തൃപ്പൂണിത്തുറ: വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ ഔദ്യോഗികമായും അനൗദ്യോഗികമായും തോന്നിയ പോലെയെല്ലാം പവര്‍കട്ട് ഏര്‍പ്പെടുത്തി രാപകല്‍ ജനങ്ങളെ വലയ്ക്കുന്നു. ജില്ലയില്‍ പവര്‍കട്ടിന് കുപ്രസിദ്ധമായ ഉദയം പേരൂര്‍ ഗ്രാമപഞ്ചായത്ത്, തൊട്ടടുത്ത ആമ്പല്ലൂര്‍ പഞ്ചായത്ത്, ചോറ്റാനിക്കര, മുളന്തുരുത്തി പഞ്ചായത്ത് പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് പകലും രാത്രിയും ഭേദമില്ലാതെ ദിവസവും വൈദ്യുതി മുടങ്ങുന്നത് പതിവായിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചുള്ള ഒരു മണിക്കൂര്‍ പവര്‍കട്ടിന് പുറമെ കെഎസ്ഇബി അധികൃതരുടെ വകയായി മൂന്നും നാലും മണിക്കൂര്‍ നീളുന്ന പവര്‍കട്ട് വേറെയുമുള്ളതാണ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നത്.
പവര്‍കട്ടിന്റെ വിവരം അറിയുന്നതിന് വൈദ്യുതി സെക്ഷന്‍ ഓഫീസുകളിലേക്ക് വിളിച്ചാല്‍ ഫോണ്‍ കണക്ഷന് കിട്ടുന്നതും, വ്യക്തമായ മറുപടി കിട്ടുന്നതും വല്ലപ്പോഴും മാത്രമാണ്. ആമ്പല്ലൂരില്‍ ഫോണ്‍റിസീവര്‍ മാറ്റി വെക്കുന്നതും പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
വൈദ്യുതി ലൈനുകളില്‍ മുട്ടികിടക്കുന്ന വൃക്ഷകൊമ്പുകള്‍ മുറിക്കുന്നതിന്റെപേരിലും അറ്റകുറ്റപണിയുടെ പേരിലും പ്രദേശമാകെ തന്നെ വൈദ്യുതി വിച്ഛേദിക്കുന്ന സമ്പ്രദായം വ്യാപകമായിരിക്കുന്നു. വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പ് പതിവാണെങ്കിലും അറിയിപ്പില്‍ പറയാത്ത സ്ഥലങ്ങളിലും വൈദ്യുതി മുടക്കം സാധാരണമാണ്. ഉപഭോക്താക്കള്‍ക്ക് പ്രതിദിനം എത്രസമയം വൈദ്യുതി നിഷേധിക്കാനാവും എന്ന മാനദണ്ഡപ്രകാരമാണ് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ ഇപ്പോള്‍ പെരുമാറുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അംഗീകൃത അറിയിപ്പ് പ്രകാരം മാത്രം വൈദ്യുതി വിച്ഛേദിക്കുന്ന രീതിനടപ്പാക്കാന് വേദ്യുതി ബോര്‍ഡ് അധികൃതര്‍ തയ്യാറാവണമെന്നും അനധികൃതമായി വൈദ്യുതി മുടങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും പഞ്ചായത്ത് പ്രദേശങ്ങളിലെ ഉപഭോക്തൃ സമിതികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: