ന്യൂദല്‍ഹി: വിവരാവകാശപ്രവര്ത്തകന് അരവിന്ദ് കേജ്രിവാളിനെതിരെ ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് മാനനഷ്ടത്തിന് നോട്ടീസ് നല്കി. ഷീലയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പവാന്‍ ഖേര യാണ് കേജ്രിവാളിന് നോട്ടീസ് അയച്ചത്. ഷീലാ ദീക്ഷിതിനെ കേജ്രിവാള് ദല്ലാള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചതിനാണ് നോട്ടീസ് അയച്ചത്. പ്രയോഗം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ഷീലയുടെ ആവശ്യം. പത്രത്തിലൂടെയോ, ടിവിയിലൂടെയോ മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കാര്യത്തില്‍ കേജ്രിവാളിന്റെ മറുപടിക്കായി കാത്തുനില്ക്കുമെന്നും അതിനുശേഷം കോടതിയെ സമീപിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ടിവി പരിപാടിക്കിടെയാണ് കേജ്രിവാള് ഷീലയെ ദല്ലാളെന്നുവിളിച്ചത്. വൈദ്യുതിക്ക് അമിത നിരക്ക് ഈടാക്കി സര്‍ക്കാര്‍ ജനങ്ങളെ പിഴിയുകയാണെന്നായിരുന്നു കേജ്രിവാളിന്റെ പരാമര്‍ശം.
അതേസമയം, നോട്ടീസിനെ താന്‍ ഭയക്കുന്നില്ലെന്നായിരുന്നു കേജ്രിവാളിന്റെ മറുപടി. ആരോപണത്തില്‍ താന്‍ ഉറച്ച്നില്ക്കുമെന്നും കേജ്രിവാള് പറഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ക്ക് നീതി ലഭിക്കാന്‍ പോകുന്നില്ല. നിങ്ങളേയും നിങ്ങളുടെ പാര്‍ട്ടിയേയും അപമാനിച്ചുകൊണ്ടേയിരിക്കുമെന്നും കേജ്രിവാള് പറഞ്ഞു.
കേജ്രിവാളും സംഘവും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ ജനങ്ങള്‍ പിന്തുണക്കരുതെന്നും ഇന്നലെ ഷീല ദീക്ഷിത് പറഞ്ഞു. കേജ്രിവാളിന്റെ ചതിക്കുഴിയില്‍ നിങ്ങള്‍ വീഴരുതെന്നും ഷീല മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: