ന്യൂദല്‍ഹി: ടുജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ നടത്തിയ വെളിപ്പെടുത്തല്‍ വിവാദത്തിലേക്ക്. ടുജി ലൈസന്‍സ് ലഭിക്കാനുള്ള കുറഞ്ഞ തുക ഉയര്‍ത്തണമെന്ന കാബിനറ്റ് സെക്രട്ടറിയുടെ കത്തില്‍ പ്രധാനമന്ത്രി എന്തു നടപടിയെടുത്തെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ടു ജി ലൈസന്‍സ് ഫീസ് 1600 കോടി രൂപയില്‍ നിന്ന് 35,000 കോടി രൂപയായി ഉയര്‍ത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായി കെ.എം.ചന്ദ്രശേഖര്‍ ടുജി ഇടപാട് അന്വേഷിക്കുന്ന സംയുക്തപാര്‍ലമെന്ററി സമിതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
രാജ്യത്തിന് വന്‍ നഷ്ടം വരുത്തിയാണ് സര്‍ക്കാര്‍ ഇടപാട് നടത്തിയതെന്ന് വ്യക്തമാക്കുന്നതാണ് മുന്‍കാബിനറ്റ് സെക്രട്ടറിയുടെ വെളിപ്പെടുത്തലെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി. നിലവിലെ ഫീസായ 1658 കോടി രൂപയില്‍ നിന്ന് 35,000 കോടിയായി ഫീസ് കൂട്ടണമെന്നാവശ്യപ്പെട്ടുള്ള കാബിനറ്റ് നോട്ടില്‍ പ്രധാനമന്ത്രി എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഇക്കാര്യത്തില്‍ അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം മൗനം പാലിച്ചതെന്തിനാണെന്നും ഇരുവരും വ്യക്തമാക്കണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. നിശ്ചയിച്ച വിലയെക്കാള്‍ കൂടുതല്‍ ലഭിക്കുമെന്ന് സ്പെക്ട്രം വില്പ്പനയ്ക്കുമുമ്പ് തന്നെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു എന്നാണ് മുന്‍ കാബിനറ്റ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നതെന്നും ബിജെപി വക്താവ് പറഞ്ഞു.
എന്നാല്‍ സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് ലഭിച്ച പല റിപ്പോര്‍ട്ടുകളില്‍ ഒന്നുമാത്രമാണ് കാബിനറ്റ് സെക്രട്ടറി അയച്ചതെന്നും കാബിനറ്റ് സെക്രട്ടറി അദ്ദേഹത്തിന്റെ അഭിപ്രായം അറിയിക്കുകയാണ് ചെയ്തതെന്നും ജെപിസി അധ്യക്ഷന്‍ പി.സി.ചാക്കോ പറഞ്ഞു. പല ഘടകങ്ങള്‍ പരിഗണിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടിയിരുന്നതെന്നും പി.സി.ചാക്കോ ചൂണ്ടിക്കാട്ടി. ലൈസന്‍സ് ഫീസോ സ്പെക്ട്രം നിരക്കോ നിശ്ചയിക്കേണ്ട ചുമതല പ്രധാനമന്ത്രിയുടേതല്ലെന്നും ജെപിസി അധ്യക്ഷന്‍ വാദിച്ചു. പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ പി.സി. ചാക്കോ നടത്തിയ പ്രസ്താവന ജെപിസി അധ്യക്ഷന്‍ എന്ന നിലയില്‍ നിഷ്പക്ഷമായി തീരുമാനമെടുക്കാന്‍ അദ്ദേഹം പ്രാപ്തനല്ലെന്ന് തെളിയിക്കുന്നതാണെന്ന് സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തികവരുമാനം നഷ്ടമാകാതെ നോക്കേണ്ട ഉത്തരവാദിത്തം പ്രധാനമന്ത്രിക്ക് ഉണ്ടെന്നും അതില്‍ അദ്ദേഹം വീഴ്ച വരുത്തിയെന്നും സിപിഐ നേതാവ് പറഞ്ഞു.
ടുജി ലൈസന്‍സ് ഫീസ് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് 2007ല്‍ താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നതായാണ് മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ ജെപിസിക്ക് മുന്നില്‍ വ്യക്തമാക്കിയത്. സര്‍ക്കാരിന് സാമ്പത്തികമായി ഏറെ നേട്ടമുണ്ടാക്കുന്ന ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് ടെലികോം മന്ത്രാലയമായിരുന്നെന്നും ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇടപാടിനെക്കുറിച്ച് വ്യക്തമായി അറിയുന്ന പ്രധാനമന്ത്രിയേയും കേന്ദ്ര ധനമന്ത്രി ചിദംബരത്തെയും മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തണമെന്ന് ബിജെപി അംഗങ്ങള്‍ ടുജി ഇടപാട് അന്വേഷിക്കുന്ന ജെപിസി യോഗത്തില്‍ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് മുന്‍ കാബിനറ്റ് സെക്രട്ടറി ഇരുവരുടെയും പങ്ക് വ്യക്തമാക്കുന്ന മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗില്‍ നിന്നും കേന്ദ്രധനമന്ത്രി പി.ചിദംബരത്തില്‍ നിന്നും സാക്ഷിമൊഴിയെടുക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കാനാണ് ബിജെപി തീരുമാനം. ഇരുവരില്‍ നിന്നും മൊഴിയെടുക്കണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ ജെപിസി യോഗം ബഹിഷ്ക്കരിച്ചുവരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: