സിംല: മുന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീരഭദ്രസിംഗിനെതിരായ അഴിമതിയാരോപണം പ്രത്യേക അന്വേഷണസംഘത്തിന് വിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കല്‍, കൈക്കൂലി, കള്ളപ്രമാണമുണ്ടാക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് വീരഭദ്രസിംഗിനെതിരെ ഉയര്‍ന്നിട്ടുള്ളതെന്ന് ബിജെപി നേതാവ് അരുണ്‍ ജെറ്റ്ലി പറഞ്ഞു. സിംലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ കേന്ദ്രന്ത്രിയായിരുന്ന വീരഭദ്രസിംഗ് അഴിമതി ആരോപണങ്ങളെത്തുടര്‍ന്നാണ് മന്ത്രിസഭയില്‍നിന്നും പുറത്തായത്.
കണക്കില്‍പ്പെടാത്ത പണം വെളുപ്പിക്കുന്നതിനായി ഇന്‍ഷുറന്‍സ് പോളിസികളെയാണ് സിംഗ് കൂട്ടുപിടിച്ചിരിക്കുന്നതെന്ന് ജെറ്റ്ലി പറഞ്ഞു. സിംലയിലുള്ള ആനന്ദ് ചൗഹാന് എന്ന എല്‍ഐസി ഏജന്റ് വഴിയാണ് അഞ്ച് കോടിയുടെ സിംഗിള്‍ പ്രീമിയം പോളിസികള്‍ വീരഭദ്രസിംഗ് സ്വന്തമാക്കിയത്. ചൗഹാന് തുടങ്ങിയ പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഒരു പ്രത്യേക അക്കൗണ്ടിലൂടെ 2008-09, 2009-10, 2010-11 കാലയളവില്‍ കോടികളാണ് ഒഴുകിയത്. വീരഭദ്രസിംഗ്, പ്രതിഭസിംഗ്, മകന് വിക്രമാദിത്യ, മകള്‍ അപരാജിത സിംഗ് എന്നിവരുടെ പേരിലാണ് പോളിസികളുള്ളത്. വീരഭദ്രസിംഗ് നാമനിര്‍ദ്ദേശപത്രിക നല്കിയപ്പോള് ഇതിന്റെ വിശദാംശങ്ങളും അതില്‍ ചേര്‍ത്തിരുന്നതായി ജെറ്റ്ലി പറഞ്ഞു. ചൗഹാന് സിംഗിനായി തുടങ്ങിയ അക്കൗണ്ടിന്റെ കാര്യം ബാങ്ക് ആദായനികുതിവകുപ്പിനെ അറിയിക്കുകയായിരുന്നു. വലിയ തുകകളുടെ തുടര്‍ച്ചയായ കൈമാറ്റം ശ്രദ്ധയില്‍പ്പെട്ടപ്പോഴായിരുന്നു ഇത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോളിസികള്‍ വീരഭദ്രസിംഗിന്റേതാണെന്ന് ചൗഹാന് സ്ഥിരീകരിച്ചു. ഇതില്‍നിന്നും രക്ഷപ്പെടുത്താനായി പഴയ തിയതിയിലുള്ള പ്രമാണം ചൗഹാനും വീരഭദ്രസിംഗും ചേര്‍ന്ന് തയ്യാറാക്കി. ഇതിന്‍പ്രകാരം സിംഗിന്റെ ആപ്പിള്‍ തോട്ടത്തിന്റെ മാനേജരായി ചൗഹാനെ നിയമിച്ചു. തോട്ടത്തില്‍നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ രണ്ട് ശതമാനമാണ് ചൗഹാന് നല്‍കാനായി വ്യവസ്ഥ ചെയ്തിരുന്നത്. ഈ തോട്ടത്തില്‍നിന്നും ഒരുവര്‍ഷം 11 ലക്ഷത്തില്‍ താഴെയായിരുന്നു വരുമാനം. എന്നാല്‍ മികച്ച വിളവിലൂടെ നേടിയ തുകയായി പോളിസി എടുക്കാന്‍ അടച്ചത് 2.21 കോടി രൂപയും. അടുത്തവര്‍ഷം 2.80 കോടിയും മൂന്നാംവര്‍ഷം 1.5 കോടിയും നിക്ഷേപിച്ചു.
കള്ളപ്രമാണം ഉണ്ടാക്കുക, പണം വെളുപ്പിക്കുക, കൈക്കൂലി എന്നീ കുറ്റങ്ങളില്‍നിന്നും ഒരിക്കലും വീരഭദ്രസിംഗിന് ഒഴിയാനാവില്ലെന്ന് ജെറ്റ്ലി വ്യക്തമാക്കി. സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ ടീമായിരിക്കണം സിംഗിനെതിരെ അന്വേഷണം നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ വീരഭദ്രസിംഗ് നിഷേധിച്ചു. സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രശ്നം നിയമപരമായി നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: