കൊച്ചി: കൊച്ചി നഗരസഭയിലെ ഇടതുപക്ഷ, യുഡിഎഫ് അംഗങ്ങള്‍ ദല്‍ഹി ടൂറില്‍. നഗരഭരണം നിശ്ചലമായെന്ന് ആക്ഷേപം. വിവിധ പദ്ധതികളെക്കുറിച്ച് ദല്‍ഹിയിലെ ചില കേന്ദ്രങ്ങളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിനും പഠിക്കുന്നതിനുമെന്ന പേരിലാണ് 29 അംഗ ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ യാത്ര. നഗരസഭയുടെ ചെലവില്‍ ദല്‍ഹി ടൂര്‍ നടത്തുന്നതിനെ പ്രതിപക്ഷകക്ഷികളിലെ ചിലര്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നു.
മേയര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ ആര്. ത്യാഗരാജന്, കെ.ജെ. സോഹന്‍ എന്നിവരും യാത്രാസംഘത്തിലുണ്ട്. ഡെ. മേയറും രണ്ട് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരും വ്യക്തിപരമായ കാരണങ്ങളാല്‍ യാത്രയില്‍നിന്നും വിട്ടുനില്‍ക്കുകയാണ്.
വടക്കേയിന്ത്യന്‍ യാത്ര പ്ലാന്‍ ചെയ്തപ്പോള്‍ തന്നെ ബിജെപിയിലെ രണ്ട് അംഗങ്ങള്‍ തങ്ങളുടെ എതിര്‍പ്പ് അറിയിച്ച് മാറിനില്‍ക്കുകയായിരുന്നു. നഗരസഭാ വാര്‍ഡുകളില്‍ വിവിധ പദ്ധതികളില്‍ തങ്ങളുടെ സാന്നിധ്യം ആവശ്യമുള്ളപ്പോഴാണ് കൗണ്‍സിലര്‍മാര്‍ കൂട്ടത്തോടെ വിട്ടുനില്‍ക്കുന്നത്. കഴിഞ്ഞ 17 നാണ് ഇവര്‍ യാത്രതിരിച്ചത്. തിരിച്ചുവരുന്നതിന്റെ വിവരം ആര്‍ക്കും വ്യക്തമല്ല. നഗരസഭാ പരിധിക്കുള്ളിലെ വാര്‍ഡുകളില്‍ വിവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും മാലിന്യനീക്കവും അടക്കം പ്രാധാന്യമുള്ള കാര്യങ്ങള്‍ വിസ്മരിച്ച് നഗരസഭാംഗങ്ങളുടെ ഉല്ലാസയാത്ര ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിന് വഴിതെളിച്ചിട്ടുണ്ട്. ദല്‍ഹിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, രാഷ്ട്രപതി പ്രണബ് മുഖര്‍ജി തുടങ്ങി വിവിധ വകുപ്പുമന്ത്രിമാരുമൊക്കെയായി സംഘം കൂടിക്കാഴ്ച നടത്തുന്നുണ്ട്.
കെ.കെ. റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: