ്ങളില്‍ നിന്നും മന്മോഹന് രക്ഷപ്പെടാനാവില്ലെന്നും സുഷമ പറഞ്ഞു.
അഴിമതി നടത്തിയവര്‍ക്കിടയില്‍ പ്രധാനമന്ത്രി അകപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രിയെന്ന നിലയില്‍ ജനങ്ങളോടുള്ള ഉത്തരവാദിത്തം മറക്കരുത്. ജനങ്ങളോടുള്ള ഉത്തരവാദിത്തക്കുറിച്ച് പാര്‍ലമെന്റില്‍ വെച്ച്തന്നെ പ്രധാനമന്ത്രിയോട് നേരിട്ട് ചോദിച്ചിരുന്നു. എന്നാല്‍ അതിന് മറുപടി നല്കാനാവാതെ അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. എന്നാല്‍ അഴിമതി ആരോപണങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും ധാര്‍മികമായി ഇതിനെല്ലാത്തിനും പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും സുഷമ പറഞ്ഞു. ഭൂമിയിലും ആകാശത്തും ഒരുപോലെ യുപിഎ അഴിമതി നടത്തിയിരിക്കുകയാണ്. സ്പോര്‍ട്സ് താരങ്ങള്‍ കളിയില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുന്നതുപോലെ അഴിമതിയില്‍ കോണ്‍ഗ്രസ് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ടുജിയിലൂടെ 1.76 ലക്ഷം കോടി രൂപയുടെ അഴിമതിയും കോള്‍ഗേറ്റ് അഴിമതിയിലൂടെ 1.86 ലക്ഷം കോടിയുടെ നഷ്ടവുമാണ് വരുത്തിവെച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കാണ് യുപിഎ നേതൃത്വം നല്‍കിയതെന്നും സുഷമ പറഞ്ഞു.
അവശ്യ സാധനങ്ങളുടെ വിലവര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയേയും രൂക്ഷ ഭാഷയിലാണ് സുഷമ വിമര്‍ശിച്ചത്. എല്‍ പി ജി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് ജനങ്ങളുടെ ചുമലില്‍ വലിയ ഭാരം കയറ്റിവെച്ചിരിക്കുകയാണ് യുപിഎ. സുഷമ പറഞ്ഞു. ചില്ലറ വില്‍പ്പനമേഖലയിലെ വിദേശ നിക്ഷേപ തീരുമാനത്തെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സുഷമ പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് എത്തിയിരുന്നു. ഇന്നലെ രാവിലെ സിംലയിലെത്തിയ അദ്ദേഹം തെരഞ്ഞടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. ഈ മാസം 30 ന് സിംലയിലെ പാര്‍ട്ടി അംഗങ്ങളുമായി അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തും. ഗഡ്കരിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജെ.പി നഡ് ഡ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: