ന്യൂദല്‍ഹി: മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ അവര്‍ക്കെതിരെ റേഡിയോ പ്രചാരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഗ്രാമപ്രദേശങ്ങളില്‍ മാവോയിസ്റ്റുകള്‍ നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു നടപടിക്ക് ഒരുങ്ങുന്നത്. ഓള് ഇന്ത്യ റേഡിയോയിലൂടെ മാവോയിസ്റ്റ് വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പദ്ധതിക്കാണ് നീക്കം. രാവിലെയും വൈകിട്ടും പ്രാദേശിക ഭാഷകളില്‍ ഓഡിയോ ക്ലിപ്പുകള്‍ പ്രക്ഷേപണം ചെയ്യുകയാണ് ഉദ്ദേശ്യം. ഏറ്റവും കൂടുതല്‍ ശ്രോതാക്കളുള്ള പ്രഭാത സായാഹ്ന പരിപാടികള്ക്കിടെയാകും ഇവയുടെ പ്രക്ഷേപണം.
മാവോയിസ്റ്റ് സ്വാധീന സംസ്ഥാനങ്ങളായ ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, അസം, ഒഡിഷ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലായിട്ടാണ് ഈ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ടി നാഗ്പുരി, ഗോന്ഡി, ഛത്തീസ്ഗരി, ഒഡിയ, ഗോന്ഡി, മഗ്ധി, ഭോജ്പുരി, ഹല്ബി, ഹിന്ദി ഭാഷകളില്‍ ഓഡിയോ ക്ലിപ്പുകള്‍ തയ്യാറാക്കും. മാവോയിസ്റ്റുകള്‍ക്ക് സഹായം ചെയ്യുന്ന വലിയ വിഭാഗം ഗ്രാമീണരേയും ആദിവാസികളെയും ഇതില്‍നിന്ന് അടര്ത്തിമാറ്റാനാകുമെന്നും അവരെ സര്‍ക്കാരിന് അനുകൂലമാക്കാമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടല്‍. അഞ്ച് സംസ്ഥാനങ്ങളിലായിരിക്കും ആദ്യം ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിന് ഏകദേശം 1.65 കോടി രൂപ ചെലവഴിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതുകൂടാതെ റേഡിയോയിലൂടെ ഷോര്‍ട്ട് ഫിലിമുകളും പരസ്യങ്ങളും ഡോക്യുമെന്ററികളും നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: