പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ ഭരണസമിതിക്കെതിരെ യൂത്കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ ഒരു പഞ്ചായത്തംഗം പങ്കെടുത്ത നടപടി വിവാദമാകുന്നു. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗമാണ്. മനോജ് മൂത്തേടന്റെ നേതൃത്വത്തില്‍ സമരം നടത്തിയത്. കോണ്‍ഗ്രസ് ഭരണം നടത്തുന്ന കൂവപ്പടിയില്‍ കോണ്‍ഗ്രസ്സിലെ തന്നെ പഞ്ചായത്തംഗം ഷൈമോള്‍ ഷൈജനാണ് പരസ്യമായി പഞ്ചായത്ത് ഭരണസമിതിക്കെതിരെ രംഗത്ത് വന്നത്.
പഞ്ചായത്തംഗം പഞ്ചായത്ത് ഭരണസമിതിക്കെതിരെ നടത്തിയ സമരം ജനാധിപത്യ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഭരണഘടനാ ലംഘനമാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഷൈമോള്‍ ഷൈജന്‍ ചെയ്തത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും പഞ്ചായത്തംഗത്വം വരെ നഷ്ടപ്പെടാന്‍ ഇടവരുത്തുന്ന കുറ്റമാണെന്നും നിയമ വിദഗ്ദ്ധര്‍ പറയുന്നു. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് കോണ്‍ഗ്രസിനെതിരെ സമരം ചെയ്തുവെന്നതിനാല്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചുവെന്ന കാരണത്താല്‍ പാര്‍ട്ടി അംഗത്വം റദ്ദാക്കാമെന്നും അങ്ങിനെ വന്നാല്‍ പഞ്ചായത്തംഗത്വം വരെ നഷ്ടപ്പെടാന്‍ ഇത് കാരണമാകുമെന്നും പറയുന്നു.
പെരുമ്പാവൂര്‍ മേഖലയില്‍ കോണ്‍ഗ്രസ്സില്‍ ഐ, എ ഗ്രൂപ്പ് പോര് ശക്തമാക്കിയിട്ട് കുറെ നാളുകളായി. ഐ ഗ്രൂപ്പ് നേതാക്കളായ പി.പി.തങ്കച്ചനും, ടി.പി.ഹസ്സനുമെതിരെ എഗ്രൂപ്പ് നേതാവ് ടി.എച്ച്.മുസ്തഫ തുറന്നയുദ്ധം തുടങ്ങിയിട്ട് അധികമായിട്ടില്ല. ഇതിന്റെ ബാക്കിപത്രവും തുടര്‍ച്ചയുമാണ്. കൂവപ്പടിയില്‍ കഴിഞ്ഞ ദിവസം കണ്ടത്. ഒരു വിഭാഗക്കാരനായ പി.വൈ.പൗലോസ് പ്രസിഡന്റായിട്ടുള്ള ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കെതിരെയാണ് എ.വിഭാഗത്തിന്റെ ഷൈമോള്‍ ഷൈജന്‍ സമരത്തിനെത്തിയത്.
എന്നാല്‍ ഒരു ഭരണസമിതിക്കെതിരെ പ്രതിപക്ഷ അംഗങ്ങള്‍ പോലും ചെയ്യാത്ത നടപടിയാണ് ഭരണപക്ഷ അംഗം ചെയ്തതെന്നും ഇനി ഇവര്‍ ഭരണമുന്നണിയില്‍ തുടരാന്‍ അര്‍ഹയല്ലെന്നും നാട്ടുകാര്‍ പറയുന്നു. കോണ്‍ഗ്രസ് ഭരണം നടത്തുന്ന കൂവപ്പടിഗ്രാമപഞ്ചായത്തില് ഭരണപക്ഷ അംഗങ്ങള്‍ക്ക് തന്നെ ഭരണത്തില്‍ അതൃപ്തിയുള്ളതിനാലാണ് ഇത്തരത്തില്‍ തുറന്ന് സമരങ്ങള്‍ക്ക് തയ്യാറാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഭരണകക്ഷിക്കെതിരെ ഒരു ഭരണകക്ഷിയംഗം തന്നെ സമരം നടത്തുന്നത് ഭരണഘടനാ ലംഘനമായതിനാല്‍ ആ അംഗത്തെ പുറത്താക്കണമെന്നാണ് പൊതു അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: