ഗുവഹത്തി: ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി വിദേശി നുഴഞ്ഞുകയറ്റത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. കോണ്‍ഗ്രസ് വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ഗഡ്കരി ബിജെപി അധികാരത്തിലെത്തിയാല്‍ നുഴഞ്ഞു കയറ്റം അവസാനിപ്പിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും പ്രഖ്യാപിച്ചു.
ബിജെപിയെ അധികാരത്തിലേറ്റിയാല്‍ പ്രഥമ പരിഗണന രാജ്യാതിര്‍ത്തികള്‍ വേണ്ടവിധം സംരക്ഷിക്കുന്നതിനു നല്‍കും. ഉപരോധമേര്‍പ്പെടുത്തുന്ന രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇസ്രായേലിന് ഇത് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് നമുക്ക് ചെയ്തു കൂടെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യാ-ചൈന യുദ്ധത്തിന്റെ 50-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി നടന്ന റാലി ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു ഗഡ്കരി. അതിര്‍ത്തിയിലെ ശത്രുക്കളോട് ഇസ്രായേല്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ഇന്ത്യന്‍ നേതാക്കള്‍ കണ്ടുപഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരാള്‍ക്ക് ഏതെങ്കിലും രാജ്യം സന്ദര്‍ശിക്കണമെങ്കില്‍ അവിടെ പോകാനുള്ള വിസ കൈവശം വേണം. അതിനായി നിരവധി രേഖകള്‍ സമര്‍പ്പിക്കണം. എന്നാല്‍ നമ്മുടെ രാജ്യംമാത്രം അതിര്‍ത്തികള്‍ തുറന്നിട്ട് അനധികൃതകുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു. കുടിയേറിയവരോട് രാജ്യത്തെ ഭൂമി വാങ്ങിക്കൂട്ടാന്‍ പ്രേരിപ്പിക്കുന്നു. കോണ്‍ഗ്രസിനെ ഉന്നം വച്ച് ഗഡ്കരി പറഞ്ഞു. ഇന്ത്യക്കെതിരെ മുദ്രാവാക്യം മുഴക്കാന്‍ നിങ്ങള്‍ ഭയപ്പെടേണ്ട. കാരണം എല്ലാം മാറ്റിമറിച്ചിരിക്കുന്നു. കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്നു മാത്രം. അനധികൃതകുടിയേറ്റം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് കനത്ത ഭീഷണിയാണെന്നും കോണ്ഗ്രസാണിതിന് കാരണക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നമ്മുടെ അതിര്‍ത്തികള്‍ ഇപ്പോഴും സുരക്ഷിതമല്ല. 1962ലെ യുദ്ധത്തില്‍ നിന്നും പാഠം പഠിച്ച് നാം അന്നത്തെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അനധികൃതകുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചവരാണ് ആസാമിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഫക്രുദീന്‍ അലി അഹമ്മദ് മുതല്‍ തരുണ്‍ ഗോഗോയ് വരെയുള്ളവരെന്നും അദ്ദേഹം ആരോപിച്ചു. രാജ്യം ഇപ്പോള്‍ നേരിടുന്ന ഭീഷണി തള്ളിക്കളയാവുന്നതല്ലെന്നും ആഗോളതലത്തില്‍ സമാധാനവും ക്ഷേമവും കൈവരുത്താന്‍ ഇന്ത്യയും ചൈനയും ഒരുമിച്ചു നില്ക്കേണ്ടതാണ്. പാക് അധീനകാശ്മീരില്‍ ചൈന നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളെയും ഗഡ്കരി പരാമര്‍ശിച്ചു.
നമ്മുടെ രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തണമെന്നു പറയുന്നവരെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്നു. രാഷ്ട്രത്തിന്റെ ദേശീയ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിക്കാന്‍ മാത്രമുള്ള സ്വാധീനം വോട്ടു ബാങ്ക് രാഷ്ട്രീയത്തിനുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അടുത്തിടെ ആസാമിലുണ്ടായ സംഘര്‍ഷങ്ങള്‍ ഏതെങ്കിലും സാമുദായിക കലാപമായിരുന്നില്ല, മറിച്ച് തദ്ദേശീയരും വിദേശികളും തമ്മിലുള്ള സംഘര്‍ഷമായിരുന്നു. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: