കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റുമായ സുനില്‍ ഗംഗോപാധ്യായ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. പുലര്‍ച്ചെ രണ്ടുമണിയോടെ കൊല്‍ക്കത്തയിലെ വസതിയില്‍ വെച്ചാണ് സുനില്‍ ഗംഗോപാധ്യായയ്ക്ക് ഹൃദയാഘാതമുണ്ടായത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് പൊതുപരിപാടികളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു ഇദ്ദേഹം. മരണസമയത്ത് ഭാര്യ സ്വാതി അടുത്തുണ്ടായിരുന്നു. ഏക മകന് ബോസ്റ്റണില്‍നിന്ന് തിരിച്ചെത്തുന്നത് വരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും.
കവിതയോടുള്ള തന്റെ സ്നേഹം മരിക്കുംവരെ മനസ്സില്‍ സൂക്ഷിച്ചിരുന്ന ഈ എഴുത്തുകാരന് നോവലുകള്‍, ചെറുകഥകള്‍, യാത്രാ വിവരണങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങി സാഹിത്യത്തിന്റെ വിവിധ ശാഖകളിലായി 200 ലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി പുരസ്ക്കാരം, ആനന്ദ് പുരസ്ക്കാരം, ഹിന്ദു ലിറ്റററി പ്രൈസ് എന്നിവ നേടി. പ്രഥം ആലോ എന്ന നോവല്‍ സരസ്വതി സമ്മാനത്തിന് അര്‍ഹമായി. ഫരീദ്പൂരില്‍ 1934 ല്‍ ജനിച്ച സുനില്‍ ഗംഗോപാധ്യായ കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്നാണ് ബംഗാളി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയത്. വേറിട്ട ശൈലികൊണ്ട് ബംഗാളി സാഹിത്യത്തെ സമ്പന്നമാക്കിയ അതുല്യ പ്രതിഭയെ യാണ് നമുക്ക് നഷ്ടമായതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: