ചണ്ടീഗഢ്: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധേരയും റിയല്‍ എസ്റ്റേറ്റ് ഭീമന് ഡിഎല്‍എഫുമായി നടത്തിയ വിവാദ ഭൂമി ഇടപാടില്‍ വധേരക്ക് ഹരിയാന സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്.
ഭൂമി ഇടപാട് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് കാണിച്ച് ഹരിയാന ഐഎഎസ് ഓഫീസറായ അശോക് ഖേംക ഇടപാട് റദ്ദാക്കിയിരുന്നു. എന്നാല്‍ ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതില്‍ നടപടി സ്വീകരിക്കാതെ ഓഫീസറുടെ ഉത്തരവിനെക്കുറിച്ച് അന്വേഷിക്കാന്‍ നാലംഗ ഡെപ്യൂട്ടി കമ്മീഷ്ണര്‍മാരുടെ സമിതിയെ നിയോഗിക്കുകയായിരുന്നു. ഈ പാനലാണ് ഇടപാടിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
എന്നാല്‍ അന്വേഷണ സമിതിയെ നിയോഗിച്ച വിവരം താന്‍ അറിഞ്ഞില്ലെന്നും തന്റെ നിലപാടുകള്‍ വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും അശോക് ഖേംക പറഞ്ഞു. ഒക്ടോബര്‍ 12നായിരുന്നു ഭൂമി ഇടപാട് റദ്ദാക്കിക്കൊണ്ട് ഖേംക ഉത്തരവിട്ടത്.
ഉത്തരവ് നടപ്പാക്കാതെ അതിന്മേല് നടപടി സ്വീകരിച്ച സര്‍ക്കാര്‍ ഫലത്തില്‍ ഇടപാടിന് അനുകൂലസാഹചര്യമൊരുക്കുകയായിരുന്നു. ഉത്തരവിനെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ ഏര്‍പ്പെടുത്തിയതിലൂടെ സര്‍ക്കാര്‍ വധേരയുടെ വിവാദ ഇടപാടിലേക്ക് വെളിച്ചം വീശുന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകളെ തമസ്ക്കരിക്കുകയായിരുന്നു.
തുടര്‍ച്ചയായ അഴിമതി ആരോപണങ്ങളില്‍ പ്രതിച്ഛായ നഷ്ടമായ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനും ഗാന്ധികുടുംബത്തിനും ആശ്വാസമേകുന്നതാണ് ഹരിയാന സര്‍ക്കാര്‍ വക ക്ലീന്‍ ചിറ്റ്. പ്രതിപക്ഷത്തിന്റെയും അഴിമതിക്കെതിരെ ഇന്ത്യാ പ്രവര്‍ത്തകരുടേയും കടുത്ത വിമര്‍ശനം നേരിടുന്ന സോണിയാ ഗാന്ധിക്കും കോണ്‍ഗ്രസിനും സഹായകരമാണ് കമ്മീഷന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിച്ച അഴിമതിക്കെതിരെ ഇന്ത്യാ പ്രവര്ത്തകന് അരവിന്ദ് കെജരിവാള്‍ ഹരിയാന സര്‍ക്കാരില്‍ നിന്നും ഇത്തരത്തില്‍ റിപ്പോര്‍ട്ട് പ്രതീക്ഷിച്ചതാണെന്നും മറിച്ചായാല്‍ മാത്രമേ അത്ഭുതത്തിന് അവകാശമുള്ളൂ എന്നും പറഞ്ഞു.
വിവാദ ഇടപാട് വിശദീകരിച്ച് അഴിമതി പുറത്തുകൊണ്ടുവന്ന ഐഎഎസ് ഉദ്യോഗസ്ഥന് ഹരിയാന ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ ഇന്‍കം ടാക്സ് നിയമം അടക്കമുള്ള വിവിധ വകുപ്പുകളില്‍ റെയ്ഡ്, സര്‍വ്വേ, സൂക്ഷമ പരിശോധന എന്നിവ നടത്താതെ ഹരിയാന സര്‍ക്കാര്‍ വധേരക്കെതിരെ ഉത്തരവിട്ട ഉദ്യോഗസ്ഥനെ മണിക്കൂറുകള്‍ക്കകം സ്ഥലം മാറ്റുകയാണുണ്ടായത്. വിവാദ ഇടപാടും അത് വെളിപ്പെടുത്തിയ ഉദ്യോഗസ്ഥനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച തെറ്റായ നടപടിയും രാജ്യത്താകമാനം വന്‍പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: