ന്യൂദല്‍ഹി: കിങ്ങ്ഫിഷര്‍ ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറായതായി കിങ്ങ്ഫിഷര്‍ സിഇഒ സഞ്ജയ് അഗര്‍വാള്‍. മാര്‍ച്ച് മാസം മുതല്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കിങ്ങ്ഫിഷറിലെ ഒരു വിഭാഗം ജീവനക്കാര്‍ കഴിഞ്ഞ 25 ദിവസമായി സമരത്തിലേര്പ്പെട്ടിരിക്കുകയായിരുന്നു. സമരം ഒത്ത് തീര്‍പ്പാക്കുന്നതിന് വേണ്ടി ഇന്നലെ ജീവനക്കാരുടെ പ്രതിനിധികളുമായി മാനേജ്മെന്റ് നടത്തിയ ചര്‍ച്ച അവസാനം ഫലം കണ്ടു.
കിങ്ങ്ഫിഷറിന്റെ ഫ്ലൈയിംഗ് ലൈസന്‍സ് വിവിധ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഡിജിസിഎ സസ്പെന്റ് ചെയ്തിരിക്കുകയാണ്. ലൈസന്‍സ് വീണ്ടുകിട്ടുന്നതിനായി കാര്യങ്ങള്‍ ബോധിപ്പിക്കേണ്ടതുണ്ട്. ലൈസന്‍സ് വീണ്ടുകിട്ടിയാലുടന് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു. അതേസമയം കിങ്ങ്ഫിഷര്‍ നല്കുന്ന പുനരുജ്ജീവന പദ്ധതിയെ ആശ്രയിച്ചായിരിക്കും കിങ്ങ്ഫിഷര്‍ സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.
മൂന്ന് മാസത്തെ ശമ്പളം ദീപാവലിക്ക് മുമ്പ് നല്‍കാമെന്ന നിര്‍ദ്ദേശം ജീവനക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പായത്. ശേഷിക്കുന്ന മാസത്തെ ശമ്പളം ഡിസംബര്‍ 16 ന് മുമ്പ് നല്‍കാമെന്നും സമ്മതിച്ചിട്ടുണ്ട്. ശമ്പളം സംബന്ധിച്ച വിഷയത്തില്‍ മാനേജ്മെന്റുമായി ഒത്തുതീര്‍പ്പിലെത്തിയതായും ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കുമെന്നും സര്‍വീസ് എഞ്ചിനീയറായ സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. ഏപ്രില്‍ മാസത്തെ ശമ്പളം വരുന്ന ബുധനാഴ്ചയും മെയ്മാസത്തെ ശമ്പളം ദീപാവലിക്ക് മുമ്പും നാലാം മാസത്തെ ശമ്പളം ഡിസംബറോടെയും നല്‍കുമെന്ന് മാനേജ്മെന്റ് ഉറപ്പ് നല്‍കിയതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം 66 സര്‍വീസുകള്‍ നടത്തിയ സ്ഥാനത്തിപ്പോള്‍ കേവലം പത്ത് സര്‍വീസുകള്‍ മാത്രമാണ് കിങ്ങ്ഫിഷര്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: