ന്യൂദല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ആരംഭിച്ച് ആറ് മാസം പിന്നിടുമ്പോള്‍ ഇന്ത്യന്‍ റയില്‍വേയുടെ വരുമാനം 25 ശതമാനം ഉയര്‍ന്നു. ചരക്ക് ഗതാഗതമാണ് റയില്‍വേയുടെ വരുമാനം ഉയരാന്‍ പ്രധാന കാരണം. ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ 39,888.95 കോടി രൂപയാണ് ചരക്ക് ഗതാഗതത്തിലൂടെ നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുകളില്‍ 31,802.31 കോടി രൂപയായിരുന്നു നേടിയത്. റയില്‍വേയുടെ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.
481.45 ദശലക്ഷം ടണ്ണിന്റെ ചരക്ക് നീക്കമാണ് ഇക്കാലയളവില്‍ നടന്നത്. മുന്‍ വര്‍ഷം ഇത് 459.24 ദശലക്ഷം ടണ്ണായിരുന്നു. സപ്തംബറില്‍ മാത്രം ചരക്ക് ഗതാഗതത്തിലൂടെ 6040.96 കോടിയുടെ വരുമാനമാണ് ആര്‍ജിച്ചത്. ഇതില്‍ 2509.01 കോടി രൂപ 36.10 ദശലക്ഷം ടണ്‍ കല്‍ക്കരി നീക്കത്തിലൂടെയാണ് നേടിയത്. 518.07 കോടി രൂപ 8.20 ദശലക്ഷം ടണ്‍ ഇരുമ്പ് അയിര് ഗതാഗതത്തിലൂടെയും 575.41 കോടി രൂപ സിമന്റ് നീക്കത്തിലൂടെയും 488.20 കോടി രൂപ 3.57 ദശലക്ഷം ടണ്‍ ഭക്ഷ്യ ധാന്യങ്ങളുടെ ചരക്ക് ഗതാഗതത്തിലൂടെയുമാണ് നേടിയതെന്നും റയില്‍വേയുടെ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: