ഇന്ത്യയില്‍ ഏറ്റവും അഭ്യസ്തവിദ്യരുള്ളത് കേരളത്തിലാണ്. പക്ഷെ ബീഹാറിനെപ്പോലും പിന്നിലാക്കിയാണ് കേരളത്തിലെ സാംസ്കാരികാപചയം മുന്നേറുന്നത്. അഴിമതിയും കുടുംബാധിപത്യവുമെല്ലാം ഒരുകാലത്ത് ബീഹാറിന്റെ മുഖമുദ്രയായിരുന്നെങ്കില്‍ ഇന്ന് കേന്ദ്രവും തമിഴ്നാടും മറ്റ് പല സംസ്ഥാനങ്ങളും ഈ വിഷയത്തില്‍ ബീഹാറിനോട് മത്സരിക്കുകയാണ്. പ്രാകൃതസംസ്കാരത്തിലേക്ക് തിരിച്ചുപോകാനും ‘അഴിമതി സംസ്കാരം’ പോഷിപ്പിക്കാനും കേരളവും ബദ്ധശ്രദ്ധമാണ്.
സ്ത്രീകളാണ് ഒരു ദേശത്തിന്റെ സംസ്കാരത്തിന്റെ ആണിക്കല്ല്. മൂല്യങ്ങളും സാംസ്കാരിക മാനങ്ങളും പകര്ന്നുനല്കുന്നത് കുടുംബങ്ങളിലാണ്. പക്ഷെ ഇന്ന് കുടുംബ വ്യവസ്ഥിതിപോലും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഇമ്പമുള്ളവര്‍ കൂടുമ്പോള്‍ കുടുംബം എന്ന വിവക്ഷ ഇന്ന് രാത്രി ഉറങ്ങാന്‍ കൂടുന്നവര്‍ കുടുംബം എന്ന രീതിയിലേക്ക് മാറുകയാണ്. കുടുംബങ്ങള്‍ സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ ഇന്ന് സുരക്ഷാകേന്ദ്രങ്ങളല്ല, പലപ്പോഴും പീഡനവേദികളാണ്.
കേരളത്തിലെ അമ്മമാര്‍ കുഞ്ഞുങ്ങളെപ്പോലും വില്‍പ്പനച്ചരക്കാക്കുന്നു. ഒരമ്മ പ്രസവിച്ച ഉടനെ തന്റെ പെണ്‍കുഞ്ഞിനെ വില്ക്കാന് ശ്രമിച്ചതിന് അടുത്തിടെ പിടിയിലായി. ഇതിന് പിന്നാലെ മറ്റൊരമ്മയും ആശുപത്രിയില്‍ വിറ്റ കുട്ടിയെ ആശുപത്രി അധികൃതര്‍ കൂടിയ വിലക്ക് മറിച്ച് വില്ക്കാന് ശ്രമിച്ചതും വാര്‍ത്തയായിരുന്നു. അമ്മമാര്‍ പെണ്മക്കളെ ലൈംഗിക കമ്പോളത്തിലെത്തിക്കുന്നതും സിനിമാ-സീരിയല്‍ രംഗത്തെത്തിക്കാന്‍ ഏത് ഹീനവൃത്തിക്കും തയ്യാറാകാന്‍ പെണ്മക്കളെ പ്രോത്സാഹിപ്പിക്കുന്നതും ഇന്ന് പുതിയ കാര്യമല്ല. പക്ഷെ പ്രസവിച്ച ഉടനെ പെണ്മക്കളെ വില്‍ക്കുന്നത് പുതിയ പ്രതിഭാസമാണ്. ഗര്‍ഭപാത്രത്തിന്റെ വേദന എന്നതെല്ലാം നിരര്‍ത്ഥക ജല്‍പ്പനങ്ങളായി മാറുന്നു.
ഈ വിഷയത്തില്‍ കുവൈറ്റ് റേഡിയോ സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഞാനും പങ്കാളിയായിരുന്നു. കേരളം സ്ത്രീവിരുദ്ധ മനോഭാവം വച്ചുപുലര്‍ത്തുന്ന, സ്ത്രീയെ ലൈംഗിക ഉപഭോഗവസ്തുവായി കാണുന്ന സംസ്ഥാനമാണെന്നത് പൊതു അറിവാണ്. കേരളം പെണ്‍ഭ്രൂണഹത്യയില്‍ ഇന്ത്യയില്‍തന്നെ മുന്നിരയിലാവുന്നതും പെണ്‍കുഞ്ഞുങ്ങള്‍ അസ്വീകാര്യമായതിനാലാണ്. പക്ഷെ ഈ അസ്വീകാര്യതക്ക് പിന്നില്‍ അവള് വലുതായി വിവാഹപ്രായമെത്തുമ്പോള്‍ കൊടുക്കേണ്ടിവരുന്ന സ്ത്രീധനത്തിന്റെയും സ്വര്‍ണത്തിന്റെയും ആഡംബരവിവാഹത്തിന്റെയും ചെലവിനെക്കുറിച്ചുള്ള പേടിയുമുണ്ട്. “പെണ്ണാണെങ്കില്‍ ലക്ഷങ്ങള്‍ ചെലവാക്കേണ്ടിവരും. ആണാണെങ്കില്‍ അവന് ലക്ഷങ്ങള്‍ കൊണ്ടുവരും” എന്ന് ഒരമ്മ ഒരു ബോധവല്‍ക്കരണ സെമിനാറില്‍ തുറന്നടിച്ചത് ഞാന്‍ ഓര്‍ക്കുന്നു. സ്ത്രീധന ബാധയാണ് വര്‍ധിച്ചുവരുന്ന പെണ്‍ഭ്രൂണഹത്യക്ക് പ്രചോദനം. പക്ഷെ പെണ്‍കുഞ്ഞുങ്ങളെ വിറ്റ് പൈസയുണ്ടാക്കുന്നത് ഒരു പുതിയ പ്രവണതതന്നെയാണ്. അവിഹിത ഗര്‍ഭം ധരിച്ച് പ്രസവിച്ച കുഞ്ഞിനെ അമ്മത്തൊട്ടിലിലും വഴിയോരത്തും ബസ്സിലും എല്ലാം അമ്മമാര്‍ ഉപേക്ഷിക്കാറുണ്ട്. നിര്‍ധനര്‍ കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലിലാണ് നിക്ഷേപിക്കാറുള്ളത്.
സ്വന്തം പെണ്മക്കളെ വില്ക്കാന് അമ്മമാര്‍ക്ക് മടിയില്ലാതാകുന്ന കേരളം ഇന്ന് ധനാര്‍ത്തിയുടെ ഗര്‍ത്തത്തിലാണ്. അധ്വാനിക്കാതെ ലഭിക്കുന്ന ഗള്‍ഫ് പണവും ആഗോളവല്‍ക്കരണത്തിന്റെ ഫലമായി വികസിച്ച ഉപഭോഗ സംസ്കാരവുമാണ് ഈ ധനാര്‍ത്തിക്ക് പിന്നില്‍. പണത്തിനുള്ള മോഹം ധര്‍മ്മബോധത്തെ അട്ടിമറിക്കുന്നത് രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങിയിരുന്ന പ്രതിഭാസമാണ്. ഈ രാഷ്ട്രീയനേതാക്കള്‍ ജനപ്രതിനിധികളാകുമ്പോള്‍ ജനങ്ങളിലും അത് പ്രതിഫലിക്കുന്നതാകാം. “നാണംകെട്ടും പണം നേടിക്കൊണ്ടാല്‍ നാണക്കേടാപ്പണം തീര്‍ക്കും” എന്ന ചൊല്ലിന് പ്രസക്തിയേറെയുള്ള കാലഘട്ടമാണിത്.
കുവൈറ്റ് റേഡിയോ ചര്‍ച്ചയില്‍ പങ്കെടുത്ത പലരും പറഞ്ഞത് അമ്മമാര്‍ മക്കളെ വില്‍ക്കുന്നത് കഞ്ഞി കുടിക്കാന്‍ പോലും ഗതിയില്ലാതാകുമ്പോഴാണ് എന്നാണ്. പക്ഷെ താന്‍ നൊന്തുപ്രസവിച്ച മകളെ വിറ്റ് അന്നം നേടാന്‍ ഒരമ്മ തയ്യാറാകുമോ? പണാര്‍ത്തി സ്ത്രീകളുടെ സ്വഭാവമായി മാറുന്നതിന് ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു വ്യക്തി ഉദാഹരണമായി പറഞ്ഞത് പെണ്‍കുട്ടികളെ ഗര്‍ഭിണികളാക്കി കുഞ്ഞുങ്ങളെ വില്‍ക്കുന്ന വ്യവസായം ഉത്തരേന്ത്യയില്‍ ഉണ്ടെന്നാണ്. അമ്മമാര്‍ ഗര്‍ഭപാത്രം വാടകക്ക് കൊടുത്ത്, ഗര്‍ഭം ധരിച്ച്, പ്രസവിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റി കുഞ്ഞുങ്ങളെ കൈമാറുന്ന പ്രവണത കേരളത്തിലും വ്യാപകമാകുന്നുണ്ട്.
‘ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍’ എന്ന പ്രവണത വ്യാപകമായതോടെയാണിത്. ഇങ്ങനെ ചെയ്യുന്നതും ധനലാഭത്തിനുവേണ്ടിതന്നെയാണ്. ഈ ധനാര്‍ത്തി തന്നെയായിരിക്കും മലയാളികളെ എല്ലാ തട്ടിപ്പിന്റെയും ഇരകളാക്കി മാറ്റുന്നതും. മണിചെയിന്‍ തട്ടിപ്പില്‍ ലക്ഷങ്ങള്‍ കൊയ്ത ഷംസുദ്ദീന് അറസ്റ്റിലായപ്പോള്‍ തെളിഞ്ഞത് അയാള്‍ കബളിപ്പിച്ച വ്യക്തികളുടെ നീണ്ട നിരയാണ്. സ്ത്രീകളാണ് തട്ടിപ്പിന് എളുപ്പം വിധേയരാകുന്നത്. എളുപ്പം പണം സമ്പാദിക്കാന്‍ ഏത് മാര്‍ഗവും അവലംബിക്കുന്ന മലയാളിയുടെ പ്രവണത കൂടുതല്‍ ശക്തമായി പ്രതിഫലിക്കുന്നത് സ്ത്രീകളിലാണ്. ജോലി വാഗ്ദാനം നല്കി കടത്തിക്കൊണ്ടുപോയി ഗള്‍ഫ് സെക്സ് മാര്ക്കറ്റുകളിലെത്തുന്നതില് ഏറെയും മലയാളി വനിതകളാണ്. എന്തും വിശ്വസിപ്പിക്കാവുന്നവരായി മലയാളി സ്ത്രീകള്‍ മാറുന്നതിന്റെ മറ്റൊരു പ്രതിഫലനമാണ് വിവാഹ വാഗ്ദാനം നല്കി കബളിപ്പിക്കല്‍. ഒരു മിസ്ഡ് കോള്‍ വഴി തുടങ്ങുന്ന പ്രണയബന്ധം വിവാഹ വാഗ്ദാനത്തിലെത്തുമ്പോള് കോളേജ് കുമാരികള്വരെ പ്രതിശ്രുത വരനെ ഒരു നോക്കുപോലും കണ്ടിട്ടില്ലെങ്കിലും വീട് വിട്ടിറങ്ങാന്‍ തയ്യാറാകുന്നു. ഇങ്ങനെ ഇറങ്ങി തിരിച്ച് ലൈംഗിക ചൂഷണത്തിന് വിധേയരായി ഉപേക്ഷിക്കപ്പെടുന്നതും ടെലിഫോണ്‍ കാമുകന് വൃദ്ധനാണെന്ന് തിരിച്ചറിയുമ്പോള്‍ തീവണ്ടിക്ക് തലവെക്കുന്നതും ഇന്ന് സാധാരണ സംഭവങ്ങളാണ്. വസ്തുതകള്‍ വിവേചനബുദ്ധിയോടെ വിലയിരുത്താതെ ക്ഷിപ്രപ്രതികരണം നടത്തുന്ന സ്ത്രീകള്‍ ആണ് തട്ടിപ്പിന് വിധേയരാകുന്നത്. മണിചെയിന്‍ തട്ടിപ്പിലും കുടുങ്ങുന്നത് അധികവും സ്ത്രീകളാണ്.
സ്ത്രീകള്‍ വിദ്യാഭ്യാസം നേടി, ഉദ്യോഗം നേടി തന്‍കാലില്‍ നിന്ന് ജീവിതം പങ്കുവെക്കുവാന്‍ പ്രാപ്തനും യോഗ്യനും എന്നും കണ്ടെത്തുന്ന ആളെ വിവാഹം കഴിക്കാന്‍ തയ്യാറാവാതെ താലി മാത്രം സ്വപ്നം കണ്ട് സ്വപ്നസഞ്ചാരികള്‍ ആകുമ്പോഴാണ് ഈ വിധം അനര്‍ത്ഥങ്ങളില്‍ ചാടുന്നത്.
മണ്ണും പെണ്ണും നന്നാക്കിയാല്‍ നന്നാകും എന്നത് പഴഞ്ചൊല്ല്. ഇന്ന് മണ്ണും പെണ്ണും ധനാഗമ മാര്‍ഗ്ഗങ്ങളാണ്. ഭൂമിയെ ചൂഷണം ചെയ്യുന്നതും ഈ പട്ടികയില്‍പ്പെടുത്താം.
തുടക്കത്തില്‍ പറഞ്ഞപോലെ കേരളം അഭ്യസ്തവിദ്യരുടെ നാടായിട്ടും സാംസ്കാരിക മൂല്യച്യുതിക്ക് വിധേയമാകുന്ന സംസ്ഥാനമായി മാറുകയാണ്. വിദ്യാഭ്യാസം പകര്‍ന്ന് നല്കിയ അറിവ് വികസനം എന്നാല്‍ പരിസ്ഥിതിനാശം എന്നാണ്. പരിസ്ഥിതിയെ നശിപ്പിച്ച് കൃഷിഭൂമിയും വനവും നശിപ്പിച്ച് അവിടെയെല്ലാം ഫ്ലാറ്റുകളും റിസോര്‍ട്ടുകളും കെട്ടിപ്പൊക്കുന്നതാണ് മലയാളികളുടെ വികസന സങ്കല്‍പ്പം. ഈ സങ്കല്പ്പത്തിന് പ്രചോദനം കോര്‍പ്പറേറ്റ് സ്വാധീനം കൂടിയാണ്. 170 കിലോമീറ്റര്‍ നീളമുള്ള സംസ്ഥാനത്ത് ഇപ്പോള്‍തന്നെ മൂന്ന് വിമാനത്താവളങ്ങള്‍ ഉണ്ട്. കണ്ണൂരില്‍ ഉടനെ മറ്റൊന്ന് വരും. ഇതിന് പുറമെയാണ് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിക്ക് ഏക്കര്‍കണക്കിന് നെല്‍വയല്‍ നികത്തി വിമാനത്താവളം പണിയാന്‍ ഇടത്-വലതുഭേദമെന്യേ രാഷ്ട്രീയ മുതലാളിമാര്‍ ഒത്താശ ചെയ്യുന്നത്. ഏറ്റവും ഒടുവിലായി കേള്‍ക്കുന്നത് വനവും നെല്‍വയലും നശിപ്പിച്ച് ഇടുക്കിയിലും ഒരു വിമാനത്താവളം വരുന്നുവെന്നാണ്. നൂറ്റാണ്ട് പഴക്കമുള്ള ആദിവാസി ഊരുകളും ഇതോടൊപ്പം നശിപ്പിക്കും.
ജൈവവൈവിധ്യസംരക്ഷണം, മാലിന്യസംസ്ക്കരണം മുതലായവയും ഒരു ദേശത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്. എത്ര പണം നേടിയാലും നശിച്ചുപോയ ഒരു സംസ്ക്കാരത്തെ പുനരുജ്ജീവിപ്പിക്കാന്‍ സാധ്യമല്ല. ഇടുക്കിയില്‍ വിമാനത്താവളം കൊണ്ടുവന്ന് കോര്‍പ്പറേറ്റ് പ്രീണനം നടത്തുമ്പോള്‍ കേരളം കേരളമാകുന്നതിന് മുമ്പ് കുടിയേറി നാടായ നാടൊക്കെ നെല്വയലാക്കിയ കര്‍ഷകനോടും പ്രാചീനമായ ആദിവാസി സംസ്കാരത്തോടും മാത്രമല്ല, വരും തലമുറയോടും ചെയ്യുന്ന കടുത്ത അനീതിയാണത്.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: