നെടുമ്പാശ്ശേരി: എയര്‍ കേരളയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി എയര്‍ കേരള പദ്ധതിയ്ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള അപേക്ഷ നവംബര്‍ ആദ്യവാരം ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കുമെന്ന് എക്സൈസ് തുറമുഖ മന്ത്രി കെ. ബാബു പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലിന് മുമ്പില്‍ നിര്‍മ്മിച്ച മേല്വിതാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എയര്‍ കേരള പദ്ധതി നടപ്പിലാക്കുന്നതിനുള്ള അപേക്ഷ നല്‍കുന്നതിന് മുമ്പ് 100 കോടി രൂപ സമാഹരിക്കേണ്ടതുണ്ട്. ഇത് ഉടന്‍ സമാഹരിക്കും. അപേക്ഷ നല്കുന്നതിനോടൊപ്പം തന്നെ എയര്‍ കേരള തുടങ്ങുന്നതിനുവേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. എയര്‍ കേരളയുടെ പ്രവര്‍ത്തനത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള സംഘത്തിന്റെ പഠനറിപ്പോര്‍ട്ട് ലഭിക്കുന്നതിനുമുമ്പ് തന്നെ അപേക്ഷ നല്‍കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. ഇത് പ്രവാസികള്‍ ഏറെ ആശ്രയിക്കുന്ന എയര്‍ ഇന്ത്യയുടെ നിഷേധാത്മകമായ നിലപാടുകള്‍ മൂലമാണ്. പ്രവാസിമലയാളികളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കിയതുകൊണ്ടാണ് എയര്‍ കേരള എത്രയും പെട്ടെന്ന് യഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി ബാബു പറഞ്ഞു. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിന്റെ മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പഞ്ചായത്ത് സമര്‍പ്പിച്ച 15 ലക്ഷം രൂപയുടെ പദ്ധതിയുടെ മുഴുവന്‍ തുകയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി നല്‍കുമെന്നും ശ്രീമൂലനഗരം, കാഞ്ഞൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റിംഗ് റോഡ് സര്‍വ്വേയ്ക്ക് ശേഷം അങ്കമാലിയിലേക്കുള്ള റോഡിനുള്ള സര്‍വ്വേ നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. യോഗത്തില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കെ. പി. ധനപാലന് എം. പി., അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ, അങ്കമാലി നഗരസഭ ചെയര്മാന് സി. കെ. വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ബിന്‍സി പോള്‍, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വൈ. വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോര്‍ജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ ഉണ്ണി, ഡയറക്ടര്‍മാരായ സി. വി. ജേക്കബ്, എന്‍. വി. ജോര്‍ജ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്. വെങ്കിടേശ്വരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: