ശ്രീനഗര്‍: ശ്രീനഗറിലെ ഹോട്ടലില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്ക്കറെ -ഈ ത്വയ്ബ ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. ഇന്നലെ വൈകിട്ട് നഗരത്തിലെ പ്രമുഖ ഹോട്ടലിന് സമീപം ഭീകരര്‍ കരസേനാ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് മുതല്‍ അഞ്ച്വരെ ഭീകരരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് സൈനികര്‍ തിരിച്ചുവെടിവെച്ചു. വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹോട്ടല്‍ ജീവനക്കാരന് ഫറൂഖ് അഹമ്മദാണ് മരിച്ചത്. ദേശീയപാത ആക്രമിക്കാനായിരുന്നു ഇവരുടെ ശ്രമമെന്ന് പോലീസ് പറഞ്ഞു.
സമീപത്തെ ഹോട്ടലിലെല്ലാം ആക്രമണം നടത്തി. ഇതിനിടെയാണ് ഹോട്ടല്‍ ജീവനക്കാര്‍ക്ക് വെടിയേറ്റത്.ഭീകരരുടെ വെടിവെയ്പ്പില്‍ കരസേനാ വാഹനത്തിന് നാശമുണ്ടായെങ്കിലും സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വെടിവെയ്പ്പിന് ശേഷം ഓടി രക്ഷപ്പെട്ട ഭീകരര്‍ക്കായി പോലീസ് ഊര്‍ജിതമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.ആക്രമണത്തിന് ശേഷം ഈ പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെയ് 30 നാണ് നഗരത്തില്‍ ഒടുവില്‍ ഭീകരാക്രമണം ഉണ്ടായത്.ഇതില്‍ ഏഴു സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. 2008 ല്‍ മുംബെയില്‍ ലഷ്ക്കറെ ത്വയ്ബ നടത്തിയ ഭീകരാക്രമണത്തില്‍ 166 പേര് കൊല്ലപ്പെട്ടിരുന്നു.
അതേസമയം ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമാര്‍ അബ്ദുള്ള ആക്രമണത്തെ അപലപിച്ചു.എന്നാല്‍ ആക്രമണത്തിന്റെ ലക്ഷ്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: