സമാനതകളില്ലാത്ത വ്യക്തിത്വം അതാണ് സൂര്യകൃഷ്ണമൂര്‍ത്തി. നടരാജ കൃഷ്ണമൂര്‍ത്തിയില്‍ നിന്നും സൂര്യ കൃഷ്ണമൂര്‍ത്തിയിലേക്ക് ഉള്ള പ്രയാണം ദൈവനിശ്ചയം. കലയെ ചതിക്കാത്ത, വില്ക്കാത്ത ഒരു കലാസ്നേഹി അതാണ് കൃഷ്ണമൂര്‍ത്തി. ദൈവം എഴുതിയ തിരക്കഥയിലെ ഓരോ കഥാപാത്രങ്ങള്‍ ആണ് നാം ഓരോരുത്തരും. നാം ആരാകണമെന്നും എന്താകണമെന്നും എന്ത് ചെയ്യണമെന്നും തീരുമാനിക്കുന്നത് ഈശ്വരന് ആണ്. നമ്മുടെ ജീവിതലക്ഷ്യം ഈശ്വരനിലൂടെ മനസ്സിലാക്കിക്കഴിഞ്ഞാല്‍ നാമെന്ന ഓരോ കഥാപാത്രവും അത് പൂര്‍ണ്ണതയിലെത്തിക്കാന്‍ ശ്രമിക്കണം. തന്റെ ജീവിതം അതിന് സാക്ഷ്യമെന്ന് കൃഷ്ണമൂര്‍ത്തി.
ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന് ഒരു കലാസംഘാടകന്‍ ആയതിന് പിന്നില്‍ ഇതാവാം കാരണം. ഒരു നാണയത്തിന്റെ ഇരുപുറങ്ങള്പോലെയാണ് കലാകാരനും ശാസ്ത്രജ്ഞനും. രണ്ടുപേരുടെയും ലക്ഷ്യം ഒന്നുതന്നെ. മാര്‍ഗം ആണ് വ്യത്യാസം. രണ്ടുപേരും തിരയുന്നതും ആഗ്രഹിക്കുന്നതും ഒന്നാണ്. ശാസ്ത്രീയസംഗീതം എന്നാല്‍ താളത്തിന്റെ കണക്ക് ആണ്. ലാളിത്യമാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗന്ദര്യമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് അബുദുള്‍കലാം. രാഷ്ട്രം കണ്ട ആ അതുല്യപ്രതിഭയുടെ സഹപ്രവര്ത്തകനാകാനുളള ഭാഗ്യം തന്റെ ~ഔദ്യോഗികജീവിത്തില്‍ കൃഷ്ണമൂര്‍ത്തിക്ക് ലഭിച്ചു. വിക്രംസാരാഭായി, അബ്ദുള്‍കലാം തുടങ്ങിയ അതികായന്മാരില് ഒരു കാലാഹൃദയം തുടിക്കുന്നുണ്ടായിരുന്നു. അബ്ദുള്‍കലാം സംഗീതാസ്വാദകനും വീണവിദ്വാനും ആയിരുന്നുവെന്ന് അറിയാവുന്നവര്‍ ചുരുക്കം. അതുപോലെ ദര്‍പ്പണ എന്ന സംഘടനയുടെ പിതാവ് വിക്രംസാരാഭായി ആയിരുന്നു. മുഴുവന്‍ സമയവും കൃഷ്ണമൂര്‍ത്തി കലാപ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിനോട് പലര്‍ക്കും യോജിക്കാന്‍ കഴിഞ്ഞില്ല. പദവിയോ ധനമോ അല്ല മനസ്സിന്റെ തൃപ്തിയാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് കൃഷ്ണമൂര്‍ത്തി പറയുന്നു.
ക്ഷേത്രകലയോടുള്ള അഭിരുചിയാണ് ഒരു തീര്‍ത്ഥയാത്രക്ക് പ്രചോദനമായത്.് ദേവനെ മന്ത്രോചാരണങ്ങള്ക്കൊണ്ട് അഭിഷേകം ചെയ്യുന്ന പൂജാരിയും കലാകാരനും കഴകക്കാരനും മൂര്‍ത്തിയുടെ ഗവേഷണത്തില്‍ അനിവാര്യമാണ്. തെക്ക് നിന്നും വടക്കോട്ട് ഉള്ള തീര്‍ഥയാത്രക്കിടയില്‍ കൊല്ലത്തെ ഒരു അമ്പലത്തില്‍ എത്താനിടയായി. ക്ഷീണിച്ച് അവശനായ മൂര്‍ത്തി അമ്പലത്തിലെ കരിങ്കല്‍ ഭിത്തിയില്‍ ചാരി നില്‍ക്കുമ്പോഴാണ് ഉച്ചഭാഷിണിയിലൂടെ ലളിതാസഹസ്രനാമം അര്‍ത്ഥത്തോടെ വ്യാഖ്യാനിക്കുന്നത് കേള്‍ക്കാന്‍ ഇടയായത്. സരളമായി വ്യാഖ്യാനിക്കുന്ന ആ പണ്ഡിതശ്രേഷ്ഠനെ കാണാനുള്ള ആഗ്രഹം മൂര്‍ത്തിക്ക് ഉണ്ടായി. ദേഹശുദ്ധിവരുത്തി തേവരെ വണങ്ങി ലളിതാസഹസ്രനാമ വ്യാഖ്യാനം കേള്‍ക്കാനുള്ള ത്വരയില്‍ ചെന്ന കൃഷ്ണമൂര്‍ത്തിയെ അവിടെ കണ്ടകാഴ്ച അത്ഭുതപ്പെടുത്തി. ക്ഷണിക്കപ്പെട്ട സദസ്സ,് മനസ്സില്‍ കണ്ട മൂര്‍ത്തി, ശൂന്യമായ സദസ്സിന് മുമ്പില്‍ പാണ്ഡിത്യം വിളമ്പുന്ന പണ്ഡിതശ്രേഷ്ഠനെയാണ് കണ്ടത്. സദസ്യരില്ലാതെ പ്രഭാഷണം ചെയ്യുന്നത് ആര്‍ക്ക് വേണ്ടി എന്ന ചോദ്യത്തിന് തൃപ്തികരമല്ലാത്ത ഉത്തരമായിരുന്നു മറുപടി. ഉത്തരം കിട്ടാത്ത ചോദ്യവുമായി മൂര്‍ത്തി തന്റെ തീര്‍ത്ഥയാത്ര തുടര്‍ന്നു. സാക്ഷാല്‍ വൈകുണ്ഠമായ ഗുരുവായൂരിലാണ് തന്റെ അന്വേഷണത്തിനുള്ള ഉത്തരം കിട്ടിയത്. ഗുരുവായൂര്‍ അമ്പലം ഒരിക്കലും ഉറങ്ങുന്നില്ല എന്ന് അന്നാണ് കൃഷ്ണമൂര്‍ത്തി മനസ്സിലാക്കിയത്. പൂജാരി വേദമന്ത്രങ്ങള്‍കൊണ്ട് ഭഗവാനെ പൂജിക്കുമ്പോള്‍ ഒരു കലാകാരന് തന്റെ കലാവൈഭവം ഭഗവല്‍ പാദങ്ങളില്‍ അര്‍പ്പിച്ച് സായൂജ്യമടയുന്നു. പൂജാരി ഉറങ്ങുമ്പോള്‍ അമ്പലത്തെ ഉറക്കാതെ നോക്കുന്നത് കലാകാരനാണ്. ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവനാണ് കലാകാരന്. നീലാംബരി രാഗത്തില്‍ ഗാനം ആലപിച്ച് ഭഗവാനെ പൂജാരി ഉറക്കുമ്പോള്‍ കലാകാരന് കൃഷ്ണനാട്ടം ആടി ഗുരുവായൂരമ്പലത്തെ ഉറക്കാതെ നോക്കുന്നു. നാലഞ്ചുപേര് അരങ്ങത്ത് ഉറഞ്ഞ് ആടുമ്പോള് വേദി സദസ്യരില്ലാതെ ശൂന്യമായിരുന്നു. ദിവസങ്ങള്‍ക്കുമുന്‍പ് അരങ്ങേറിയ സംഭവങ്ങളുടെ ആവര്‍ത്തനം വീണ്ടും കൃഷ്ണമൂര്‍ത്തിയില്‍ അസ്വസ്ഥത ഉണ്ടാക്കി. നിര്‍മ്മാല്യദര്‍ശനത്തിന് മുന്‍പ് കളി തീര്‍ക്കുന്ന ആട്ടക്കാരില്‍ ഒരാളോട് ഉറഞ്ഞാടിയ നിങ്ങളുടെ മുമ്പില്‍ കാണികള്‍ ഇല്ലായിരുന്നല്ലോ എന്ന ചോദ്യത്തിന് കലയെ അഭ്യസിക്കുന്നത് കാണികള്‍ക്ക് വേണ്ടിയല്ല- മുന്നില്‍ തെളിഞ്ഞ നിലവിളക്കിന് വേണ്ടിയാണ് – അത് ബ്രഹ്മം ആണ് – സാക്ഷാല്‍ ഈശ്വരന്. തന്റെ ദീര്‍ഘനാളത്തെ അന്വേഷണത്തിന് പരിസമാപ്തി ആയി എന്ന് അദ്ദേഹം അറിഞ്ഞു. ആ കലാകാരനെ സാഷാംഗം പ്രണമിച്ച് തിരിഞ്ഞ് നടക്കവേ പിന്‍വിളി ഉണ്ടായി. തിരിഞ്ഞ്നോക്കിയ മൂര്‍ത്തിയോട് കലയെ വില്‍ക്കാനുള്ളതല്ല എന്ന ഒരു താക്കീതും. ഇവിടെയാണ് തന്റെ ഗുരുവിനെ മൂര്‍ത്തി കണ്ടെത്തിയതും അദ്ദേഹത്തിന്റെ മഹദ് വചനം തന്റെ ജീവിതത്തില്‍ വഴികാട്ടിയായതും. ഈ അനുഭവം മാത്രമാണ് തന്റെ പിന്നീടുള്ള കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ശക്തി എന്ന് മൂര്‍ത്തി വിശ്വസിക്കുന്നു. സൂര്യകൃഷ്ണമൂര്ത്തിയിലേക്കുള്ള ചുവടുമാറ്റത്തിന്റെ കാരണം ഇതാണ്. ഇതാണ് സൂര്യ സ്റ്റേജ് ആന്റ് ലൈറ്റ് ഷോയുടെ പിറവിക്ക്് പിന്നില്‍.
മൂപ്പത്തിയാറ് വര്‍ഷം മുമ്പ് എം.സ്. സുബ്ബലക്ഷ്മി, പത്മാസുബ്രഹ്മണ്യം, യേശുദാസ് തുടങ്ങിയവരുടെ പ്രചോദനത്തില്‍ സംഘടിപ്പിച്ച സൂര്യമേള ഇന്ന് വടവൃക്ഷമായി വളര്‍ന്നിരിക്കുന്നു. ഈ സംരംഭത്തിന്റെ മുഴുവന്നേട്ടവും സൂര്യയുടെ അംഗങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കുന്ന കലാകാരന്മാര്ക്കും അവകാശപ്പെട്ടതാണ്. സൂര്യമേളയില്‍ മുടക്കംകൂടാതെ ഒക്ടോബര്‍ 1ന് യേശുദാസ് തന്റെ ശബ്ദമാധുര്യം കൊണ്ട് സംഗീതത്തെ ആസ്വാദനത്തിന്റെ കടലായി മാറ്റുന്നു. മുപ്പത്തിയാറ് വര്‍ഷമായി ഒക്ടോബര്‍ 10ന് പത്മാസുബ്രഹ്മമണ്യവും താളലയങ്ങള്‍ക്ക് അനുസൃതമായി നൃത്തച്ചുവടുകള്‍ വച്ച് സൂര്യാമേളയെ സമ്പുഷ്ടമാക്കുന്നു. കുറച്ച് വര്‍ഷങ്ങളായി ചലച്ചിത്രനടി ശോഭനയും സൂര്യയുടെ അരങ്ങത്ത് തന്റെ സാന്നിധ്യം അറിയിക്കുന്നു. നാമമാത്രമായ തുകമാത്രമാണ് ഇതില്‍ പങ്കെടുക്കുന്ന കലാകാരന്മാര് സ്വീകരിക്കുന്നത്. മഹത്തായ ഒരു കലാസംസ്കാരമാണ് നമ്മുടെ പൈതൃകം. ഭാരതീയകലകളിലൂടെ ദേശീയ ഉദ്ഗ്രഥനം അതാണ് സൂര്യയുടെ ലക്ഷ്യം. ഭാരത്തിലെ ജനങ്ങള്‍ കാണേണ്ട പരിപാടിയാണ് സൂര്യസംഘടിപ്പിക്കുന്നത്. പ്രഭല്‍ഭരായ കലാകാരന്മാരിലൂടെ കലാസ്വാദനം സാധാരണക്കാരില്‍ എത്തിക്കുകയാണ് സൂര്യ. ഇന്ന് 36 വിദേശരാജ്യങ്ങളില്‍ അരങ്ങേറുന്ന സൂര്യമേളയിലൂടെ നമ്മുടെ കലകള്‍ക്ക് വിദേശ ആസ്വാദകരെ കണ്ടെത്തുന്നു. 60 കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കുന്ന സൂര്യക്ക് സ്വന്തമായി ഒരു ഓഫീസോ, ശബളം പറ്റുന്ന ജോലിക്കാരോ ഇല്ല എന്നതാണ് മറ്റൊരു സവിശേഷത. കച്ചവട സിനിമയുടെ മുന്നേറ്റവും അശാസ്ത്രീയമായ നൃത്തവും തന്റെ ലക്ഷ്യത്തിന് വിലങ്ങുതടികളാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട്തന്നെ തന്റെ ലക്ഷ്യം പൂര്‍ണതയിലെത്തിയില്ല എന്ന് കൃഷ്ണമൂര്‍ത്തി വിശ്വസിക്കുന്നു.
സംസ്കാരം എന്നത് വേദനിക്കുന്നവന്റെ ദുഃഖം പങ്കുവയ്ക്കലാണ്. വിശക്കുന്നവരില്‍ നൃത്തവും പാട്ടും ആസ്വാദനമല്ല. ദുഃഖിക്കുന്നവന്റെ കണ്ണുനീരിന് ആശ്വാസം പകരുകയാണ് സംസ്കാരം. യഥാര്‍ത്ഥ കലാകാരന് പാവപ്പെട്ടവനാണെങ്കില്‍ അയാള്‍ക്ക് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. പ്രസംഗത്തിലൂടെയല്ല പ്രവര്‍ത്തിയിലൂടെയാണെന്ന് മൂര്‍ത്തി തെളിയിക്കുന്നു. സൂര്യമേളയിലെ ഗുരുപൂജയിലൂടെ കൃഷ്ണമൂര്‍ത്തി ഈ വര്‍ഷം കാക്കാരശ്ശി നാടകത്തിന്റെ ആശാന് ശ്രീധരനെ ആദരിച്ചു. എണ്‍പത്തിയൊന്‍പത് വയസ്സായ ആശാന് ഇതിലൂടെ തന്റെ വിശ്രമജീവിതം സുരക്ഷിതം. ഓരോ വ്യക്തിയും ഗുരുദക്ഷിണയായി സമര്‍പ്പിക്കുന്ന തുക സദസ്യരുടെ മുമ്പാകെ അവര്‍ നേരിട്ട് ഗുരുവിന് സമര്‍പ്പിക്കുമ്പോള്‍ ഇവിടെ നാം കാണുന്നത് സൂര്യമൂര്‍ത്തി എന്ന മനുഷ്യസ്നേഹിയെയാണ്. ഗുരുദക്ഷിണയായി കിട്ടിയ രണ്ട് ലക്ഷത്തി പതിമൂന്നായിരം രൂപയെ 2.25 രൂപയാക്കിസമര്പ്പിച്ചതും കൃഷ്ണമൂര്‍ത്തിയുടെ ഉദാരമനസ്കത. സദസ്യരും ഇതില്‍ പങ്കാളിയാകുന്നുവെന്നതാണ് മറ്റൊരു സവിശേഷത. ആശാന് ശ്രീധരന് തനിക്ക് കിട്ടിയ തുകയുടെ അനന്തരവകാശിയായി കൃഷ്ണമൂര്‍ത്തിയെ നിശ്ചയിച്ചപ്പോള്‍, മൂര്‍ത്തിയുടെ കണ്ണുകളില്‍ കണ്ണുനീരിന്റെ നനവ്.
ഏറ്റവും കൂടുതല്‍ സ്റ്റേജ് ഷോ സംവിധാനം ചെയ്ത വ്യക്തിഎന്ന ബഹുമതിയും കൃഷ്ണമൂര്‍ത്തിക്ക് സ്വന്തം. നാടകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മൂര്‍ത്തി കേരള സംഗീത നാടക അക്കാദമി ചെയര്മാന് പദവി വഹിക്കുന്നു. ഈ പദവിയും തികച്ചും സേവനം തന്നെ. ‘മുറിവുകള്‍’ എന്ന പുസ്തകരചനയിലൂടെ എഴുത്തുകാരന്റെ മേലങ്കിയും കൃഷ്ണമൂര്‍ത്തിക്ക്. ഏഷ്യയിലെ ഏറ്റവും വലിയ സംസ്കാരിക മേളയുടെ പിതാവ് എന്ന ബഹുമതിയും കൃഷ്ണമൂര്‍ത്തിക്ക് സ്വന്തം. പുരസ്കാരങ്ങളുടെ ഘോഷയാത്രയാണ് സൂര്യകൃഷ്ണമൂര്ത്തിക്ക.് ചിട്ടയായ സംഘടനാപാടവവും ഈശ്വരാനുഗ്രഹവും ആണ് ഒരു മനുഷ്യജന്മത്തിന് ചെയ്യാന്‍ സാധിക്കുന്നതിലധികവും തനിക്ക് ചെയ്യാന്‍ കഴിയുന്നത്. നിര്‍ദ്ധരായ കലാകാരന്മാര്ക്കും രോഗികള്‍ക്കും തണലേകാന്‍ മൂര്‍ത്തിക്ക് സാധിക്കുന്നത് ഈശ്വരാനുഗ്രഹം മാത്രം.
സ്വാതിതിരുനാള്‍ പൂജിച്ച ഗണേശവിഗ്രഹം ഉള്‍പ്പെടെ 1500 ഗണപതികളുടെ ശേഖരം കൃഷ്ണമൂര്‍ത്തിക്ക് സ്വന്തമായുണ്ട്. ആഴ്ചയില്‍ മൂന്നോ നാലോ ഗണപതി വിഗ്രഹം തനിക്ക് കിട്ടാറുണ്ടെന്ന് സൂര്യമൂര്‍ത്തി പറയുന്നു.വൈവിദ്ധ്യമാര്‍ന്ന ഭാവത്തിലും വലിപ്പത്തിലും ഉള്ളതാണിത്. കൊട്ടാരത്തില്‍നിന്നും സമ്മാനിച്ച ഗണപതി വിഗ്രഹമാണ് തന്റെ കലാജീവിതത്തില്‍ വെന്നികൊടികള്‍ ഉയര്‍ത്തിയതെന്നും കൃഷ്ണമൂര്‍ത്തി വിശ്വസിക്കുന്നു. സ്വാതിതിരുനാള്‍ പൂജിച്ച 300വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ഈ ഗണപതി വിഗ്രഹം.
ഷൈലാമാധവന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: