അവരവരുടെ സംസ്കാരവും പാരമ്പര്യരീതികളും അനുസരിച്ച് ഭാരതീയര്‍, ദൈവാരധനക്ക് പലവിധ പുഷ്പങ്ങള്‍ ഉപയോഗിക്കുന്നു. വളരെ ബുദ്ധിമുട്ടി സംഭരിച്ച ഈ പുഷ്പങ്ങളുടെയെല്ലാം സൗന്ദര്യവും സൗരഭ്യവും പലപ്പോഴും വളരെ ക്ഷണികമാണ്. വളരെ വേഗം തന്നെ ഈ പുഷ്പങ്ങള്‍ വാടുകയും സൗരഭ്യം ഇല്ലാതാകുകയും ചെയ്യും. പക്ഷെ ഒരു പുഷ്പം മാത്രം എല്ലാകാലവും ഒരേ രീതിയില്‍ നിലനില്ക്കുന്നു. അതേ സൗന്ദര്യത്തോടും സൗരഭ്യത്തോടും കൂടി തന്നെ. ഇതാണ് ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട പുഷ്പം. ഇതിന്റെ പേരാണ് സര്‍വ ഭൂതദയാ പുഷ്പം. അതായത് എല്ലാ ജീവജാലങ്ങളോടും തോന്നുന്ന സ്നേഹവും കരുണയും. ഇതാണ്. ദൈവത്തിന് ഏറ്റവും പ്രിയമയാതും സമര്പണയോഗ്യമായതും. ഈ പുഷ്പം സമര്‍പ്പിക്കുവാനുള്ള കഴിവ് മനുഷ്യര്‍ക്ക് മാത്രമേ ഉള്ളു.
‘ഈശ്വര സര്‍വഭൂതാനാം’ എല്ലാവരിലും ദൈവം അധിവസിക്കുന്നു. രൂപവും ഭാവവും വ്യത്യസ്തമയാരിക്കാം. പക്ഷെ എല്ലാവരിലും ഉള്ള ദൈവം ഒന്നുതന്നെ. അതിനാല്‍ സ്നേഹവും കരുണയും എല്ലാവരും അര്‍ഹിക്കുന്നു. അവരും അവരില്‍ അധിവസിക്കുന്ന ദൈവവും ~ഒരു പോലെ തന്നെ അത് അര്‍ഹിക്കുന്നു. പൂക്കള്‍ സംഭരിക്കുവാനും അത് പൂമാലയായി എടുക്കാനും നിങ്ങള്‍ എടുക്കുന്ന സമയം വ്യഥാവിലാകുന്നു. ഒരിക്കലും നാശം വരാത്ത ഈ ഹൃദയപുഷ്പത്തിന്റെ മാഹാത്മ്യം അറിയുന്നവന് പരമജ്ഞാനിയാണ്.
ഒരിക്കല്‍ നാരദമഹര്‍ഷി സനത്കുമാരമുനിയുടെ അടുത്തുപോയി തനിക്ക് ശരിയായ ജ്ഞാനം ഉപദേശിച്ചു തരാന്‍ അഭ്യര്‍ത്ഥിച്ചു. മുനി പറഞ്ഞു ശാശ്വതജ്ഞാനത്തെ പറഞ്ഞുതരുവാന്‍ എനിക്ക് കഴിയും. പക്ഷെ നിങ്ങള്‍ക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് അറിയണം. നാരദമഹര്‍ഷി പറഞ്ഞു. എനിക്ക് നാല് വേദങ്ങളും ആറ് ശാസ്ത്രങ്ങളുടെയും അന്തരാര്‍ത്ഥങ്ങളും അറിയാം. ഇത്രയും പറഞ്ഞ് മുനി പറഞ്ഞു: ഇതെല്ലാം താങ്കള്‍ പഠിച്ചിട്ടുണ്ടെങ്കിലും ഏതെങ്കിലും ഒന്ന് നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ? നിങ്ങള്‍ക്ക് ഇതെല്ലാം അനുഭവിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ശരിയായ ജ്ഞാനവും ശാശ്വതമായ സന്തോഷവും ശാന്തിയും വളരെ മുമ്പ് തന്നെ ലഭിക്കുമായിരുന്നു.
ഭഗവാന് ചോദിക്കുന്നു എല്ലാതരം അറിവുകളും സ്വായത്തമാക്കിയിരുന്ന നാദരന് എന്തുകൊണ്ടാണ് സന്തോഷം അനുഭവിക്കാന്‍ സാധിക്കാതെ വന്നത്. സന്തോഷം പഠനങ്ങളില്‍ നിന്ന് ലഭിക്കുമോ? പലതരത്തിലുള്ള പുസ്തകം വായിക്കുന്നതുകൊണ്ട് ഉണ്ടാകുമോ? ഇല്ല എന്നതാണ് പരമാര്‍ത്ഥം. ജീവിതകാലം മുഴുവനും പുസ്തകങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്തു. അത് പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിച്ചില്ലെങ്കില്‍ അതുകൊണ്ട് പ്രയോജനമില്ല. ബുദ്ധിമുട്ടി പാചകം ചെയ്യുന്ന ആഹാരം കഴിക്കുന്നതുകൊണ്ട് ഊര്‍ജ്ജവും സംതൃപ്തിയും ആരോഗ്യവുമേ ഉണ്ടാകുകയുള്ളു. നിങ്ങളുടെ അറിവിന്റെ ഒരു ചെറിയ അംശമെങ്കിലും നിങ്ങളുടെ പ്രവൃത്തിയില്‍ പ്രതിഫലിക്കണം. മിക്കവാറും എല്ലാവരും തന്നെ പലതരത്തിലുള്ള മതഗ്രന്ഥങ്ങള്‍ വായിക്കുന്നവരാണ്. എല്ലാ മതഗ്രന്ഥങ്ങളും ഒരേ ധാര്‍മികമൂല്യങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. പക്ഷെ എത്ര ജനങ്ങള്‍ക്ക് അവര്‍ മനസ്സിലാക്കിയിട്ടുള്ള മാനസിക മൂല്യങ്ങള്‍ അവരവരുടെ സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ലോകമെമ്പാടും കാണുന്ന സ്പര്‍ദ്ധ,യുദ്ധം,ക്രോധം, വെറുപ്പ്, അസൂയ മുതലായവര്‍ക്ക് കാരണമെന്താണ്. ഉത്തരം വളരെ ലളിതം. പഠിക്കുന്നതിന്റെയും അതില്‍ നിന്ന് ലഭിക്കുന്ന അറിവിന്റെയും ശരിയായ അര്‍ത്ഥം അവര്‍ മനസ്സിലാക്കിയിട്ടില്ല. ഏതെങ്കിലും ഒരു മതഗ്രന്ഥത്തിന്റെയും ഏതെങ്കിലും ഒരു ഉപദേശമെങ്കിലും മനസ്സിലാക്കുവാന്‍ ആദ്യം ശ്രമിക്കുക. എന്നിട്ട് ചെറിയ രീതിയിലെങ്കിലും അതിനെ സ്വന്തം പ്രവൃത്തിയിലേക്ക് കൊണ്ടുവരിക. ഇതിന് ശ്രമിച്ചില്ലെങ്കില്‍ ഇത് സാധിച്ചില്ലെങ്കില്‍ നിങ്ങളുടെ പഠിപ്പും അറിവും എല്ലാം വ്യര്‍ത്ഥമാകുന്നു. നിങ്ങള്‍ക്ക് എല്ലാ ജീവജാലങ്ങളോടും കരുണയും സ്നേഹവും കുറെയെങ്കിലും കൊടുക്കുവാന്‍ സാധിച്ചാല്‍,നിങ്ങള്‍ ധന്യനാകും.
വിവര്‍ത്തനം: സുഭദ്രാനായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: