ശക്തി. അതാണ് വേണ്ടത്. ഉപനിഷത്തുക്കളിലെ ഓരോ പേജും വിളിച്ചറിയിക്കുന്നത് അതാണ്. എപ്പോഴും ഓര്മിക്കപ്പെടേണ്ടതുമാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠവുമാണത്. അല്ലയോ സഹോദരന്മാരെ, ഒരിക്കലും നിങ്ങള്‍ ദുര്ബലരാകാതിരിക്കുക. ശക്തരായിരിക്കാന്‍ ഉപനിഷത്തുകള്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ലോകത്തൊരു സാഹിത്യത്തിലും ഇത്രമാത്രം തറപ്പിച്ച് ഈ വാക്ക് പറഞ്ഞിട്ടില്ല. നിര്ഭയരാകൂ… ഈ വാക്ക് വീണ്ടും വീണ്ടും നിങ്ങള്‍ക്ക് ഉപനിഷത്തില്‍ കാണാം.
ഈ അവസരത്തില്‍ വളരെ മുമ്പ് നടന്ന ഒരു കാര്യം എനിക്ക് ഓര്മ വരുന്നു. അതുല്യനായ ചക്രവര്‍ത്തി അലക്സാണ്ടര്‍ യുദ്ധത്തില്‍ സര്‍വരെയും പരാജയപ്പെടുത്തി കടന്നുവരുന്നു. അദ്ദേഹം സിന്ധുനദീതീരത്തെത്തി. അവിടെ കാനനവാസിയായ നമ്മുടെ ഒരു സന്ന്യാസിയെ കണ്ടുമുട്ടി. അധനഗ്നനും ക്ഷീണിതനുമായ ആ സന്ന്യാസിയോട് അദ്ദേഹം സംസാരിച്ചു. അദ്ദേഹം ഒരു പാറയുടെ പുറത്ത് ഇരിക്കുകയാണ്. ചക്രവര്‍ത്തി സന്ന്യാസിയുടെ ബുദ്ധിയില്‍ അത്യധികം ആശ്ചര്യഭരിതനായി. ഒരു വലിയകാര്യം നേടിയമട്ടില് ചക്രവര്‍ത്തി പാവപ്പെട്ട ആ സന്യാസിയെ തന്റെ രാജ്യമായ ഗ്രീസിലേക്ക് ക്ഷണിച്ചു. സ്വര്‍ണങ്ങളും പണ്ടങ്ങളും എന്നുവേണ്ട സകലതും നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. അതുകേട്ട് സന്ന്യാസി ചിരിച്ചുകൊണ്ട് അനുനയരൂപത്തില്‍ ആ സ്വീകരണം നിരാകരിച്ചു.
അപ്പോള്‍ കോപാകുലനായ ചക്രവര്‍ത്തി പറഞ്ഞു, ‘നിങ്ങള്‍ വന്നില്ലെങ്കില്‍ ഞാന്‍ കൊന്നുകളയും.’ അര്‍ധനഗ്നനായ സന്ന്യാസി ഒന്നു പൊട്ടിച്ചിരിച്ചു. എന്നിട്ടു പറഞ്ഞു: ‘അല്ലയോ ഭൗതിക ലോകത്തിന്റെ ചക്രവര്‍ത്തി, നിങ്ങളുടെ ജീവിതത്തില്‍ ഇത്തരത്തിലൊരബദ്ധം ഇതിനുമുമ്പ് പറഞ്ഞിട്ടുണ്ടാവില്ല. നിനക്ക് എന്നെയോ എനിക്ക് നിന്നെയോ കൊല്ലാന്‍ കഴിയുമോ? ഒരിക്കലും സാധ്യമല്ല. ഞാന്‍ നശിക്കാത്തതും ജനിച്ചിട്ടില്ലാത്തതുമായ ആത്മാവാണ്. ഞാന്‍ ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല. ഞാന്‍ അനന്തവും സര്‍വവ്യാപിയുമാണ്. നിനക്കെന്നെ കൊല്ലാന്‍ കഴിയുമോ? കഷ്ടം! ഒരു കൊച്ചുകുഞ്ഞാണ് നീ!…’
അതാണ് ശക്തി…! അജയ്യമായ ശക്തി….!! എന്റെ സുഹൃത്തുക്കളെ…. ഞാന്‍ ഉപനിഷത്ത് വായിക്കുമ്പോള്‍ നിങ്ങളെ ഓര്‍ത്തുപോകുന്നു. നിങ്ങളെ ഓര്‍ത്ത് ഞാന്‍ വേദിക്കുന്നു. നിങ്ങള്‍ക്ക് ശക്തിവേണം. നമ്മള്‍ക്ക് വേണ്ടത് അതുമാത്രമാണ്. ആര് നമുക്ക് പകര്‍ന്നുതരും? നമ്മളെ ദുര്‍ബലപ്പെടുത്താനുള്ള പലതും ഇവിടെയുണ്ട്. കഥകളും മറ്റും നമ്മെ തളര്‍ത്തുന്നു. കഥകള്‍ ഇവിടെ ധാരാളമായിട്ടുണ്ട്. എന്നാല്‍ അതൊക്കെ ഭീരുത്വത്തിലേക്കുള്ള ചൂണ്ടുപലകകളാണ്…
സ്നേഹിതരേ, നിങ്ങളോടൊപ്പം ജനിക്കുകയും മരിക്കുകയും ചെയ്യുന്നവനെന്നുള്ള നിലയില്‍ നിങ്ങളുടെ രക്തമെന്നുള്ള നിലയില്‍ എന്നെ ഒരു കാര്യം പറയുവാന്‍ അനുവദിക്കൂ… നമ്മള്‍ക്ക് എന്താണ് വേണ്ടത്? ശക്തി. അതിലൂടെ നമ്മള്‍ക്ക് ലോകത്തെ ഉണര്‍ത്താം. ഉപനിഷത്തുകള്‍ പറയുന്നു. കഷ്ടപ്പെടുന്നവരേ, പീഡിതരേ, അശരണരേ നിങ്ങള്‍ നിങ്ങളുടെ ശക്തിയില്‍ ഉറച്ചുനില്ക്കുക. എന്നിട്ടു സ്വതന്ത്രരാകുക. എല്ലാം നിങ്ങള്‍ക്ക് ലഭിക്കും. ശാരീരികവും മാനസികവും ആത്മീയവുമായ സ്വാതന്ത്ര്യം; അതാണാവശ്യം. അതാണ് ഉപനിഷത്തുകള്‍ നമ്മള്‍ക്ക് നല്കുന്ന സന്ദേശവും.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: