ലക്നോ: കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദിനെതിരായ അഴിമതി ആരോപണത്തില്‍ വാര്‍ത്തകള്‍ പുറത്തുവിട്ട ആജ് തഖ് ടെലിവിഷന്‍ ചാനലിനോട് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ച് നിര്‍ദേശിച്ചു.
ഖുര്‍ഷിദിന്റെയും ഭാര്യ ലൂയിസ് ഖുര്‍ഷിദിന്റെയും നേതൃത്വത്തിലുളള എന്‍ജിഒ സംഘമായ ഡോ. സക്കീര്‍ ഹുസൈന് മെമ്മോറിയല്‍ ട്രസ്റ്റിന്റെ മറവില്‍ ഇരുവരും സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. വിവരാവകാശ പ്രവര്‍ത്തകനായ നുഥാന്‍ ഥാക്കൂര്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസുമാരായ ഉമാ നാഥ് സിംഗും സതീഷ് ചന്ദ്രയും അടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നടപടി.
സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കണമെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ ട്രസ്റ്റിന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പൊതുതാല്പര്യ ഹര്‍ജിയിലെ ആവശ്യം. ഒരു വ്യക്തിയെ മോശമായി ചിത്രീകരിക്കാന്‍ വേണ്ടി നല്കിയ വ്യാജ ഹര്‍ജിയാണിതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വിവേക് താന്കെയുടെ വാദം.
ഒക്ടോബര്‍ 30 ന് ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: