ന്യൂദല്‍ഹി: ഏത് ആക്രമണവും നേരിടാന്‍ ഇന്ത്യ സുസജ്ജമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. ഇന്ത്യാ-ചൈന യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ ഇന്ത്യാ ഗേറ്റിലെ അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അതിര്‍ത്തി പ്രശ്നങ്ങള്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാണ്. അതിര്‍ത്തികള്‍ പരിരക്ഷിക്കാനുള്ള കഴിവ് നമുക്കുണ്ട്. 1962 ലെ ഇന്ത്യയല്ല ഇന്നത്ത ഇന്ത്യ. സായുധ സേനകളേയും അടിസ്ഥാന സൗകര്യങ്ങളേയും മെച്ചപ്പെടുത്തുന്നതില്‍ കഴിഞ്ഞകാല സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിച്ച സൈനികര്‍ക്കായി ഒരു യുദ്ധസ്മാരകം നിര്‍മ്മിക്കുമെന്നും ആന്റണി പറഞ്ഞു. ഇതിനുള്ള കുറിപ്പ് പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ടെന്നും അധികം വൈകാതെ ഇത് മന്ത്രിസഭ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ ചില തര്‍ക്കങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ചൈന ചില ആവശ്യങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തിന്റെ താല്‍പ്പര്യമനുസരിച്ച് മാത്രമെ ഏത് തീരുമാനവും എടുക്കുകയുള്ളൂവെന്നും ആന്റണി പറഞ്ഞു. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. ഈ സമയത്ത് അതിര്‍ത്തിയിലൂടെ നുഴഞ്ഞ്കയറാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ-ചൈന യുദ്ധം നമുക്കൊരു പാഠമായിരുന്നു. ഇതില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കിയിട്ടുള്ളതെന്നും ആന്റണി പറഞ്ഞു.
പ്രതിരോധ മന്ത്രിക്ക് പുറമെ മൂന്ന് സേനാവിഭാഗങ്ങളുടെയും മേധാവികളും അമര്‍ ജവാന് ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഇതാദ്യമായാണ് ഇന്ത്യാ-ചൈനാ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരെ ആദരിക്കുന്നതിനായി പ്രത്യേക ചടങ്ങ് നടത്തുന്നത്. 1962 ഒക്ടോബര്‍ 20ന് ആരംഭിച്ച് ഒരു മാസം നീണ്ടുനിന്ന യുദ്ധത്തില്‍ 4000 സൈനികരാണ് രാജ്യത്തിനുവേണ്ടി ബലിദാനികളായത്. ഇന്ത്യയുടെ പ്രതിരോധ, സാമ്പത്തിക, രാഷ്ട്രീയ അടിത്തറകളെ തകര്‍ത്തുകൊണ്ടാണ് ചൈന ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. ഒരു മാസത്തിന് ശേഷം ചൈന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണ് യുദ്ധം അവസാനിച്ചത്. ടിബറ്റിന്റെ മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനീസ് നീക്കത്തെ എതിര്‍ത്തതും ദലൈലാമയ്ക്കും അനുയായികള്‍ക്കും ഇന്ത്യ അഭയം നല്‍കിയതുമാണ് ചൈനയെ ചൊടിപ്പിക്കാനുള്ള കാരണമായി പറയുന്നത്. എന്നാല്‍ ഇന്ത്യാ-ചൈനാ യുദ്ധത്തിന് അമ്പതാണ്ടുകള്‍ക്കിപ്പുറം യുദ്ധത്തിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണവും ലക്ഷ്യവും എന്താണെന്ന ചോദ്യം ഇന്നും അവശേഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: