ആലുവ: പള്ളിയാഘോഷവുമായി ബന്ധപ്പെട്ട് അനധികൃതമായി ആകാശത്തേക്ക് സെര്‍ച്ച് ലൈറ്റ് അടിച്ച സംഭവവുമായി ബന്ധപ്പെട്ട് ആലുവ സെന്റ് ഫ്രാന്‍സീസ് ദേവാലയ അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തേക്കും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ നിശ്ചിത ചുറ്റളവില്‍ സെര്‍ച്ച് ലൈറ്റ് അടിക്കുന്നതിന് നിലവില്‍ വിലക്കുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധിതവണ സെര്‍ച്ച് ലൈറ്റ് അടിക്കുകയായിരുന്നു. വിമാനങ്ങളുടെ പാതതെറ്റിക്കുന്നതിനുവരെ ഇത്തരത്തില്‍ സെര്‍ച്ച് ലൈറ്റ് അടിക്കുന്നത് കാരണമാകുമെന്നതിനാലാണ് വിലക്കുള്ളത്. വ്യാഴാഴ്ച കനത്ത മഴയെത്തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍നിന്നും നിരവധിവിമാനങ്ങളാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ നിശ്ചിത ദൂരപരിധിയില്‍ സെര്‍ച്ച് ലൈറ്റ് അടിക്കണമെങ്കില്‍ വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍ നിന്നും പ്രത്യേക അനുമതി തേടേണ്ടതുണ്ട്. വളരെകുറച്ച് നേരത്തേക്ക് അത്യാവശ്യമെന്ന് തോന്നുകയാണെങ്കില്‍ മാത്രമേ ഇത്തരത്തില്‍ അനുമതിനല്‍കാവു. അനുമതിനല്‍കിയാല്‍ സെര്‍ച്ച് ലൈറ്റ് അടിക്കുന്നസമയത്ത് ആകാശത്ത് പ്രത്യേകമായി കാണുന്നവെളിച്ചം സെര്‍ച്ച് ലൈറ്റിന്റേതാണെന്ന് ഈ സമയത്ത് ഇതിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങളുടെ പെയിലറ്റുമാര്‍ക്ക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍ നിന്നും സന്ദേശം നല്‍കുകയും ചെയ്യും. വ്യാഴാഴ്ച അപ്രദീക്ഷിതമായി അകാശത്ത് സെര്‍ച്ച് ലൈറ്റ് അടിക്കുന്നത് കണ്ട് വിമാനത്താവള പരിസരത്തുള്ള എയര്‍പോര്‍ട്ടിലേക്ക് പരാതി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചി രാജ്യാന്തര വിമാനതാവള ഡയറക്ടര്‍ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കി.
പോലീസ് എത്തിദേവാലായ അധികൃതരോട് സെര്‍ച്ച് ലൈറ്റ് പ്രകാശിപ്പിക്കുന്നത് നിര്‍ത്തിവെയ്‌ക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കസ് കമ്പനികളാണ് വ്യാപകമായി തങ്ങളുടെ സാന്നിധ്യമറിയിക്കുന്നതിന് സെര്‍ച്ച് ലൈറ്റുകള്‍ പണ്ടൊക്കെ അടിച്ചിരുന്നത്. എന്നാല്‍ വിലക്കുള്ളതിനാല്‍ സര്‍ക്കസ് കമ്പനികളും ഇപ്പോള്‍ ഇതില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. അടുത്തിടെ വ്യോമയാന അപകടങ്ങള്‍ ഏറിവരുന്നതിനാല്‍ വിമാനതാവളങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാചട്ടങ്ങള്‍ യാതൊരുകാരണവശാലും ലംഘിക്കപ്പെടരുതെന്ന് കര്‍ശനനിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. വിമാനങ്ങളുടെ ഫോട്ടോ കൗതുകത്തിനുവേണ്ടി മൊബെയില്‍ ഫോണില്‍ പകര്‍ത്തുന്നവരെ പോലും അറസ്റ്റ് ചെയ്യാന്‍ വ്യഗ്രതകാണിക്കുമ്പോഴാണ് കനത്തസുരക്ഷാലംഘനമുണ്ടായിട്ടും പോലീസ് അലംഭാവം കാണിക്കുന്നത്.
പോലീസിന്റെ ഈനടപടികള്‍ക്കെതിരെ വിമാനത്താവളത്തിലെ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും മറ്റ് സുരക്ഷാ ഏജന്‍സികളും വ്യോമയാനസുരക്ഷാ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: