കോട്ടയം: സാമൂഹിക ക്ഷേമവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവഞ്ചൂര്‍ ജുവനെയില്‍ ഹോമില്‍നിന്നും മൂന്നു കുട്ടികളെ കാണാതായി. കഴിഞ്ഞ 16-നാണ് പതിനാറുകാരായ മൂന്നു കുട്ടികളെ കാണാതായത്. ജുവനെയില്‍ ഹോം അധികൃതരുടെ പരാതിയെ തുടര്‍ന്ന് 19-ന് കേസ്സെടുത്ത് അന്വേഷണം നടന്നുവരുന്നതായി അയര്‍ക്കുന്നം എസ്ഐ നിസ്സാം പറഞ്ഞു. നാല് ദിവസം മുന്‍പ് സ്കൂളില്‍ പോയ പതിനാറുകാരായ മൂന്ന് കുട്ടികളെയാണ് കാണാതായിരിക്കുന്നത്. സ്കൂളില്‍ നിന്നും ജുവനെയില്‍ ഹോമിലെത്തിയ ശേഷം കുട്ടികള്‍ വസ്ത്രങ്ങളും മറ്റും ശേഖരിച്ചാണ് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് കുട്ടികളെ കാണാതാകുന്നത് പതിവ് സംഭവമാണെന്ന് നാട്ടുകാരും പറയുന്നു. കുട്ടികള്‍ തനിയെ തിരകെ വരുമെന്ന നിലപടാണ് പലപ്പോഴും ജുവനെയില്‍ ഹോം അധികൃതര്‍ കൈക്കൊള്ളുന്നത്.
ജുവനെയില്‍ ഹോമിലെ കുട്ടികളെ പീഡിപ്പിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് ബിജെപി യുവമോര്‍ച്ച അടുത്തിടെ സമരരംഗത്തിറങ്ങി. ഇതേ തുടര്‍ന്ന് സംഭവം വിവാദമായതോടെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സാമൂഹ്യക്ഷേമ ഡയറക്ടര്‍ എം.എസ്. ജയ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരില്‍നിന്നും മൊഴി എടുക്കുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് ഇപ്പോള്‍ മൂന്ന് കുട്ടികള്‍ അപ്രത്യക്ഷമായിരിക്കുന്നത്. ഇത് തദ്ദേശീയ പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. തൊടുപുഴ ഉപ്പുതറ ജോജോവധക്കേസിലെ പ്രതിയായ കുട്ടിക്ക് തിരുവഞ്ചുര്‍ ജുവനെയില്‍ ജസ്റ്റിസ് ഹോമില്‍ മര്‍ദ്ദനമേറ്റതായി പരാതിയുണ്ട്. കുട്ടികളുടെ പരാതിയെ തുടര്‍ന്ന് രണ്ട് കീയര്ടേക്കര്മാര്ക്കെതിരെ കേസെടുക്കാന്‍ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫെലിക്സ് മരിയ ദാസ് ഉത്തരവിട്ടിട്ടുണ്ട്. കീയര്ടേക്കര്മാര്ക്കെതിരെ എഫ്.ഐ.ആര്. തയ്യാറാക്കാന്‍ അയര്‍ക്കുന്നം പോലീസിന് കോടതി നിര്‍ദ്ദേശം നല്കി. റിപ്പോര്‍ട്ട് അവിടത്തെ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കണം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജുവനെയില്‍ ജസ്റ്റിസ് ബോര്‍ഡിന് നല്‍കണമെന്നും മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തെ തുടര്‍ന്നാണ് കുട്ടികള്‍ ജുവനെയില്‍ ഹോമില്‍നിന്നും ഒളിച്ചോടുന്നതെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ നിലവിലുണ്ട്. ആരോപണവിധേയരായ അധ്യാപകരെ ശിക്ഷണനടപടികള്‍ക്ക് വിധേയമാക്കിയിരുന്നു. കാണാതായ കുട്ടികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി, യുവമോര്‍ച്ച കിടങ്ങൂര്‍-അയര്‍ക്കുന്നം റോഡ് ഇന്നലെ ഉപരോധിച്ചു. വൈകിട്ട് 6.30ന് നടന്ന ഉപരോധ സമരം ബിജെപി പ്രചരണവിഭാഗം അഡ്വ. നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി പി.എസ്.ഹരിപ്രസാദ്, ജില്ലാ കമ്മറ്റി അംഗം സുനില്‍കുമാര്‍ കീരനാട്ട്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അനൂപ് പയ്യപ്പാടി, മണ്ഡലം പ്രസിഡന്റ് അനുമോന് പൗലോസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: