കാക്കനാടന്റെ വിയോഗദുഃഖത്തിന് ഒരു വയസ്. മലയാളത്തിന്റെ കഥാസൗരഭ്യമായിരുന്ന ജോര്‍ജ്ജ് വര്‍ഗീസ് കാക്കനാടന് നമ്മോട് യാത്ര പറഞ്ഞത് 2011 ഒക്ടോബര്‍ 19നാണ്. ഉറവ വറ്റാത്ത ആ ‘സ്നേഹതടാകം’ ഭൗതികമായി നമ്മില്‍ നിന്നും അകന്നു പോയെങ്കിലും മൗലികമായ സര്‍ഗശക്തിയുടെ ഗാംഭീര്യമായി സാഹിത്യസംസ്കൃതിയില് നിലകൊള്ളുന്നു. സാഹിത്യരംഗത്ത് വിസ്മയങ്ങളും വിസ്ഫോടനങ്ങളും സൃഷ്ടിച്ച സ്നേഹ പ്രവാചകന്റെ സാഹിതീലോകത്തിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തുന്നത് സ്മര്യപുരുഷന്റെ സാഹിത്യ സംഭാവനയ്ക്കുള്ള ഉണര്‍ത്തുപാട്ടായിരിക്കും.
കഥാസാഹിത്യത്തിന്റെ നാലാം തലമുറയെന്ന് നിരൂപകന്മാരില്‍ ചിലര്‍ വിശേഷിപ്പിച്ച ഒരു കാലഘട്ടത്തിന്റെ ഊര്ജ്ജ്വസിയായിരുന്ന വക്താവാണ് കാക്കനാടന്. ഒരു തലമുറയുടെ ഭാവപ്രപഞ്ചം ആ കഥകളുടെ ജീവധാരയായിരുന്നു. ജീവിതമാണ് കഥയില്‍ വേണ്ടതെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഒരേടില്‍ ഒതുങ്ങുന്നതല്ല അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജന്മസത്യം.
കാക്കനാടന്റെ കഥകളില്‍ ജീവിതം ഒരുറക്കെ കരച്ചിലല്ല, കഠിന ചിന്തയുമല്ല. അനുഭവങ്ങള്‍ നീറിപ്പിടിക്കുമ്പോഴാണ് അവ തികട്ടി വരുന്നത്. അനുഭവങ്ങളെ കണ്ണീരൊലിപ്പിക്കാതെ നൊമ്പരമായി വളര്‍ത്തുമ്പോള്‍ കാക്കനാടന്റെ സൃഷ്ടികള്‍ നമ്മുടെ ചിന്തയെ മഥിക്കുന്നു. ജീവിതത്തിന്റെ ചുറ്റുവട്ടത്തു നിന്നോ സ്വാനുഭവത്തിന്റെ രൂപഭേദങ്ങളില്‍ നിന്നോ രൂപം കൊണ്ടവരാണ് കാക്കനാടന്റെ കഥാപാത്രങ്ങളെല്ലാം തന്നെ. ഹൃദയത്തിന്റെ വക്കോളം നുരഞ്ഞു പതയുന്നതാണ് ആ കഥകളിലെ ഭാവതീവ്രത.
മലയാള ചെറുകഥ പൂര്‍ണമായും കവിതയുടെ സ്വര്‍ഗവാതില്‍ തുറന്നത് കാക്കനാടന്റെ ചില കഥകളിലൂടെയാണ്. വാസ്തവത്തില്‍ അദ്ദേഹം കവിതയെഴുതാന്‍ മറന്നുപോയ കഥാകൃത്താണ്. ഭാഷയ്ക്ക് പുതിയ അര്‍ത്ഥവും സംവേദനക്ഷമതയും അദ്ദേഹം കണ്ടെത്തി. സത്യത്തെയും സൗന്ദര്യത്തെയും കുറിച്ചുള്ള സങ്കല്‍പ്പങ്ങളെ ഉടച്ചുവാര്‍ത്തുകൊണ്ട് അദ്ദേഹം സൃഷ്ടിച്ച മൂര്‍ച്ചയേറിയ ഭാഷ മലയാളത്തിന്റെ വരമായി. അതേ, ആധുനിക മലയാള കഥയുടെ രാജശില്പിയാണ് കാക്കനാടന്.
ജീവിതത്തിന്റെ നിഗൂഢതകളിലേക്കുള്ള അന്വേഷണം ശക്തി ഉപാസനയിലേക്കും സൗന്ദര്യ ലഹരിയിലേക്കും തിരിയുന്നത് ‘ശ്രീചക്രം’ എന്ന പ്രസിദ്ധ കഥയില്‍ കാണാം. കാക്കനാടന് എന്ന കഥാകാരന് കാക്കനാടന് എന്ന നോവലിസ്റ്റിനേക്കാള്‍ വലിയ കലാകാരനായി വര്‍ത്തിക്കുന്നത് ഇത്തരം കഥകളിലൂടെയാണ്.
മൂര്ദ്ധന്യഘട്ടത്തിന് മുന്‍പ് ചിലപ്പോഴെങ്കിലും ഉണ്ടാകുന്ന പൊട്ടിത്തെറി നോവല്‍ എന്ന വിശാലമായ കാന്വാസിലാകുമ്പോള് ധൂമാകുലമായ സാന്ദ്രതയാണ് സൃഷ്ടിക്കുക. അതുകൊണ്ടാണ് കാക്കനാടന് എന്ന കഥാകൃത്ത് വലിയ കലാകാരനായി വര്‍ത്തിക്കുന്നത്.
കുട്ടിക്കാലം മുതലെ എഴുതുമായിരുന്നു. എഴുതുന്നത് വലിച്ചുകീറിക്കളയും. കൊല്ലം എസ്എന്‍ കോളേജില്‍ ബിഎസ്സിക്ക് പഠിക്കുമ്പോഴാണ് ആദ്യകഥ വെളിച്ചം കണ്ടത്. കെ. ബാലകൃഷ്ണന്റെ കൗമുദി വാരികയിലായിരുന്നു ‘സോജാ രാജകുമാരി’ എന്ന ആദ്യകഥ പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് കൊല്ലത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന ദേശബന്ധുവില്‍ രണ്ടു കഥകള്‍ എഴുതി. കാക്കനാടന് എന്ന പേരില്‍ ആദ്യം കഥയെഴുതിയത് ജനയുഗം വാരികയിലാണ്. ജനയുഗത്തില്‍ എഴുതിയ ദേവദാസി, ഇരുട്ടിന്റെ വെളിച്ചം എന്നീ കഥകള്‍ കാക്കനാടന്റെ സര്‍ഗവൈഭവം വെളിച്ചത്തു കൊണ്ടുവന്നു. 61ലെ മാതൃഭൂമി ഓണപ്പതിപ്പില്‍ ‘കാലപ്പഴക്കം’ കഥയെഴുതിയതോടെ ശ്രദ്ധേയനായി. സ്ഥിരമായി മാതൃഭൂമിയില്‍ കഥകള്‍ വന്നതോടെ സാധാരണക്കാരുടെ ആസ്വാദന- വിമര്‍ശനങ്ങളിലൂടെ കാക്കനാടന് യുവകഥാകൃത്തുക്കളുടെ മുന്‍ നിരയില്‍ സ്ഥാനം നേടി. പിന്നീടങ്ങോട്ട് ആ സര്‍ഗവൈഭവം പൂത്തുലയുകയായിരുന്നു. ഒട്ടേറെ ചെറുകഥകള്‍ക്ക് പുറമെ വസൂരി, ഏഴാം മുദ്ര, ഉഷ്ണമേഖല, അജ്ഞതയുടെ താഴ്വര, കോഴി, പറങ്കിമല, അടിയറവ്, ഈ നായ്ക്കളുടെ ലോകം എന്നീ നോവലുകള്‍ പുറത്തു വന്നു. ഇതില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതും വിവാദ വിഷയമായതും ‘ഉഷ്ണമേഖലയാണ്’. ഈ നോവലിനെക്കുറിച്ച് പറയുമ്പോള്‍ കാക്കനാടന് വാചാലനാകുമായിരുന്നു: കമ്മ്യൂണിസ്റ്റുകാരുടെ നല്ലകാലവും അപചയവും ഉഷ്ണമേഖലയില്‍ വിഷയീഭവിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പൂര്‍ണമായി വിശ്വസിച്ച് അതിനുവേണ്ടി ജീവന് പണയപ്പെടുത്താന്‍ തയാറായ ശിവന്‍കുട്ടിയെന്ന ചെറുപ്പക്കാരന് വീട്ടിലെ പ്രാരാബ്ധങ്ങള്‍ മൂലം പാര്‍ട്ടിയില്‍ നിന്നും അനുവാദം വാങ്ങി ഉദ്യോഗത്തിന് പോയിട്ട് നാട്ടില്‍ വരുമ്പോള്‍ പാര്‍ട്ടിക്കുണ്ടായ അപചയം കണ്ട് അസ്തപ്രജ്ഞനാകുകയാണ്. 1957ലെ ഇഎംഎസ് മന്ത്രിസഭയിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ സെല്‍ ഭരണം പാര്‍ട്ടിയുടെ മതിപ്പ് കുറച്ചു. ഭരണം കിട്ടിയപ്പോള്‍ പലരുടെയും സ്വഭാവം മാറി. ആത്മാര്‍ത്ഥതയുള്ള പല പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടു. അധികാരം കൊണ്ട് കണ്ണില്‍ ഇരുട്ടു കയറിയ പഴയ സഖാക്കളെയാണ് ശിവന്‍കുട്ടിക്ക് കാണാന്‍ കഴിഞ്ഞത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുപ്പമുള്ള കുടുംബമായിരുന്നു കാക്കനാടന്റേത്. അമ്മ പട്ടിണി കിടക്കുന്നതും സഖാക്കള്‍ക്ക് ചോറുകൊടുക്കുന്നതുമൊക്കെ കാക്കനാടന് ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. മാര്‍ക്സിന്റെ സാമ്പത്തിക പദ്ധതിയില്‍ ശരികളുണ്ടാകാം, പക്ഷേ എല്ലാ കാര്യങ്ങളിലും അദ്ദേഹം അവസാന വാക്കാണെന്ന് അദ്ദേഹം പോലും പറഞ്ഞിട്ടില്ല.
കാക്കനാടന്റെ കാഴ്ചപ്പാടിലുണ്ടായ ആദ്യത്തെ മൗലീകമായ വ്യതിയാനം 1963ലാണ്. ആ വര്‍ഷാവസാനമാണ് ‘കുമിളകള്‍’ പുറത്തു വന്നത്. മലയാള സാഹിത്യത്തില്‍ ഒരു കൊടുംകാറ്റ് വിതറിയ ആധുനികതയുടെ ചരിത്രം ഗവേഷണ വിഷയമാക്കുന്ന ഒരാള്‍ക്ക് 1962-63 വര്‍ഷങ്ങളുടെ പ്രാധാന്യം അവഗണിക്കാന്‍ കഴിയില്ല. പാരമ്പര്യ വിരുദ്ധമായ ഒരു ജീവിത വീക്ഷണം ഈ കാലത്ത് ഇവിടെ രൂപംകൊള്ളാന്‍ തുടങ്ങിയിരുന്നു. നെടുവീര്‍പ്പുകള്‍ക്കു പകരം മനംപുരട്ടലും അതിന്റെ തീഷ്ണ ഭാവങ്ങളും ഇത്തരം കഥകളില്‍ നിറഞ്ഞു നിന്നു. എന്നാല്‍ സ്വാര്ത്രിനെപ്പോലെ ഈ മനംപുരട്ടലുമായി അങ്ങ് ജീവിക്കാനല്ല കാക്കനാടന് ഇഷ്ടപ്പെടുന്നത്. നശിച്ച പാറ്റകളെ നശിപ്പിക്കാനുള്ള തീരുമാനം താല്‍ക്കാലികമായെങ്കിലും എടുക്കുന്നിടത്താണ് കുമിളകള്‍ അവസാനിക്കുന്നത്.
1963ലെ അഭയാര്‍ത്ഥികള്‍, ഹര്‍ക്കിഷന്‍ ലാല്‍സൂദ് (1964), പിശാച് (1964) തുടങ്ങിയ കഥകളും രണ്ടാം ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു. കുമിളകളുടെ തീഷ്ണമായ സ്വരവും ഭാഷകളും ഇഴയടുപ്പവും അഭയാര്ത്ഥികള്ക്കില്ല. അഭയസ്ഥാനം തിരഞ്ഞുകൊണ്ടുള്ള പരാക്രമം പിടിച്ച പാച്ചിലല്ലേ ജീവിതം മുഴുവന്‍ എന്ന ചോദ്യമാണ് അഭയാര്‍ത്ഥികളില്‍ നാം മുഴങ്ങിക്കേള്‍ക്കുന്നത്. അഭയാര്‍ത്ഥികളുടെ പ്രശ്നം ഒരര്‍ത്ഥത്തില്‍ എല്ലാവരുടെയും സമസ്യയായി മാറുന്നുവെന്നതാണ് കഥയുടെ കാതല്‍. ‘ശക്തിസ്വരൂപിണിയായ സ്ത്രീ’ എന്ന കാക്കനാടന്റെ പ്രിയപ്പെട്ട സങ്കല്പത്തിന്റെ ഒരപൂര്‍വ മാതൃകയാണ് ഫിലോമി. ഒറോത എന്ന നോവലിലെ ഒറോതയിലും ഉഷ്ണമേഖലയിലെ തെരേസയിലും മറ്റും ഈ ശക്തിസ്വരൂപിണിയെ വീണ്ടും കാണാം. അവസരവാദിയായ യൂണിയന് നേതാവിന്റെ ഒരു ഹാസ്യചിത്രവും ഫിലോമിന എന്ന കഥയിലുണ്ട്. സ്വാര്‍ത്ഥ മാത്രരും കപടാഭിനയക്കാരുമായ കുറേ നേതാക്കന്മാരാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയത്തിന് പ്രധാന കാരണക്കാരെന്ന കാഴ്ചപ്പാട് ഉഷ്ണമേഖലയ്ക്ക് മുമ്പും കാക്കനാടന് കൊണ്ടുനടന്നിരുന്നുവെന്ന് ഫിലോമിന വ്യക്തമാക്കുന്നു.
അറബിക്കഥകളില്‍ ഒരു സുന്ദരിയുണ്ട് അവള് വല്ലപ്പോഴുമേ ചിരിക്കു. പക്ഷേ ചിരിക്കുമ്പോഴൊക്കെ മുത്തുകള്‍ പൊഴിയും. കാക്കനാടന് എന്ന എഴുത്തുകാരന് സൂകര പ്രസവം പോലെ കഥയും നോവലും പടച്ചുവിടുന്നതില്‍ തല്‍പ്പരനായിരുന്നില്ല. അദ്ദേഹത്തിന്റെ ചെറുകഥകളും നോവലുകളും എണ്ണത്തില്‍ കുറവാണെങ്കിലും ആധുനിക മലയാള സാഹിത്യത്തിലെ വിലപ്പെട്ട മുത്തുകളാണ്. ഈ മുത്തുകള്‍ കാലാതിവര്‍ത്തികളായി തിളങ്ങി നില്ക്കുന്നവയാണ്.
അതില്പരം ഈ മഹാപ്രതിഭയ്ക്ക് അനുസ്മരണമായി എന്തുവേണം? എഴുത്തുകാരുടെ രംഗത്ത് എല്ലാവരേയും സ്നേഹിച്ച എല്ലാവരും സ്നേഹിച്ച ഒരു കഥാകാരന് മലയാളത്തില്‍ കാക്കനാടന് പകരം കാക്കനാടന് മാത്രം. അദ്ദേഹം ആര്‍ക്കും സ്വന്തമല്ല. എല്ലാവര്ക്കും സ്വന്തമാണ്. ആ സുഹൃദ്ബന്ധത്തിന്റെ ഓര്‍മ്മയ്ക്ക് മുമ്പില്‍ ഒരായിരം അര്‍ച്ചനാ പുഷ്പങ്ങളോടെ വിടപറയട്ടെ.
കല്ലട ഷണ്മുഖന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: