ലക്നൗ: മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ യുപി ഖാദി ആന്‍ഡ് ഗ്രാമ ഉദ്യോഗ് ബോര്‍ഡ് വൈസ് ചെയര്‍മാനെ മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്താക്കി. സംസ്ഥാനമന്ത്രിക്ക് സമാനമായ പദവിയിലിരുന്ന സമാജ്‌വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവ് കൂടിയായ നട്‌വര്‍ ഗോയലിനെയാണ് അഖിലേഷ് തത്സ്ഥാനത്ത് നിന്ന് നീക്കിയത്. ഗോയലിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചുവരുന്ന അനധികൃതകെട്ടിടത്തിന്റെ ഫോട്ടോയെടുക്കുന്നതിനിടെ ഗോയലും സംഘവും തന്നെ കയ്യേറ്റം ചെയ്തെന്ന് ഫോട്ടോ ജേണലിസ്റ്റായ അഷുതോഷ് ഗുപ്ത പോലീസില്‍ പരാതിപ്പെട്ടിരുന്നു. എയ്ഡഡ് കോളേജ് പൊളിച്ചുമാറ്റിയതിന് ശേഷമാണ് നട്‌വര്‍ അനധികൃതമായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് അഷുതോഷ് ഗുപ്ത പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
മാധ്യമപ്രവര്‍ത്തകന്റെ പരാതിയെത്തുടര്‍ന്ന് അച്ചടക്കലംഘനം നടത്തിയ നട്‌വറിനെ ഔദ്യോഗികസ്ഥാനത്ത് നിന്നും പാര്‍ട്ടി ഉത്തരവാദിത്തത്തില്‍ നിന്നും മാറ്റാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് നിര്‍ദ്ദേശം നല്‍കിയതായി എസ്പി വക്താവ് രാജേന്ദ്ര ചൗധരി അറിയിച്ചു. നട്‌വറിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് സൂപ്രണ്ട് ആര്‍.കെ.ചതുര്‍വേദി പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ നട്‌വര്‍ ഗോയല്‍ നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക