ജലാന്റര്: അനധികൃത ഭൂമിയിടപാടില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിക്കെതിരെ ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗത്താല രംഗത്തെത്തി. 2008 മാര്‍ച്ചില്‍ ഹസന്പൂര് ഗ്രാമത്തില്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ തുകയക്ക് രാഹുല്‍ സ്ഥലം വാങ്ങിയെന്നാണ് ആരോപണം. 6.5ഏക്കര്‍ സ്ഥലമാണ് രാഹുല്‍ വാങ്ങിയത്. ഈ കാലയളവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച മതിപ്പുവില ഏക്കറിന് 8 ലക്ഷം രൂപയായിരുന്നു . വിപണി വില ഏക്കറിന് 35 ലക്ഷത്തിന് മുകളിലുമായിരുന്നു. എന്നാല്‍ ഏക്കറിന് 1.5 ലക്ഷം രൂപയ്ക്കാണു രാഹുല്‍ സ്ഥലം വാങ്ങിയത്. ഇതുമൂലം സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ സര്‍ക്കാറിന് വന്‍ തുക നഷ്ടമായി. ഇതേക്കുറിച്ച് സുപ്രീംകോടതി സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹരിയാനയില്‍ കുറഞ്ഞ വിലയ്ക്കു ഭൂമി വാങ്ങാന്‍ റോബര്‍ട്ട് വധേരയ്ക്ക് മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ വന്‍ സഹായം ചെയ്തുകൊടുത്തൂവെന്നും അദ്ദേഹം ആരോപിച്ചു. 1981 ല്‍ ദളിതര്‍ക്കായി നല്കിയ ഭൂമി വധേര തട്ടിയെടുത്തുവെന്നും ചൗത്താല ആരോപിച്ചു. ഹസന്പൂര് ഗ്രാമത്തിലെ ദളിത് കുടുംബങ്ങളില്‍ നിന്നും 30 ഏക്കര്‍ ഭൂമിയാണ് വധേരയുടെ കമ്പനി തട്ടിയെടുത്തതെന്നും ഇക്കാര്യങ്ങളും അന്വേഷിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2008-2009 കാലയളവില്‍ വധേര എട്ടോളം ഭൂമി ഇടപാടുകള്‍ നടത്തി. ഇതേ ഗ്രാമത്തില്‍ നിന്നും 74 ഏക്കര്‍ ഭൂമിയാണ് വധേര അനധികൃതമായി തട്ടിയെടുത്തതെന്നും ഇതിന്റെ രേഖകള്‍ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോടിക്കണക്കിന് രൂപയുടെ ഭൂമിയാണ് ഇത്തരത്തില്‍ വധേര വാങ്ങിക്കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തനിക്കതിരായ ആരോപണം രാഹുല്‍ നിഷേധിച്ചു. അടിസ്ഥാനമില്ലാത്തതും തന്നെ താറടിച്ച് കാണിക്കാനുമുള്ള നീക്കമാണിതെന്നും രാഹുല്‍ പ്രതികരിച്ചു. 2008 മാര്‍ച്ച് മൂന്നിന് ഏക്കറിന് 4.10 ലക്ഷം രൂപ നല്‍കിയാണ് സ്ഥലം വാങ്ങിയത്. 1.58 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ സര്‍ക്കാരിലേക്ക് അടച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാഹുല്‍ഗാന്ധിക്കെതിരായ ലൈംഗികാരോപണകേസ് സുപ്രീം കോടതി തള്ളി. പരാതിക്കാരനായ കിഷോര്‍ സമൃതിനെതിരെ 10 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. രാഹുലിനെതിരെ മതിയായ തെളിവുകളില്ലെന്ന് കോടതി കണ്ടെത്തി. പരാതി കള്ളക്കേസാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. ബി.എസ് ചൗഹാന്, സ്വതന്ത്രകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇല്ലാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്കിയ സമാജ്വാദി പാര്‍ട്ടി നേതാവ് കൂടിയായ കിഷോറിന് പിഴ വിധിച്ചത്. പിഴ തുകയില്‍ അഞ്ച് ലക്ഷം രൂപ രാഹുല്‍ ഗാന്ധിക്കും അഞ്ച് ലക്ഷം പെണ്‍കുട്ടിക്കും മാതാപിതാക്കള്‍ക്കും നല്‍കണമെന്നാണ് കോടതി വിധി. പരാതിക്കാരനെതിരെ സിബിഐ അന്വേഷണം തുടരുമെന്നും കോടതി പറഞ്ഞു.
2006 ഡിസംബര്‍ മൂന്നിന് ഉത്തര്‍പ്രദേശിലെത്തിയ രാഹുല്‍ ഗാന്ധിയും ആറ് സുഹൃത്തുക്കളും ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഒരു വെബ്സൈറ്റിലെ വാര്‍ത്തയെ തുടര്‍ന്നാണ് കിഷോര്‍ പരാതി നല്‍കിയത്. നേരത്തെ അലഹബാദ് ഹൈക്കോടതിയും പരാതി തള്ളിയിരുന്നു. പരാതിക്കാരനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി അമ്പത് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
അതേസമയം, റോബര്‍ട്ട് വധേരയുടെ അനധികൃത ഭൂമി ഇടപാട് റദ്ദാക്കി അന്വേഷണത്തിന് ഉത്തരവിട്ട തന്റെ നടപടിയില്‍ തെറ്റുണ്ടായിരുന്നുവെങ്കില്‍ ഹരിയാന സര്‍ക്കാര്‍ കോടതിയെ സമീപിക്കണമായിരുന്നുവെന്ന് ഐ എഎസ് ഉദ്യോഗസ്ഥന് അശോക് കെംകെ പറഞ്ഞു. ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വധേരയുടെ ഭൂമിയിടപാടുകള്‍ കെംകെ റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കെംകെയെ സ്ഥലം മാറ്റിയത്.
അടുത്തിടെയുണ്ടായ വിവാദങ്ങള്‍ക്കുശേഷം ഇന്നലെ ഹരിയാന ചീഫ് സെക്രട്ടറി പി.കെ ചൗധരിയെ കെംകെ കണ്ടു. 50 മിനിറ്റോളം നീണ്ടുനിന്ന ചര്‍ച്ചയില്‍ അദ്ദേഹത്തിന്റെ സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. വധേരയുമായി ബന്ധപ്പെട്ട തന്റെ നടപടികളില്‍ യാതൊരു തെറ്റും സംഭവിച്ചിട്ടില്ല. ഏതെങ്കിലും തരത്തില്‍ തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ സര്‍ക്കാരിനോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ തനിക്കെതിരെ കോടതിയില്‍ പോകാമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലം മാറ്റിയ നടപടിയില്‍ ചീഫ് സെക്രട്ടറി തന്ന വിശദീകരണത്തില്‍ താന്‍ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റോബര്‍ട്ട് വധേരയും പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായ ഡി എല്എഫുമായി ബന്ധപ്പെട്ട 58കോടിയുടെ ഭൂമി ഇടപാടുകള്‍ നേരത്തെ റദ്ദാക്കിയതാണെന്നും എന്നാല്‍ വധേരയുടെ പേരില്‍ തന്നെയാണ് ലൈസന്‍സ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും ഹരിയാന സര്‍ക്കാര്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച്ചയാണ് ഇടപാട് റദ്ദാക്കിയത്. അശോക് കെംകെയുടെ നിര്‍ദ്ദേശപ്രകാരമാണ് കഴിഞ്ഞമാസം രജിസ്ട്രേഷനുകള്‍ റദ്ദാക്കിയതെന്ന് നഗരവികസന മന്ത്രാലയം ഉദ്യോഗസ്ഥന് ടി.സി ഗുപ്ത പറഞ്ഞു. രജിസ്ട്രേഷന് റദ്ദാക്കിയതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഭൂമിയുടെ ലൈസന്‍സ് ഡിഎല്‍എഫിന് കൈമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വധേരയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. വധേരയുമായി ബന്ധപ്പെട്ട ഇടപാടുകളെ ന്യായീകരിക്കാനാണ് അദ്ദേഹം തയ്യാറായത്. ഇടപാടുകളുമായി ബന്ധപ്പെട്ട് കെംകെ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: