വിവാദങ്ങളുടെ പാളത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കൊച്ചിയുടെ സ്വപ്നപദ്ധതിയായ മെട്രോ റെയില്‍ ഇപ്പോഴും കപ്പിനും ചുണ്ടിനും ഇടയിലാണ്. മെട്രോ റെയില്‍ ഡിഎംആര്‍സിയ്ക്ക് തന്നെ നല്‍കുമെന്നും ഇ.ശ്രീധരന് തന്നെ അത് പ്രാവര്‍ത്തികമാക്കുമെന്നും ആവര്ത്തിച്ചുത്ഘോഷിക്കുന്ന മന്ത്രി ആര്യാടന് മുഹമ്മദ് ടോം ജോസ് പദ്ധതിക്കെതിരെ പണിത പാര നീക്കാന്‍ കത്തല്ലാതെ മറ്റൊരു നടപടികളിലേയ്ക്കും തിരിയുന്നില്ല. ഇ.ശ്രീധരനുമായി പിന്നെയും കൂടിക്കാഴ്ച നടത്തി, പിന്നെയും ചര്‍ച്ച ചെയ്ത്, പിന്നെയും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മെട്രോ റെയില്‍ ശ്രീധരന് തന്നെ എന്ന് മുഖ്യമന്ത്രിയും തന്നെ ഏല്‍പ്പിച്ചാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി കൊച്ചിക്കാരുടെ സ്വപ്നം സാക്ഷാല്‍ ക്കരിയ്ക്കും എന്ന് ശ്രീധരനും ആവര്‍ത്തന വിരസമായി പ്രഖ്യാപിക്കുമ്പോഴും കത്തിലുപരി മറ്റൊരു സമ്മര്‍ദ്ദത്തിനും ബന്ധപ്പെട്ടവര്‍ തുനിയുന്നില്ല എന്നത് ഖേദകരമായ വസ്തുതയായി തുടരുന്നു. ഡിഎംആര്‍സിയ്ക്ക് നിര്‍മാണ ചുമതല നല്‍കുന്നതിനുള്ള തടസ്സം കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ആഗോള ടെണ്ടറിന് ശേഷം മാത്രം കരാര്‍ എന്ന കടുംപിടിത്തമാണ്. കൊച്ചി മെട്രോയ്ക്കെതിരെ ടോം ജോസ് ഉള്‍പ്പെട്ട ഒരു ഐഎഎസ് ലോബി സജീവിമാണെന്നാണ് ശ്രുതി. ടോം ജോസിന്റെ ശക്തി മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടെയും പിന്തുണയാണ്. അവരോടുള്ള അദ്ദേഹത്തിന്റെ അമിതവിധേയത്വം അതിന് തെളിവാണ്. ദല്‍ഹിയ്ക്ക് പുറത്തുള്ള നിര്‍മാണ കരാര്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയോടെ മാത്രമേ ആകാവൂ എന്ന് ഡിഎംആര്‍സി പറയുമ്പോഴും ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ക്യാമറകള്‍ക്ക് മുമ്പില്‍ പ്രഖ്യാപിച്ചത് ദല്‍ഹി ഗവണ്മെന്റിന് ഡിഎംആര്‍സി കൊച്ചി മെട്രോ ഏറ്റെടുക്കുന്നതിലോ ഇ.ശ്രീധരനെ നിര്‍മാണ ചുമതല ഏറ്റെടുക്കുന്നതിനോ ഒരു വിയോജിപ്പും ഇല്ലെന്നാണ്.
പിന്നെ എന്തുകൊണ്ട് ഈ 5181 കോടി രൂപയുടെ പദ്ധതി ഇപ്പോഴും ത്രിശങ്കുവില്‍ നില്ക്കുന്നു എന്നത് പ്രഹേളികയാണ്. ആരുടെ വാക്കാണ് അവസാന വാക്ക്? ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് ദല്‍ഹി മുഖ്യമന്ത്രിയ്ക്കതീതമാണോ? കേരള മുഖ്യമന്ത്രിയും ബന്ധപ്പെട്ടവരും എന്തുകൊണ്ട് പ്രധാനമന്ത്രിയെ കണ്ട് സമ്മര്‍ദ്ദം ചെലുത്താതെ വാഗ്ധോരണിയിലും കത്തിടപാടുകളിലും ശ്രമങ്ങള്‍ ഒതുക്കുന്നു? ഈ ചാഞ്ചാട്ടം പൂര്‍വകാലാനുഭവത്തിന്റെ വെളിച്ചത്തില്‍ അഴിമതിയും കമ്മീഷനും ലക്ഷ്യമിട്ടാണെന്ന് പ്രതിപക്ഷനേതാവടക്കം ജനങ്ങള്‍ വിശ്വസിക്കുന്നെങ്കില്‍ അവരെ കുറ്റം പറയാനാകാത്തവിധം ഞാണിന്മേല് കളിയാണ് ഇവിടെ അരങ്ങേറുന്നത്. മെട്രോ റെയില്‍ ഗതാഗതക്കുരുക്കില്‍ ശ്വാസം മുട്ടുന്ന റോഡപകടങ്ങളില്‍ ജീവന് പൊലിയുന്ന കൊച്ചിയ്ക്ക് ഇന്ന് അനിവാര്യമാണ്. ഇവിടെ ജനപ്പെരുപ്പം മാത്രമല്ല വാഹന സാന്ദ്രതയും കുതിയ്ക്കുകയാണ്. കൊച്ചി മെട്രോ വൈകുന്ന ഓരോ ദിവസവും 40 ലക്ഷം രൂപാ നഷ്ടം നേരിടുന്നുണ്ട്. ഇപ്പോള്‍ ജനങ്ങള്‍ തന്നെ പ്രതിഷേധ പാതയിലിറങ്ങി കൊച്ചി മെട്രോ നിര്‍മാണ ചുമതല ഡിഎംആര്‍സിയ്ക്കും ഇ.ശ്രീധരനും നല്‍കണമെന്നാവശ്യപ്പെട്ട് മനുഷ്യ മെട്രോ തീര്‍ക്കുകയാണ്. വാഗ്ദാനം നല്കി കബളിപ്പിക്കല്‍ മലയാളികളുടെ ശൈലിയാണെന്ന വിശ്വാസത്തിന് സര്‍ക്കാരും അടിവരയിടുന്നു. കൊച്ചി മെട്രോ ത്രിശങ്കുവില്‍ തുടരവെ ഇപ്പോള്‍ മോണോ മെട്രോ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍ കരാറെഴുതി. കോഴിക്കോട് തിരുവനന്തപുരം മോണോ റെയില്‍ പദ്ധതികള്‍ക്ക് മുഖ്യമന്ത്രി അദ്ധ്യക്ഷനായി.
മോണോ റെയില്‍ കോര്പ്പറേഷന്, കൊച്ചി മെട്രോ റെയില്‍ കോര്പ്പറേഷന് പുറമെ നിലവില്‍ വന്നു. മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെയാണ് കോഴിക്കോട്ട് മോണോ റെയില്‍ ഒന്നാംഘട്ടം. 1582 ഹെക്ടര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍ എന്ന വന്‍ കടമ്പയും ഇതിന് മുന്നിലുണ്ട്. പദ്ധതികള്‍ ഇവിടെ തുടര്‍ക്കഥയാകുന്ന പോലെ തന്നെ പദ്ധതി അട്ടിമറിക്കലും തുടര്‍ക്കഥയാണെന്ന് തെളിയിക്കുന്നതാണ് വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം. റിസോര്‍ട്ട് ലോബിയാണ് ഇതിന് പിന്നില്‍ എന്ന മന്ത്രി ബാബുവും അന്തര്‍ദ്ദേശീയ തുറമുഖ ലോബിയാണെന്ന് മുന്‍ തുറമുഖ മന്ത്രി എം.വിജയ കുമാറും ആരോപിക്കുന്നു.
വിഴിഞ്ഞം പദ്ധതിയുടെ പരിസ്ഥിതി പഠനം പൂര്‍ത്തിയാക്കിയതാണ്. വിഴിഞ്ഞം പദ്ധതിയും കടലാസ് പദ്ധതിയായി ഒതുങ്ങുമോ? കൊച്ചി മെട്രോ നിര്‍മാണം ചര്‍ച്ച ചെയ്യാന്‍ ഡിഎംആര്‍സി പൊതുയോഗം നവംബര്‍ പതിനഞ്ചിന് കൂടുകയാണ്. യഥാര്‍ത്ഥത്തില്‍ കൊച്ചി മെട്രോ എല്ലാവിധത്തിലും പ്രായോഗികമാണ്. ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ ഫ്ലൈ ഓവര്‍ തുടങ്ങിയ പ്രാരംഭ ജോലികള്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ കുറഞ്ഞ നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എച്ച്എംടിയും പങ്കാളിയാകാന്‍ സന്നദ്ധത തെളിയിച്ച് രംഗത്തുവന്നു. ഇതൊന്നും കൊച്ചി മെട്രോയെ മൂടുന്ന ആശങ്കകള്‍ക്ക് അറുതിയിടുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: