ടൊറാണ്ടോ: പാക്കിസ്ഥാന് മുന്‍ ക്രിക്കറ്റ് താരവും തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ ചെയര്‍മാനുമായ ഇമ്രാന് ഖാനെ കാനഡയില്‍ വിമാനത്തില്‍ നിന്ന് ഇറക്കി ചോദ്യം ചെയ്തു. അമേരിക്കന്‍ ഉദ്യോഗസ്ഥരാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. പാക്കിസ്ഥാനില്‍ അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങളില്‍ ഇമ്രാനുള്ള നിലപാടിനെക്കുറിച്ചാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്.
പാക്കിസ്ഥാനില്‍ അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്കെതിരെ ഇമ്രാന് വലിയ പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു. കാനഡയിലെ യുസ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ച് ഒരു മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തു. തുടര്‍ന്ന് അമേരിക്കയിലേക്ക് പോകാമെന്നും ഉദ്യോഗസ്ഥര്‍ അനുവദിച്ചു.
വ്യോമാക്രമണങ്ങള്ക്കെതിരെയുള്ള തന്റെ നിലപാടുകളെക്കുറിച്ചാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതെന്നും ഇതില്‍ തന്റെ നിലപാട് എന്താണ് എല്ലാവര്ക്കും അറിയാവുന്നതാണെന്നും വ്യോമാക്രമണങ്ങള്‍ എന്നേക്കുമായും അവസാനിപ്പിക്കണമെന്നും ഇമ്രാന് ട്വിറ്ററിലൂടെ പറഞ്ഞു. ഈ വിഷയത്തില്‍ ആര് ചോദ്യം ചെയ്താലും തന്റെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടക്കുന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നും ഇമ്രാന്. പാക് മണ്ണില്‍ യുഎസ് നടത്തുന്ന വ്യോമാക്രമണങ്ങള്ക്കതിരെ അമേരിക്കന്‍ ആസ്ഥാനത്ത് പ്രതിഷേധ പരിപാടി നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍ ഈദുള്‍ഫിത്തര്‍ ആഘോഷങ്ങളെത്തുടര്‍ന്ന് പരിപാടി മറ്റീവ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: