ന്യൂദല്‍ഹി: വിമാനറാഞ്ചലുകളില് നിന്നും യാത്രക്കാരെ രക്ഷിക്കാനും ബന്ദിയാക്കുന്ന സാഹചര്യങ്ങളിലും ഇനി മുതല്‍ എന്‍എസ്ജി ‘ഡംഡം’ വെടിയുണ്ടകള്‍ ഉപയോഗിക്കും. ആക്രമണകാരിയെ കൃത്യമായി ലക്ഷ്യമിട്ട് തുളഞ്ഞു കയറുന്ന ഈ വെടിയുണ്ടകള്‍ മറ്റു യാത്രക്കാരെ മുറിവേല്‍പ്പിക്കുകയോ വിമാനത്തിന് കേടുവരുത്തുകയോ ഇല്ല.
ബ്രിട്ടീഷ് ഇന്ത്യയിലെ കൊല്‍ക്കത്തയ്ക്കു സമീപമുള്ള ഡംഡം സേനാ ആസ്ഥാനത്തെ അനുസ്മരിച്ചാണ് വെടിയുണ്ടകള്‍ക്ക് ഈ പേര് ലഭിച്ചത്. അന്ന് ഡംഡം സേനാ ആസ്ഥാനത്തെ പ്രത്യേക കമാന്റോ വിഭാഗം കൃത്യമായ ലക്ഷ്യത്തില്‍ ആക്രമണം നടത്താന്‍ നിയോഗിക്കപ്പെട്ടിരുന്നവരാണ്. കൃത്യതയുടെ അടിസ്ഥാനത്തിലാണ് ഡംഡം എന്ന പേര് സ്വീകരിച്ചത്. രാജ്യാന്തര ഉടമ്പടി അനുസരിച്ച് ഈ വെടിയുണ്ടകള്‍ മറ്റൊരു കാര്യത്തിനും ഉപയോഗിക്കരുത്. പ്രത്യേക പരിശീലനം സിദ്ധിച്ച ഭീകരാക്രമണ-റാഞ്ചല്‍ വിരുദ്ധ കമാന്റോ സേനയായ എന്എസ്ജിക്കാണ് ഈ വെടിയുണ്ടകള്‍ നല്‍കുക.
2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനവാസമുള്ള ഫൈവ്സ്റ്റാര്‍ ഹോട്ടലടക്കമുള്ളിടത്ത് വളരെ അടുത്തു നിന്ന് ആക്രമിക്കാന്‍ ഇത് സഹായകരമാകും. വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന ഈ വെടിയുണ്ടകള്‍ ആക്രമണകാരിയുടെ ശരീരത്തില്‍ തുളച്ചു കയറി കൊല്ലുകയോ അനങ്ങാന്‍ വയ്യാത്ത അവസ്ഥയിലാക്കുകയോ ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. വെടിയുണ്ടകള്‍ വാങ്ങുന്നത് നമ്മുടെ സുഹൃദ്രാജ്യത്തില് നിന്നുമാണെന്ന് സുരക്ഷാ കാര്യങ്ങള്‍ മുന്‍നിര്‍ത്തി രാജ്യത്തിന്റെ പേരു പറയാതെ അധികൃതര്‍ വ്യക്തമാക്കി.
എന്‍എസ്ജി ചില തിരഞ്ഞെടുത്ത റൂട്ടുകളില്‍ പറക്കുന്ന വിമാനങ്ങള്‍ക്ക് റാഞ്ചലില്‍ നിന്നും സുരക്ഷയേകാനും ഭീകരാക്രമണ-ബന്ദി പ്രതിസന്ധികളില്‍ ഇടപെടാനും കഴിയുന്ന ആകാശസേനയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. വിമാനറാഞ്ചലുകള്‍, ഭീകരാക്രണപദ്ധതികള് എന്നിവയെ എതിരിടുന്ന ബ്ലാക് ക്യാറ്റ് കമാന്റോകള്‍ക്ക് നിലവില്‍ ഈ വെടിയുണ്ടകള്‍ നല്‍കിയിട്ടുണ്ട്. അവരുപയോഗിക്കുന്ന എംപി 5 എന്ന മിന്നലാക്രമണ റൈഫിളുകളിലും ഗ്ലോക് പിസ്റ്റളുകളിലും ഈ വെടിയുണ്ടകള്‍ ഉപയോഗയോഗ്യമാണ്.
സാധാരണ വെടിയുണ്ടകളെ പോലെ ഇവ ഒരേ നിരയിലുള്ള കേടുപാടുകള്‍ ഉണ്ടാക്കുകയോ ആക്രമണകാരിയുടെ ശരീരം തുളച്ച് പുറത്തു വരികയോ വിമാനത്തിനുള്ളില്‍ തറച്ച് തുളവീഴ്ത്തി ദുരന്തമുണ്ടാക്കുകയോ ചെയ്യില്ല. ഒരു വ്യോമസൈനികനെയോ കമാന്റോയേയോ കൃത്യമായ ഉന്നത്തിന് പരിശീലിപ്പിക്കാം. എന്നാല്‍ കൃത്യമായി വെടിയേല്‍ക്കുന്ന ഭീകരന്റെ ശരീരംതുളച്ച് പുറത്തുവരുന്ന വെടിയുണ്ട സമീപത്തുള്ള യാത്രക്കാരനെ മുറിവേല്‍പ്പിക്കുകയോ അതുമല്ലെങ്കില്‍ വിമാനത്തിന് കേടുപാടുകളുണ്ടാക്കുകയോ ചെയ്യുമെന്ന് അധികൃതര്‍ ഭയന്നിരുന്നു. എന്നാല്‍ ഈ പ്രത്യേക വെടിയുണ്ടകള്‍ കമാന്റോകള്‍ക്ക് നല്‍കുന്നതിലൂടെ സൈനികനീക്കത്തിന് കൂടുതല്‍ മൂര്‍ച്ചയും ഉറപ്പുംകൈവരുമെന്ന് പ്രത്യേകസേനാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: