അധികാരം മദ്യത്തെക്കാള്‍ മത്തുപിടിപ്പിക്കുന്ന ഒരവസ്ഥയാണ്; സാധനമാണ്. കാറ്റിനെപ്പോലെ അത് കാണാനാവില്ലെങ്കിലും അനുഭവിച്ചറിയാന്‍ കഴിയും. അധികാരം മത്തുപിടിച്ചവരൊക്കെ എന്തൊക്കെ ചെയ്തുകൂട്ടിയിട്ടുണ്ടെന്ന് നാട്ടുകാരെ പ്രത്യേകിച്ച് അറിയിക്കേണ്ടതില്ല. പഴയ അതേ കാര്യങ്ങള്‍ തന്നെയാണ് പുതിയ കാലത്തും സംഭവിക്കുന്നതെന്ന് അറിയുമ്പോള്‍ നമുക്ക് ചെറുതായൊന്ന് അഭിമാനിക്കുകയും ചെയ്യാം; പാരമ്പര്യം കൈവിടുന്നില്ലല്ലോ.
അഴിമതിയില്‍ നിന്ന് ഇന്ത്യയെ വിശുദ്ധപദവിയിലേക്കുയര്‍ത്താന്‍ കച്ചകെട്ടി ഇറങ്ങിയ അരവിന്ദ് കെജരിവാളിന്റെ സമയം മോശമായതുകൊണ്ടോ എന്തോ കേന്ദ്രമന്ത്രിയുടെ കയ്യില്‍ നിന്ന് കണക്കിനു തന്നെ കിട്ടിയിട്ടുണ്ട്. നിയമം പഠിച്ച മന്ത്രിയായിട്ടും സമനില വിട്ടപ്പോള്‍ നിയമം വേറെ നയം വേറെ എന്ന മട്ടായി. ജനങ്ങളെ സേവിക്കാന്‍ സദാ സന്നദ്ധനായ സല്മാന് ഖുര്‍ഷിദ് അണ പൈ കണക്കില്‍ പെടാതെ വാങ്ങാറില്ലത്രേ. അത്തരമൊരാളെക്കുറിച്ച് മാധ്യമക്കാരെ വിളിച്ചുകൂട്ടി നാലു വര്‍ത്തമാനം പറഞ്ഞാല്‍ സഹിക്കാനാവുമോ? കാര്യം അഹിംസയുടെ ആരാധനാമൂര്‍ത്തിയായ മഹാത്മജിയുടെ ആദര്‍ശം പ്രാവര്‍ത്തികമാക്കാന്‍ അക്ഷീണം പ്രയത്നിക്കുന്ന സംഘടനയിലെ പ്രമുഖനാണ് ഖുര്‍ഷിദ്. ഗാന്ധിജിയുടെ ആദര്‍ശം നടപ്പാക്കുകയല്ലാതെ സ്വയം പാലിക്കണമെന്ന് നിര്‍ബന്ധമില്ലല്ലോ. പൊതുജനസേവനമാകുമ്പോള് അത്യാവശ്യം വേതനവും ആകാം. പക്ഷേ, അത് പരസ്യമാവരുത്. പരസ്യമാക്കിയാല്‍ ചിലത് പ്രവര്‍ത്തിക്കേണ്ടിവരും. അത് കെജരിവാളിനെ അറിയിക്കാന്‍ വേണ്ടിയാണ് ഒരു തിണ്ണമിടുക്ക് വര്‍ത്തമാനം ഖുര്‍ഷിദ് വെട്ടിത്തുറന്ന് പറഞ്ഞത്. കൂടുതല്‍ പറഞ്ഞ് നീയെന്റെ നാട്ടിലേക്ക് വാ, കാണിച്ചുതരാം എന്നൊരു ചെറു പ്രയോഗമേ ഉണ്ടായുള്ളൂ.
അടിസ്ഥാനത്ത് അടികൊണ്ടാല്‍ തനിസ്വഭാവം കാട്ടാത്തവരാരുണ്ട്. ഫാറൂഖാബാദില്‍ കെജരിവാള്‍ സമരം നടത്തി തിരിച്ചുവരുന്നത് കാണട്ടെ എന്നുപറഞ്ഞത് അത്രകാര്യമായി എടുക്കേണ്ട എന്നാണ് സകലമാന കോണ്‍ഗ്രസ് നേതാക്കളും പറയുന്നത്. സ്വന്തം നാട്ടില്‍, നാട്ടുകാര്‍ മുമ്പാകെ നില്ക്കുമ്പോള് തമാശക്ക് അങ്ങനെ പലതും പറയും. അത് അതിന്റെ രീതിയില്‍ എടുത്താല്‍ മതി. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഇങ്ങനെ വാള്‍വീശലുകള്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. ആയതിനാല്‍ മനസ്സില്‍ മസ്സിലുള്ള ഒരു സംഘത്തെ ഒപ്പം കൂട്ടാന്‍ കെജരിവാള്‍ മറന്നുപോവരുത്. ഏത് കൊലകൊമ്പനായാലും ഇത്തരം സന്ദര്‍ഭങ്ങളിലാണ് യഥാര്‍ത്ഥ സ്വഭാവം പുറത്തുവരിക. അധികാരം മത്തുപിടിപ്പിച്ചാലും ഇല്ലെങ്കിലും ഇമ്മാതിരി സ്വഭാവം അറിയാനുള്ള ഒരവസരമായി നമുക്കിതിനെ കാണാം. ഇത്തരക്കാര്‍ ഇനിയെത്രയുണ്ടെന്നേ അറിയാനുള്ളൂ. കെജരിവാളിന്റെ സാര്‍ഥകസംഘം യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കട്ടെ. പിന്നെ ഒന്നുള്ളത്, ഇതുവരെ പേനയില്‍ മഷിയാണ് നിറയ്ക്കാറ് എന്നായിരുന്നു ധാരണ. അതിലിനി ചോരയും നിറയ്ക്കാം എന്ന കണ്ടുപിടുത്തം എത്ര ശ്ലാഘനീയം!
കവിതയുടെ കമനീയ കാന്തിയില്‍ ലയിച്ചിരിക്കുന്നവരുടെ മനോമുകുരങ്ങളില്‍ സ്ഥാനം പിടിക്കാത്ത കവിയാണ് എ. അയ്യപ്പന്. കത്തുന്ന കവിതയുടെ ചൂടും ചൂരും ആവാഹിച്ചെടുത്ത് പൊള്ളിപ്പിടയുന്ന അനുഭവങ്ങളുമായി തെരുവോരങ്ങളിലും പീടികവരാന്തകളിലും തന്റെ സ്വപ്നങ്ങള്‍ അഴിച്ചുവെച്ച് കണ്ണീരിനും കവിതക്കും കൂട്ടിരുന്നു അയ്യപ്പന്. കത്തുന്ന കവിതയായിരുന്ന ആ കവി ജനകീയനാവാനല്ല, ജനങ്ങളുടെ അനുഭവങ്ങളാവാനാണ് ശ്രമിച്ചത്. അതുകൊണ്ടുതന്നെ സൗവര്‍ണാനുഭവങ്ങള്‍ക്ക് മുമ്പില്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് അയ്യപ്പനെ കാണാനായില്ല, കേള്‍ക്കാനായില്ല. ആ അയ്യപ്പന് ഓര്‍മയായിട്ട് ഇന്നേക്ക് രണ്ടുവര്‍ഷം തികയുകയാണ്. അയ്യപ്പനുമായി സൗഹൃദബന്ധം പുലര്‍ത്തിയിരുന്ന ബംഗാളിയായ വിദ്യാര്‍ത്ഥി ചാറ്റര്‍ജിയുടെ ഹൃദയസ്പൃക്കായ ഒരു കുറിപ്പ് മാധ്യമം ആഴ്ചപ്പതിപ്പി(ഒക്ടോ.22)ല്‍ വായിക്കാം. അയ്യപ്പന് സാധാരണക്കാരുടെ മനസ്സില്‍ സ്ഥാനം പിടിച്ചതിന്റെ പിന്നിലെ മാന്ത്രിക പ്രതിഭാസം പരിശോധിക്കുകയാണ് ലേഖകന്‍ അയാളൊരു മരുപ്പച്ചയായിരുന്നു എന്ന ഒമ്പതു പേജ് ലേഖനത്തിലൂടെ. ഭാഷ ഇരുവരുടെയും ഇടയില്‍ വിടവ് സൃഷ്ടിച്ചിരിക്കാമെന്ന് ഓര്‍ത്തെടുക്കുന്ന വിദ്യാര്‍ത്ഥി ചാറ്റര്‍ജി എഴുതുന്നത് നോക്കുക: ജീവിച്ചിരുന്ന കാലത്ത് അയ്യപ്പന് വ്യാജകലാകാരന്മാര്ക്കും വ്യാജ ബുദ്ധിജീവികള്‍ക്കും സ്വയം ഉദ്ദേശിക്കാതെ തന്നെ ആയിപ്പോയ ഒരു ഭീഷണിയായിരുന്നെങ്കില്‍ മരണത്തില്‍, ക്ഷമിക്കണം അപ്രത്യക്ഷമാവലില് അയാള്‍ ബാങ്കോയുടെ പ്രേതത്തെപ്പോലെ മാക്ബത്തുമാരെ പിന്തുടര്ന്ന് പീഡിപ്പിക്കുകയും ഭ്രാന്തിന്റെ വക്കത്തെത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ചെന്നായ്ക്കള്‍ക്കിടയില്‍ വീണുപോയ നിഷ്കളങ്കതയുടെ കഥക്ക് ഇതിലും നല്ലൊരന്ത്യമുണ്ടാവാന് ബുദ്ധിമുട്ടാവുമല്ലോ. അയ്യപ്പന് തന്നെ ഒരു ബുദ്ധിമുട്ടായി കരുതിയ കാവ്യമാടമ്പിമാരും പണ്ഡിതാഗ്രേസരന്മാരും നിറഞ്ഞ നാട്ടില്‍ നിന്ന് കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍. അയ്യപ്പന് കവിത എഴുതാന്‍ എന്താണവകാശം എന്നു ചോദിച്ച ബുദ്ധിജീവികളുമിവിടെയുണ്ട് എന്ന് ഓര്‍ത്തുവെക്കുക. കാവ്യപാരമ്പര്യം വരേണ്യ അസംബന്ധത്തിന്റെ ഉമ്മറക്കോലായയില്‍ ചാരുകസേരയിട്ടിരിക്കണം എന്നാവാം അത്തരക്കാരുടെ മനസ്സിലിരിപ്പ്. എല്ലാ കലാപങ്ങള്‍ക്കും മുകളില്‍ നിഷ്കളങ്കനായി പൊട്ടിച്ചിരിച്ചുനിന്നു അയ്യപ്പന് എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഒരു കവിക്ക് ഇങ്ങനെ പറയേണ്ടിവന്നു:
“അയ്യപ്പാ ഇനി ഞാന്‍ ദൈവത്തെ വിളിക്കില്ല
നീയവനെ നെഞ്ചിന്കൂട്ടിലിരുത്തിയല്ലോ.”
വര്‍ഷം രണ്ടു കഴിയുമ്പോഴും അയ്യപ്പന് കൂടുതല്‍ ചടുലമായ നൃത്തച്ചുവടുകളോടെ സഹൃദയരുടെ മനസ്സിന്റെ വേദിയില്‍ ആടിത്തിമിര്‍ക്കുകയാണ്. അത് എന്തുകൊണ്ടാണെന്ന് വിദ്യാര്‍ത്ഥി ചാറ്റര്‍ജി ഇതില്‍ വിശകലനം ചെയ്യുന്നുണ്ട്. അതില്‍ അയ്യപ്പനുവേണ്ടിയുള്ള കണ്ണീര്‍ത്തുള്ളികള്‍ നിങ്ങള്‍ കാണില്ല. മറിച്ച് അയ്യപ്പന്റെ സ്വത്വബോധം തിരിച്ചറിഞ്ഞ ആഹ്ലാദപ്പൊട്ടുകള് കാണാം. അയ്യപ്പന് എന്നും അയ്യപ്പന് തന്നെയായിരുന്നു. സമ്പന്നമായ ഒരു വിധി കനിഞ്ഞനുഗ്രഹിച്ചുകൊടുത്ത അദ്ഭുതകരമാംവിധം പരിമിതമായ ‘ബൗദ്ധികമായ’ പണിയായുധങ്ങള്ക്കപ്പുറം മറ്റൊന്നും ചോദിക്കാത്ത സ്വയം പര്യാപ്തനായൊരു മനുഷ്യനായിരുന്നു അയാള്‍. അതില്‍ നിന്നാണ് അയ്യപ്പനെന്ന മിസ്റ്ററിയും അയ്യപ്പനെന്ന തെളിമയും ഒരേപോലെ ജനിക്കുന്നത് എന്ന് വിദ്യാര്‍ത്ഥി ചാറ്റര്‍ജി കുറിയ്ക്കുന്നു. ആ തെളിമ മനസ്സിലാക്കാന്‍ ഇത്തിരി തെളിമ ആവശ്യമാണെന്ന് ചാറ്റര്‍ജി പറയുന്നു. അത് സത്യമാണെന്ന് നെഞ്ചില്‍ തൊട്ട് പറയുന്ന ഒരുപാടു പേര് ഇവിടെയുണ്ടാവും. ഒരു കവിയുടെ വിജയവും അത് തന്നെയല്ലേ? രേണു രാമനാഥിന്റെ മൊഴിമാറ്റത്തില്‍ കല്ലുകടിയുണ്ടെങ്കിലും വായിച്ചുപോകാം, രസത്തോടെ.
മാതൃഭൂമി പത്രത്തിലെ എഡിറ്റോറിയല്‍ ഇടപെടലുകളെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അതൊക്കെ തീര്‍ക്കാന്‍ പാകത്തില്‍ ഒരു സംഗതി ഇതാ വന്നിരിക്കുന്നു. അതിന്റെ ആഴ്ചപ്പതിപ്പി(ഒക്ടോ. 21)ല്‍ ട്രൂകോപ്പി പംക്തിയില്‍ കെ.സി. സുബി വകയാണ് രചന. നമുക്കത് ആത്മാര്‍ത്ഥമായി അംഗീകരിക്കാമെന്ന് തോന്നുന്നു. ഇതാ വായിച്ചാലും: കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു സവിശേഷ വംശമുണ്ട്. പ്ലാന്റര്‍മാര്‍ എന്നാണ് വിളിപ്പേര്. സ്വന്തം മാധ്യമത്തിനുവേണ്ടി കാര്യമായൊന്നും പണിയെടുക്കാതിരിക്കലാണ് മുഖ്യലക്ഷണം. പൊതുവെ ഉദാരമനസ്കരാണ്. പ്രസ്ക്ലബ്ബുകളിലും പത്രസമ്മേളനങ്ങളിലും റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ള സര്‍വസഹായങ്ങളും ഇവരുടെ വകയാണ്. ഇതിനിടയില്‍ സംഭവിക്കുന്ന വാര്ത്താകൃഷിയാണ് പ്ലാന്റിംഗ്. തങ്ങളുടെ മാധ്യമത്തില്‍ നേരെ ചൊവ്വേ വരില്ല എന്നുറപ്പുള്ളതും സ്വകാര്യ താല്‍പ്പര്യമുള്ളതുമായ വാര്‍ത്തകള്‍ ഏതാനും രേഖകള്‍ സഹിതം ഇവര്‍ റിപ്പോര്ട്ടര്മാരില് ഫീഡ് ചെയ്യും. ‘ഞാനിതാ നിനക്കൊരു കരിയര്‍ ബ്രേക്ക് തരുന്നു’ എന്ന ഭാവത്തില്‍ അതീവ രഹസ്യമായും സ്വന്തം തടി കാത്തുമാണ് ഈ പരിപാടി എന്നാണ് പറയുന്നത്. സ്വന്തം പത്രത്തിലെ പത്രാധിപസമിതിയെപ്പറ്റി ഇങ്ങനെ പറയാന്‍ നല്ല ചങ്കൂറ്റം തന്നെ വേണം. പത്രപ്രവര്‍ത്തനത്തിന്റെ ഉദാത്ത മേഖലയെന്നോ മറ്റോ ഇതിന് നാമകരണം നടത്താം. സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാവ് ഇതിന് സിന്റിക്കേറ്റ് എന്ന് പേര് ചൊല്ലിവിളിച്ചിട്ടുണ്ടെന്നാണ് ഓര്മ. ഏതായാലും വാര്‍ത്താ പ്ലാന്റിംഗ് നടത്തിവരുന്ന വിദ്വാന്മാരൊക്കെ ഒന്ന് ജാഗ്രതയോടെ ഇരുന്നോളിന്‍. അടി ഏതുവഴി വരും എന്നറിയില്ല. ഫാറൂക്കാബാദില് വാ, കാണിച്ചുതരാം എന്ന് കേന്ദ്രമന്ത്രി പോലും പറയുന്നകാലമാണ്. കിര്‍മാണി മനോജും കൊടി സുനിയും അകത്താണെങ്കിലും അതിനേക്കാള്‍ വീറുറ്റവര് പുറത്തുണ്ട് എന്നത് മറക്കണ്ട.
മാര്‍ക്സിസ്റ്റ് ചരിത്രകാരന് എന്ന നിലയില്‍ അറിയപ്പെടുന്ന എറിക് ഹോബ്സ് ബാം കണ്ടെത്തിയതെന്ത് എന്നന്വേഷിക്കുന്ന ഒരു ലേഖനവും മാതൃഭൂമിയിലുണ്ട്. രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട സ്വകാര്യജീവിതം എന്ന തലക്കെട്ടില്‍ ടി.വി. മധുവിന്റേതാണ് രചന. മാര്‍ക്സിസത്തിന്റെ അടിവേരുകള്‍ ചികഞ്ഞെടുക്കുകയും ആ വേര് വലിച്ചെടുത്ത വളങ്ങളുടെ വ്യാപ്തിയും ശുദ്ധിയും അന്വേഷിക്കുകയും ചെയ്ത അസാമാന്യപ്രതിഭയായിരുന്നു എറിക് ഹോബ്സ്. ശാസ്ത്രമായി വ്യാഖ്യാനിക്കപ്പെട്ട മാര്‍ക്സിസവും അതിന് നേര്‍വിരുദ്ധമായി അവതരിക്കപ്പെട്ട മാര്‍ക്സിസവും മറ്റനേകം മാര്‍ക്സിസ്റ്റ്, നവമാര്‍ക്സിസ്റ്റ്, പോസ്റ്റ് മാര്‍ക്സിസ്റ്റ് പാഠങ്ങളും ഹോബ്സ് ബാമിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായി വിലയിരുത്തപ്പെടേണ്ട സംഗതികളാണെന്ന് മധു പറയുന്നു. തല്പ്പരര്ക്ക് വേണ്ടി അദ്ദേഹത്തിന്റെ പ്രശസ്തമായ നാല് പുസ്തകങ്ങളുടെ കവര്‍ ചിത്രവും കൊടുത്തിരിക്കുന്നു.
ചെന്നൈയില്‍ നിന്ന് പുറപ്പെടുവിക്കുന്ന മാതൃകാന്വേഷി (ഒക്ടോ.) മാസിക മാതൃഭൂമി ആഴ്ചപ്പതിപ്പ് അക്കാദമിക ബുദ്ധിജീവികളുടെ മേച്ചില്പ്പുറമാകുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. കേരളത്തിന്റെ നോട്ടപ്പുറങ്ങളിലുള്ള വസ്തുതകളെ വിശകലനം ചെയ്യാന്‍ ലാറ്റിനമേരിക്കയിലേക്കും യൂറോപ്പിലേക്കും പരക്കം പായുന്ന ബുദ്ധിജീവികളും അവര്‍ക്ക് ആരൂഢമൊരുക്കുന്ന പത്രാധിപരും ബൗദ്ധിക വ്യാപാരത്തിന്റെ ഏജന്‍സിപ്പണി പൊടിപൊടിക്കാന്‍ സമൂഹത്തിന്റെ ഭാവുകത്വ പരിണാമങ്ങളുടെ പ്രധാനസൂചകമായ സാഹിത്യത്തെ അവഗണിക്കുന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു. എഡിറ്റര്‍ അനീഷിന്റേതാണ് രചന. മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ അക്കാദമിക ബുദ്ധിജീവികളുടെ മേച്ചില്പുറമാകുമ്പോള് എന്നാണ് തലക്കെട്ട്. മാറ്ററിന്റെ കാമ്പല്ല, എഴുതുന്നവന്റെ കൂമ്പാണ് മാനദണ്ഡം എന്ന ധാര്‍ഷ്ട്യവുമായി ഇരിക്കുന്നവരുടെ തലയില്‍ ഇതൊന്നും കയറില്ല എന്നത് മൂന്നരത്തരം!
തൊട്ടുകൂട്ടാന്‍
ഇനി വിശപ്പില്‍ വെന്ത
വയറുകള്‍ക്ക്
കത്താത്ത അടുപ്പിലെ
കനല്‍കോരി വിളമ്പണം
ടി.എന്‍. സീമ
കവിത: തീരക്കാഴ്ച
കലാകൗമുദി (ഒക്ടോ. 21)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: